Thursday, June 11, 2015

May Movie Review

May Movie Poster
മെയ് (May, 2003, English)
ഏകാന്തതയില്‍ ജീവിക്കുന്ന, അധികം സുഹൃത്തുക്കള്‍ ഒന്നുമില്ലാത്ത പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രങ്ങള്‍ ആക്കിയുള്ള സിനിമകള്‍ എനിക്ക് പൊതുവേ ഇഷ്ടമാണ്. സ്റ്റീഫന്‍ കിങ്ങിന്റെ ക്ലാസിക് നോവലായ കാരിയുടെ ചലച്ചിത്രാവിഷ്കാരങ്ങളായിരിക്കാം ഒരുപക്ഷെ ഈ  ഗണത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയവ. മലയാളത്തില്‍ എന്ന് സ്വന്തം ജാനകിക്കുട്ടിയും ഇത്തരത്തിലുള്ള ഒരു മികച്ച ശ്രമമായിരുന്നു. അമേലിയിലെ പോലെ ഫീല്‍ ഗുഡ് കോമഡിയായും, കാരിയിലെ പോലെ ഹൊറര്‍ ടച്ച്‌ കൊടുത്തും ഒക്കെ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെയുള്ള മറ്റൊരു ചിത്രമാണ് മെയ്.
തന്റെ കണ്ണിന്റെ അസുഖം മൂലം കുട്ടിക്കാലം മുതല്‍ക്കേ സുഹൃത്തുക്കള്‍ ഇല്ലാതിരുന്ന കുട്ടിയാണ് മെയ് എന്ന കഥാനായിക. അവരുടെ ഉറ്റമിത്രം കുട്ടിക്കാലത്ത് അച്ഛനും അമ്മയും അവര്‍ക്ക് സമ്മാനിച്ച ഒരു പാവയാണ്. ഒരു മൃഗാശുപത്രിയില്‍ ജോലിചെയ്യുന്ന മെയ് ഒരുപാട് സ്വഭാവവൈകല്യങ്ങള്‍ ഉള്ള ഒരു വ്യക്തിയാണ്. ഒരിക്കല്‍ ഒരു കാര്‍ ഗാരേജില്‍ ജോലി ചെയ്യുന്ന ആഡം എന്ന ചെറുപ്പക്കാരനില്‍ മെയ് ആകൃഷ്ടയാകുന്നു. അയാളോട് നേരിട്ട് സംസാരിക്കാന്‍ ധൈര്യമില്ലാതെ ഇരിക്കുന്ന മെയ് പിന്നീട് ചിലസ്ഥലങ്ങളില്‍ അയാളെ കണ്ടുമുട്ടുകയും, അവര്‍ പരസ്പരം അടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മെയിന്റെ വിചിത്രസ്വഭാവങ്ങള്‍ മനസ്സിലാക്കിയ ആഡം മെയില്‍നിന്നു അകലുന്നു. തുടര്‍ന്ന് മെയ് തന്റെ ഉള്ളിലെ കൂടുതല്‍ വിചിത്രമായ സ്വഭാവവൈകൃതങ്ങള്‍ പുറത്തെടുക്കുകയും തുടര്‍ന്ന്‍ അരങ്ങേറുന്ന ഭീകരസംഭവങ്ങളും മറ്റുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
മെയ് കെന്നഡി എന്ന യുവതിയുടെ പാത്രസൃഷ്ടിയില്‍ സംവിധായകന്‍ Lucky McKee അത്യന്തം ശ്രദ്ധചെലുത്തിയിട്ടുണ്ട്. സാധാരണക്കാരില്‍ നിന്ന് അല്‍പം വിട്ടുമാറിയുള്ള, പലപ്പോഴും പ്രവചനാതീതമായ ഒരു പാത്രസൃഷ്ടി വളരെ മികച്ചതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതുപോലെത്തന്നെ മറ്റുകഥാപാത്രങ്ങള്‍ക്കും വളരെ well defined ആയ വ്യക്തിത്വങ്ങള്‍ നല്‍കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. അഭിനേതാക്കള്‍ എല്ലാവരും നല്ല പ്രകടനങ്ങള്‍ കാഴ്ചവെച്ചു. മെയ് ആയി അഭിനയിച്ച Angela Bettis തന്റെ വേഷം വളരെ മികച്ചതാക്കി. പ്രേക്ഷകന് മടുപ്പ് തോന്നിക്കാത്തവിധം ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ സംവിധായകന് കഴിഞ്ഞു. ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു.
ഒരു weird പെണ്‍കുട്ടിയുടെ കഥപറയുന്ന, അത്യാവശ്യം വയലന്‍സും മറ്റുമുള്ള ഒരു സാധാരണ ചിത്രമാണ് മെയ്. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment