Monday, December 28, 2015

Aanmodderfakker Movie Review

ആന്‍മദ്ദര്‍ഫക്കര്‍ (Anmodderfakker, 2014, Dutch)
വളരെ പ്രശസ്തമായൊരു ഇംഗ്ലീഷ് തെറിയുമായി സാമ്യം പുലര്‍ത്തുന്ന പ്രത്യേകതയുള്ള ഒരു ടൈറ്റില്‍ തന്നെയാണ് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ഈ ചിത്രത്തിന് സഹായകമാകുന്നത്. Michiel ten Horn സംവിധാനം ചെയ്ത് Gijs Naber പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ Roos Wiltink, Markoesa Hamer തുടങ്ങിയവരും മറ്റുമുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുപ്പത്തിരണ്ട് വയസ്സായിട്ടും ഉത്തരവാദിത്വബോധമില്ലാതെ ജീവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.
തൈജ്സ് ഭാര്യയെപ്പിരിഞ്ഞ് തന്റെ സുഹൃത്തിന്റെകൂടെ ഒരു വാടകവീട്ടില്‍ ജീവിക്കുന്ന ആളാണ്‌. മുപ്പത്തിരണ്ടുവയസ്സായിട്ടും പല അവസരങ്ങളിലും എങ്ങനെ പെരുമാറണം എന്ന് അറിയാത്ത ഒരാള്‍. ഒരു ഷോപ്പിംഗ്‌ മാളില്‍ ജോലിചെയ്യുന്ന തൈജ്സ് തന്റെ പകുതിയില്‍വെച്ച് നിന്നുപോയ ഡിഗ്രീ മുഴുമിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഒരിക്കല്‍ തന്റെ സഹോദരിയുടെ വീട്ടില്‍ ചെല്ലുന്ന തൈജ്സ് അവിടെ സഹോദരിയുടെ കുട്ടികളെ നോക്കാനായി (babysitting) എത്തിയ ലിസയെ കാണുന്നു. തൈജ്സ്ന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ അര്‍ദ്ധസഹോദരിയായ പതിനാറുകാരി ലിസയുമായി തൈജ്സ് ഒരു relationshipല്‍ പെട്ടുപോകുന്നു. തന്റെ പഠനച്ചെലവുകള്‍ക്കായി വൈകുന്നേരങ്ങളില്‍ babysittingന് പോകുന്ന ലിസയുടെകൂടെ തൈജ്സും പോകാന്‍ തുടങ്ങുകയും മറ്റും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. ഇതിന്റെ ഏറ്റവും വലിയൊരു പ്രത്യേകതയായി എനിക്ക് തോന്നിയത് സംവിധായകന് കഥാപാത്രങ്ങളോടുള്ള സമീപനമാണ്. സാധാരണ ഒട്ടുമിക്ക സിനിമകളിലും തുടക്കത്തില്‍ തലതെറിച്ച ഉത്തരവാദിത്വബോധമില്ലാത്ത ഒരു നായകകഥാപാത്രമാണെങ്കില്‍ക്കൂടി ചിത്രം അവസാനിക്കുമ്പോഴേക്കും ജീവിതാനുഭവങ്ങള്‍കൊണ്ട് അയാളെ മാറ്റിയെടുത്തിട്ടുണ്ടാവും സംവിധായകന്‍. ഇവിടെ അതിനൊന്നും ശ്രമിക്കാതെ ചിത്രത്തിലുടനീളം കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിനുതന്നെ ജീവിക്കാന്‍ അനുവദിച്ചത് വളരെ നന്നായിത്തോന്നി. വ്യത്യസ്തവും പുതുമയേറിയതുമായ പല ഹാസ്യരംഗങ്ങളും മറ്റും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. എന്നിരുന്നാലും ഒരു മുഴുനീള ഹാസ്യചിത്രമല്ല ഇത്, മെല്ലെനീങ്ങുന്ന രസകരമായൊരു ചിത്രമാണ്. രസകരമായൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്.
പ്രധാനനടീനടന്മാര്‍ എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഒട്ടുമിക്ക കഥാപാത്രങ്ങളും എന്തെങ്കിലുമൊക്കെ വിചിത്രസ്വഭാവങ്ങള്‍ ഉള്ളവര്‍ ആയതിനാല്‍ വിചിത്രമായ പല രംഗങ്ങളും ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. പശ്ചാത്തലസംഗീതവും മികച്ചതായിരുന്നു. ആസ്വദിച്ച് കണ്ടിരിക്കാവുന്ന ഒരു നല്ലചിത്രമാണ് ആന്‍മദ്ദര്‍ഫക്കര്‍. കാണാന്‍ ശ്രമിക്കാം.

No comments:

Post a Comment