Saturday, June 20, 2015

Dazed and Confused Movie Review

Dazed and Confused Movie Poster
ഡേസ്ഡ് ആന്‍ഡ്‌ കണ്‍ഫ്യൂസ്ഡ് (Dazed and Confused, 1993, English)
ബിഫോര്‍ സണ്‍റൈസ്, വേക്കിംഗ് ലൈഫ്, ബോയ്‌ഹുഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് സുപരിചിതനായ റിച്ചാര്‍ഡ്‌ ലിങ്ക്ലേറ്ററിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ് ഡേസ്ഡ് ആന്‍ഡ്‌ കണ്‍ഫ്യൂസ്ഡ്. കൃത്യമായി പറഞ്ഞാല്‍ മൂന്നാമത്തെ സംവിധാനസംരംഭം. 1976ലെ കുറച്ച് ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ കഥപറയുന്ന ചിത്രത്തിന് ഈ പേര് ലഭിച്ചത് Led Zeppelinന്റെ ഇതേപേരിലുള്ള ഗാനത്തില്‍നിന്നാണ്. പിന്നീട് ശ്രദ്ധേയതാരങ്ങളായിമാറിയ Matthew McConaughey, Jason London, Ben Affleck, Milla Jovovich, Cole Hauser, Parker Posey, Adam Goldberg, Joey Lauren Adams, Nicky Katt, Rory Cochrane തുടങ്ങിയവര്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ഈ ചിത്രത്തില്‍ ചെയ്തിരുന്നു.
1976ലെ വേനലവധിയ്ക്കായി സ്കൂള്‍ അടയ്ക്കുന്ന ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്. കുറേ teenagersന്റെ അലക്ഷ്യമായ, എന്നാല്‍ രസകരമായ ജീവിതങ്ങളിലെ ഒരു ദിവസം, അതാണ്‌ ഈ ചിത്രം. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒരു കഥയൊന്നും ചിത്രത്തിനില്ല. മികച്ചുനില്‍ക്കുന്ന, വളരെ സ്വാഭാവികമായ കുറേ കഥാസന്ദര്‍ഭങ്ങള്‍ മാത്രം. നമ്മുടെ സിനിമകളില്‍ സ്കൂള്‍-കോളേജ് പിള്ളേരുടെ കഥകള്‍ വന്നപ്പോഴൊക്കെ പഠനത്തിലോ, സ്പോര്‍ട്സിലോ, രാഷ്ട്രീയപ്രവര്‍ത്തനത്തിലോ, അങ്ങനെ ഏതെങ്കിലും മേഖലയില്‍ അവരുടെ കൂട്ടത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കഥകള്‍ ആയിരുന്നു വന്നത്. അല്ലെങ്കില്‍പ്പിന്നെ ഏറ്റവും അലമ്പ് ആയി നടക്കുന്നവര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കഥ. എന്നാല്‍ ബഹുഭൂരിപക്ഷം പേരും ഈ രണ്ടുഗണങ്ങളിലും പെടാത്ത മധ്യവര്‍ത്തികള്‍ ആയിരിക്കും. പഠനത്തിനിടയിലും ചെറിയ അലമ്പുകളും മറ്റുമായി സ്കൂള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്ന വിദ്യാര്‍ഥികള്‍. ഈ സിനിമയുടെ വലിയ പ്രത്യേകത എന്തെന്നാല്‍, അത്തരം കുട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒന്നേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഒരുനിമിഷം പോലും അനാവശ്യം എന്ന് തോന്നുന്നതോ, ബോര്‍ അടിപ്പിക്കുന്നതോ ആയിട്ടില്ല. റിച്ചാര്‍ഡ്‌ ലിങ്ക്ലേറ്ററിന്റെ സംവിധാനമികവും അഭിനേതാക്കളുടെ മിന്നുന്ന പ്രകടനങ്ങളും നല്ല പശ്ചാത്തലസംഗീതവും, അങ്ങനെ എല്ലാ ഘടകങ്ങളും ഒത്തുവന്നതിനാല്‍ ആയിരിക്കാം എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു ചിത്രമായി ഇത് മാറിയത്. ചിത്രം നടക്കുന്ന കാലഘട്ടത്തിലെ കുട്ടികളുടെ ജീവിതം എങ്ങനെ ആയിരുന്നെന്ന് ചില സിനിമകളില്‍ കണ്ടിട്ടുള്ളതല്ലാതെ വലിയ പിടിയില്ല, എന്നാലും 17 വര്‍ഷം മുന്‍പത്തെ ജീവിതം കൃത്യമായി പുനരാവിഷ്കരിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട് എന്നാണ് ഐഎംഡിബിയിലെ Message boards പറയുന്നത്.
