Tuesday, June 9, 2015

3AM Movie Review

3AM movie poster
3AM (2014, Hindi)
പുലര്‍ച്ചെ മൂന്നുമണി പ്രേതങ്ങളുടെയും ദുരാത്മാക്കളുടെയും happy hoursലെ പീക്ക് ടൈം ആണെന്നാണ്‌ പൊതുവേ horror സിനിമകളില്‍നിന്നുലഭിച്ച അറിവ്. മനുഷ്യര്‍ ഗാഢനിദ്രയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ സമയത്ത് ദുരാത്മാക്കള്‍ സസന്തോഷം അലഞ്ഞുതിരിയുന്നു, അവരുടെ കൈകളില്‍ അകപ്പെടാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്മാരെ നൈസ് ആയി തട്ടുന്നു, ഇത്തരം കലാപരിപാടികള്‍ അനുസ്യൂതം നടക്കുക രാവിലെ മൂന്നുമണിക്ക് ആണത്രേ. പല ഹൊറര്‍ ചിത്രങ്ങളിലും മൂന്നുമണിയ്ക്കും മൂന്നേക്കാലിനും ഇടയിലുള്ള സമയത്ത് നടക്കുന്ന പ്രേതാക്രമണങ്ങള്‍ വിഷയമായിട്ടുണ്ട്. അത്തരത്തിലുള്ള മറ്റൊരു ചിത്രമാണ് 3AM. ഈ ചിത്രത്തില്‍ മൂന്നുമണിയെപ്പറ്റി പറയുന്നതെന്തെന്നാല്‍, യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് 3PMന് ആണത്രേ. അതിനാല്‍ അതിന്റെ എതിര്‍വശമായ 3AMന് ദുഷ്ടശക്തികള്‍ അത്യന്തം ശക്തരാകുന്നുപോലും.
ദുരാത്മാക്കളുടെ ശല്യം ഉണ്ടെന്ന് കരുതപ്പെടുന്നതിനാല്‍ വര്‍ഷങ്ങളായി സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയില്‍ പ്രവേശനം നിരോധിച്ചിട്ടുള്ള രുദ്രാ മില്ലിന്റെ വളപ്പിലേക്ക് നാല് സുഹൃത്തുക്കള്‍ കയറുന്നു. അവിടെവെച്ച് കയ്യില്‍ ക്യാമറയും മറ്റുമുള്ള ഒരാളെ (രണ്‍വിജയ്‌ സിംഗ്) അവര്‍ കണ്ടുമുട്ടുന്നു. അയാള്‍ അവരോട് അയാളുടെ കഥ പറയുന്നു. ഒരു ടിവി ഷോ producer ആയ അയാള്‍ക്ക് ഒരുരാത്രിയില്‍ ഈ മില്ലില്‍ ഒരു പ്രോഗ്രാം ഷൂട്ട്‌ ചെയ്യാനെത്തിയ തന്റെ girlfriendനെ നഷ്ടപ്പെടുന്നു. പിറ്റേന്ന് മില്ലിനുപുറത്ത്  തൂങ്ങിമരിച്ചനിലയില്‍ അയാളുടെ girlfriendനെ കണ്ടെത്തുന്നതോടെ അവിടത്തെ രഹസ്യങ്ങള്‍ അറിയാനായി അയാളും രണ്ട് സുഹൃത്തുക്കളും മറ്റൊരുനാള്‍ അവിടെയ്ക്ക് പോവുന്നതും അവിടെവെച്ച് അവര്‍ നേരിടേണ്ടിവരുന്ന വിപത്തുകളും മറ്റും.
ബ്ലഡ്‌ മണി എന്ന തരക്കേടില്ലാത്ത ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ സംവിധായകന്‍ Vishal Mahadkarന്റെ രണ്ടാമത്തെ സംവിധാനസംരംഭമായിരുന്നു 3AM. Rannvijay Singh, Salil Acharya, Kavin Dave, Anindita Nayar തുടങ്ങിയവര്‍ ആണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാശ്ചാത്യഹൊറര്‍ ചിത്രങ്ങളില്‍നിന്ന് ധാരാളം പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കിലും സ്ഥിരം ഇന്ത്യന്‍ പ്രേതക്ലീഷേ സീനുകള്‍ അധികം ഉള്‍പ്പെടുത്താതെ ഒരു ചിത്രം ഒരുക്കിയ ശ്രമം പ്രശംസനീയമാണ്. വലിയ surprises ഒന്നുമില്ലാതെ മുന്നോട്ടുപോയി, ഇടയ്ക്കൊക്കെ പ്രതീക്ഷ തരികയും, സാധാരണരീതിയില്‍ അവസാനിക്കുകയുമാണ് ചിത്രം. ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമുള്ള ചിത്രത്തിലെ നാലഞ്ച് പാട്ടുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ പ്രേക്ഷകരുടെ മനസ്സില്‍ കുറച്ചുകൂടെ impact സൃഷ്ടിക്കാന്‍ കഴിഞ്ഞേനെ. പാട്ടുകള്‍ എല്ലാം mainstream recycled instantly likeable സ്റ്റഫ്‌ ആണെങ്കിലും സിനിമയില്‍നിന്ന് ഒഴിവാക്കാമായിരുന്നു. അഭിനേതാക്കള്‍ ആരും മോശമാക്കിയില്ല.
ഹൊറര്‍ സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണമെങ്കില്‍ ഒന്ന് കണ്ടുനോക്കാം. 

No comments:

Post a Comment