Sunday, August 2, 2015

Cat Soup aka Nekojiru Sou Movie Review

Cat Soup Poster
ക്യാറ്റ് സൂപ്പ് (Cat Soup aka Nekojiru Sou, 2003, Japanese)
നെകോജിരുവിന്റെ Nekojiru Udon എന്ന mangaയെ ആസ്പദമാക്കി നിര്‍മ്മിച്ച ജാപ്പനീസ് അനിമേഷന്‍ ഹ്രസ്വചിത്രമാണ് Cat Soup. 34 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം surreal fantasy സിനിമകളുടെ ഗണത്തില്‍ മികച്ചുനില്‍ക്കുന്ന ഒന്നാണ്.
ന്യാറ്റ എന്ന പൂച്ചക്കുഞ്ഞിന് ബാത്ത്ടബ്ബില്‍ തലമുക്കി കിടക്കുമ്പോള്‍ ചില ദര്‍ശനങ്ങള്‍ ഉണ്ടാവുന്നു. രോഗബാധിതയായി കിടക്കുന്ന തന്റെ മൂത്തസഹോദരി ന്യാക്കോയെ ജപ്പാന്‍കാരുടെ യമദേവനായ ജിസോവു കൊണ്ടുപോവുന്നതായി കണ്ട ന്യാറ്റ തന്റെ ചേച്ചിയുടെ ആത്മാവിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ആത്മാവിന്റെ ഒരു ഭാഗം മാത്രം ന്യാറ്റയ്ക്ക് കിട്ടുന്നു. ആത്മാവിന്റെ ബാക്കിഭാഗവുമായി പോവുന്ന ജിസോവു ചേച്ചിയുടെ മുഴുവന്‍ ആത്മാവും തിരികെ ലഭിക്കാന്‍ ഒരു പ്രത്യേകപൂവ് നേടണം എന്ന ക്ലൂ കൊടുത്തുകൊണ്ട് അപ്രത്യക്ഷനാവുന്നു. തിരികെ യഥാര്‍ത്ഥലോകത്തേക്ക് വന്ന ന്യാറ്റ തന്റെ കയ്യില്‍ ചേച്ചിയുടെ ആത്മാവിന്റെ ഒരു ഭാഗം കാണുന്നു. അതുംകൊണ്ട് ന്യാറ്റ മരിച്ചുകിടക്കുന്ന ചേച്ചിയുടെ അടുത്തേയ്ക്ക് പോവുകയും, ആത്മാവിന്റെ ഭാഗം ചേച്ചിയുടെ മൂക്കിലൂടെ ശരീരത്തിലേക്ക് കയറിപ്പോവുകയും ചെയ്യുന്നു. അതോടെ മരിച്ചുകിടന്നിരുന്ന ന്യാക്കോ ഉണരുന്നു, പക്ഷേ ജീവനുണ്ടെങ്കിലും ന്യാക്കോയ്ക്ക് വികാരങ്ങളൊന്നും ഇല്ല. ന്യാക്കോയുടെ ബാക്കി ആത്മാവിനെ കണ്ടെത്താനായി ന്യാറ്റയും ന്യാക്കോയും ചേര്‍ന്ന് ഒരു യാത്ര പോവുന്നു. ന്യാറ്റയ്ക്ക് തന്റെ ചേച്ചിയുടെ ആത്മാവിന്റെ ബാക്കിഭാഗത്തെ തിരികെനേടാന്‍ ആകുമോ? എന്തൊക്കെ പ്രതിബന്ധങ്ങള്‍ ആണ് ആ യാത്രയില്‍ അവരെ കാത്തിരുന്നത്? ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ ചിത്രം നല്‍കുന്നു.
ഭയങ്കരമായൊരു മായികലോകത്തെയ്ക്കാണ് ചിത്രം നമ്മെ കൊണ്ടുപോവുന്നത്. അറിയാതെ ചിത്രത്തില്‍ ലയിച്ചിരുന്നുപോവുകയും, ന്യാറ്റയുടെയും ന്യാക്കോയുടെയും യാത്രയില്‍ പങ്കാളികള്‍ ആവുകയും ചെയ്യുന്നു പ്രേക്ഷകര്‍. നല്ലൊരു മൂഡില്‍ ഇരുന്നുകാണുകയാണെങ്കില്‍ ആ മായികലോകത്തിലൂടെ ഒരു യാത്രചെയ്തതിന്റെ അനുഭൂതി മനസ്സില്‍ ഉണരുന്നതാണ്. രണ്ടാംലോകമഹായുദ്ധത്തെക്കുറിച്ചും ജപ്പാനിലെ രാഷ്ട്രീയാവസ്ഥയെക്കുറിച്ചും മറ്റും ധാരാളം രഹസ്യസൂചനകള്‍ ചിത്രത്തില്‍ ഉടനീളം ഉണ്ടെന്ന് IMDB message boards പറയുന്നു. അക്കാര്യങ്ങള്‍ എനിക്ക് ഏറെയൊന്നും മനസ്സിലായില്ലെങ്കില്‍ക്കൂടി ഒരു ഫാന്റസി ചിത്രം എന്ന നിലയില്‍ മികച്ചൊരു അനുഭവമായിരുന്നു ക്യാറ്റ് സൂപ്പ്. കിടിലന്‍ പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. രണ്ടോ മൂന്നോ ഡയലോഗുകളേ ചിത്രത്തിലുള്ളൂ.
ചിത്രത്തിനാസ്പദമായ Nekojiru Udon എന്ന mangaയിലെ കഥാപാത്രങ്ങളായ ന്യാറ്റ, ന്യാക്കോ എന്നീ പൂച്ചക്കുഞ്ഞുങ്ങളെ Tokyo Electric Power Company തങ്ങളുടെ promotional campaignsന് ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും 31കാരിയായ രചയിതാവ് നെകോജിരുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ആ പദ്ധതി വേണ്ടെന്നുവെച്ചിരുന്നു.
ഫാന്റസി ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ മികച്ചൊരു visual treat തന്നെയായിരിക്കും Cat Soup. കാണാന്‍ ശ്രമിക്കുക. സിനിമയുടെ യുട്യൂബ്  ലിങ്ക്  ചുവടെ

No comments:

Post a Comment