ഒരുപറ്റം നടീനടന്മാര്‍ക്ക് അവരുടെ കരിയറുകളുടെ തുടക്കത്തില്‍ കിട്ടിയ വലിയൊരു ബ്രേക്ക് ആയിരുന്നത്രേ ഈ ചിത്രം. ഇന്ന് ഹോളിവുഡില്‍ വലിയ താരങ്ങളായ Ben Affleck, Matthew McConaughey, Milla Jovovich തുടങ്ങിയവരുടെ ടീനേജ് രൂപങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. ചിത്രത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും പിന്നീട് കാര്യമായി എങ്ങും എത്താന്‍ കഴിയാതെപോയ ചില നിര്‍ഭാഗ്യവാന്മാരെയും നിര്‍ഭാഗ്യവതികളെയും കാണാം, പിന്നീട് അനിമേഷന്‍ മേഖലയിലേക്കും ബ്ലോഗിങ്ങിലേക്കും തിരിഞ്ഞ Wiley Wiggins, താരതമ്യേന ചെറിയ സിനിമകളിലൂടെ തങ്ങള്‍ ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട് എന്ന് പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തുന്ന Jason London, Cole Hauser തുടങ്ങിയവരെ കാണാം, പിന്നീട് Chasing Amyയിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിച്ച Joey Lauren Adamsയെ കാണാം, ഈ സിനിമയ്ക്കുശേഷം ചില ടിവി സീരീസുകളില്‍ പ്രത്യക്ഷപ്പെടുകയും, പിന്നീട്  Anti-war activist ആയിമാറുകയും ചെയ്ത Christin Hinojosaയെ കാണാം. എല്ലാവരും ഊര്‍ജസ്വലമായ പ്രകടനങ്ങള്‍ ആണ് കാഴ്ചവെച്ചത്, ശരിക്കും കുറേപ്പേരുടെ ജീവിതം ഷൂട്ട്‌ ചെയ്തുവെച്ചപോലെ തോന്നി പലയിടങ്ങളിലും.
വിക്കിപീഡിയ പ്രകാരം Quentin Tarantinoയുടെ അഭിപ്രായത്തില്‍ സിനിമാചരിത്രത്തിലെ മികച്ച പത്തുചിത്രങ്ങളില്‍ ഒന്നാണിത്. Entertainment Weeklyയുടെ The Top 50 Cult Films ലിസ്റ്റില്‍ പതിനേഴാമതും, അവരുടെതന്നെ 50 Best High School Movies ലിസ്റ്റില്‍ പതിനേഴാമതും, Funniest Movies of the Past 25 Years ലിസ്റ്റില്‍ പത്താമതും ആണ് ചിത്രത്തിന്‍റെ സ്ഥാനം.
ഒരു കാലഘട്ടത്തിലെ യുവത്വത്തിന്റെ നേര്‍ക്കാഴ്ചയായ, മികച്ചൊരു ചിത്രമാണ് ഡേസ്ഡ് ആന്‍ഡ്‌ കണ്‍ഫ്യൂസ്ഡ്. ഒരു landmark ചിത്രം എന്നൊക്കെ വിളിക്കാവുന്ന ഒന്ന്. കണ്ടിട്ടില്ലാത്തവര്‍ കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment