Saturday, January 2, 2016

The Beauty Inside Movie Review

ദ ബ്യൂട്ടി ഇന്‍സൈഡ് (The Beauty Inside, 2015, Korean)
കൊറിയന്‍ പരസ്യചിത്രരംഗത്തെ പ്രശസ്തസംവിധായകനായ Baek Jong-yul ആദ്യമായി സംവിധാനം ചെയ്ത feature film ആണ് ദ ബ്യൂട്ടി ഇന്‍സൈഡ്. ഇന്‍റല്‍, തോഷിബ എന്നീ കമ്പനികളുടെ ആഭിമുഖ്യത്തില്‍ 2012 മുതല്‍ ആരംഭിച്ച ഇതേപേരിലുള്ള interactive web seriesല നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. വിചിത്രനായൊരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്.
വൂജിന്‍ എന്ന ചെറുപ്പക്കാരന്‍ ഒരു പ്രത്യേക അവസ്ഥയില്‍ ജീവിക്കുന്നയാളാണ്. ഓരോതവണ ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും അയാള്‍ മറ്റൊരാളായി മാറുന്നു, അതായത് അയാള്‍ക്ക് സ്ഥിരമായൊരു രൂപമില്ല. ഒരുദിവസം അയാള്‍ ഒരു വൃദ്ധനാവാം, അടുത്തനാള്‍ ഒരു യുവതിയാവാം, മറ്റൊരുനാള്‍ ഒരു കുട്ടിയാവാം, അങ്ങനെ അടുത്തദിവസം എന്താവുമെന്ന് ഒരു ഐഡിയയും ഇല്ലാത്ത ജീവിതം. തന്റെ പതിനെട്ടാം പിറന്നാള്‍ മുതലാണ്‌ ഈ അവസ്ഥയില്‍ വൂജിന്‍ എത്തിപ്പെട്ടത്. ഇതുകൊണ്ടുതന്നെ ഒരു സാമൂഹികജീവിതം സാധ്യമല്ലാത്ത വൂജിന് കൂട്ടായുള്ളത് അയാളുടെ അമ്മയും ഒരു സുഹൃത്തും മാത്രമാണ്. അങ്ങനെയുള്ള വൂജിന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക.
Emotionally strong and touching ആയൊരു രീതിയിലാണ് ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കഥാപാത്രങ്ങളുടെ പ്രശ്നങ്ങള്‍ പ്രേക്ഷകന്‍റെകൂടി പ്രശ്നങ്ങളാണെന്ന് പ്രേക്ഷകനുതോന്നിപ്പിക്കും വിധം സംവിധായകന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം കണ്ടുതുടങ്ങിയാല്‍ കുറച്ചുനേരത്തിനകംതന്നെ കഥാഗതിയുടെ ഒരു ഭാഗമാകുന്ന പ്രേക്ഷകന് പിന്നീട് ആകാംക്ഷയോടെയേ ചിത്രം കാണാനാകൂ. ചിത്രത്തില്‍ കൊറിയയിലെ പ്രമുഖനടീനടന്മാര്‍ ഉള്‍പ്പെടെ എണ്‍പതോളം പേരാണ് പ്രധാനകഥാപാത്രമായ വൂജിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇടയ്ക്കിടെ വൂജിന്റെ മുഖം മാറുമെങ്കിലും കഥയില്‍ ഇഴുകിച്ചേര്‍ന്നതിനാല്‍ ഇവരെല്ലാം വേറെവേറെ ആളുകള്‍ ആണെന്ന തോന്നലേ ഉണ്ടായില്ല. മുഖങ്ങള്‍ക്കുമപ്പുറം വൂജിന്‍ എന്ന കഥാപാത്രംതന്നെയാണ് ചിത്രത്തില്‍ നിറഞ്ഞുനിന്നത്. വൂജിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടിയായി വേഷമിട്ട Han Hyo-joo തന്റെ വേഷം അത്യന്തം മനോഹരമാക്കി. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ദൃശ്യങ്ങളും മികച്ചുനിന്നു.
രസകരമായൊരു ആശയം വളരെ മികച്ചരീതിയില്‍ അവതരിപ്പിക്കപ്പെട്ട നല്ലൊരു പ്രണയചിത്രമാണ് ദ ബ്യൂട്ടി ഇന്‍സൈഡ്. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment