Friday, July 17, 2015

Bajrangi Bhaijaan Movie Review

ബജ്രംഗി ഭായ്ജാന്‍ (Bajrangi Bhaijaan, 2015, Hindi)
സംവിധായകന്‍ കബീര്‍ ഖാന്റെ നാലാമത്തെ ചിത്രമാണ് ബജ്രംഗി ഭായ്ജാന്‍. സല്‍മാന്‍ ഖാന്‍, റോക്ക്ലൈന്‍ വെങ്കടേഷ്, കബീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍, ഹര്‍ഷാലി മല്‍ഹോത്ര, നവാസുദ്ദീന്‍ സിദ്ദിഖി, കരീനാ കപൂര്‍ ഖാന്‍ തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റിലീസായ സല്‍മാന്‍ ഖാന്റെ ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രങ്ങള്‍ മിക്കതും കണ്ടതുകാരണം അതേ ലെവലിലുള്ള ഒരു സാധാരണ മസാല പടം, അത്രയേ ബജ്രംഗി ഭായ്ജാനില്‍ നിന്നും പ്രതീക്ഷിച്ചിരുന്നുള്ളൂ.. കബീര്‍ ഖാന്റെ കാബൂള്‍ എക്സ്പ്രസ്സും ന്യൂയോര്‍ക്കും ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഏക്‌ ഥാ ടൈഗര്‍ സാമാന്യം ബോറടിപ്പിച്ച ഒരു ചിത്രമായിരുന്നു. അതിനാല്‍ ആ ഒരു ലെവലൊക്കെ ഉള്ള ഒരു പടം ആവുമെന്നേ കരുതിയുള്ളൂ. എന്നാല്‍ പ്രതീക്ഷകളെയൊക്കെ മാറ്റിമറിച്ചുകൊണ്ട് നല്ലൊരു അനുഭവമാവുകയായിരുന്നു ബജ്രംഗി ഭായ്ജാന്‍. സല്‍മാന്‍ ഖാന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച ഒന്നെന്ന് നിസ്സംശയം പറയാവുന്ന ഒരു ചിത്രം.
ചിത്രത്തിന്‍റെ ട്രൈലറില്‍ പറയുന്നപോലെതന്നെയാണ് കഥ മുന്നോട്ടുപോവുന്നത്. സംസാരശേഷിയില്ലാത്ത ഷാഹിദ എന്ന പാകിസ്ഥാനി പെണ്‍കുട്ടി ഒരു പ്രത്യേകസാഹചര്യത്തില്‍ ഡല്‍ഹിയിലുള്ള പവന്‍കുമാര്‍ ചതുര്‍വേദി അഥവാ ബജ്രംഗി എന്നയാളുടെ അടുത്ത് എത്തിച്ചേരുന്നു. കുട്ടിയെ തിരികെ അച്ഛനമ്മമാരുടെ അടുത്തെത്തിക്കാന്‍ ബജ്രംഗി നടത്തുന്ന ശ്രമങ്ങളും മറ്റുമാണ് ചിത്രത്തില്‍ പിന്നീട്. അത്യാവശ്യം പ്രവചനീയമായിത്തന്നെയാണ് കഥ മുന്നോട്ടുപോവുന്നത് എങ്കിലും മികച്ച ഹാസ്യരംഗങ്ങളും മറ്റും ഉള്‍പ്പെടുത്തിയതിനാല്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കാതെ ചിത്രം കണ്ടിരിക്കാം. ചിത്രത്തിന്‍റെ പല ഘട്ടങ്ങളിലും cinematic freedom സംവിധായകന്‍ എടുത്തിട്ടുള്ളതിനാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് പ്രേക്ഷകന് തോന്നുമെങ്കിലും ആകെമൊത്തം ആസ്വദനീയമായ ഒരു ചിത്രംതന്നെയാണ് ഇത്.
ഒരു ആഘോഷചിത്രത്തിനുവേണ്ട ചേരുവകള്‍ മിക്കതും, അതേസമയം തന്നെ പ്രേക്ഷകനെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ ഉതകുന്ന ചേരുവകളും ചേര്‍ത്തുകൊണ്ടാണ് കബീര്‍ ഖാനും ടീമും ബജ്രംഗി ഭായ്ജാന്‍ ഒരുക്കിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ കഴിഞ്ഞ കുറേ നാളായി അണിഞ്ഞിരുന്ന സൂപ്പര്‍ഹീറോ പരിവേഷത്തെ അഴിച്ചുവെയ്പ്പിച്ച് അദ്ദേഹത്തിന് ഒരു സാധാരണക്കാരന്റെ വേഷം നല്കിയതും പ്രശംസനീയമായി. അസീം മിശ്രയുടെ ഛായാഗ്രഹണം വളരെ മികച്ചുനിന്നു. പ്രീതത്തിന്റെ ഗാനങ്ങളും നല്ല നിലവാരം പുലര്‍ത്തി.
സല്‍മാന്‍ ഖാന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നുതന്നെ ആണ് ഈ ചിത്രത്തിലേത്. സാധുവും സത്യസന്ധനുമായ ബജ്രംഗിയെ അദ്ദേഹം മനോഹരമാക്കി. അത്രയധികം അഭിനയിച്ചുതകര്‍ക്കാന്‍ ഉള്ള രംഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും കഥാപാത്രം ആവശ്യപ്പെടുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിനുസാധിച്ചു. എന്നാല്‍ ശരിക്കുമുള്ള show stealer ഹര്‍ഷാലി മല്‍ഹോത്ര എന്ന കൊച്ചുമിടുക്കി ആയിരുന്നു. ചിത്രത്തില്‍ ആദ്യാവസാനം നിറഞ്ഞുനിന്ന മുന്നി അഥവാ ഷാഹിദ എന്ന കഥാപാത്രം ഹര്‍ഷാലിയുടെ കൈകളില്‍ സുരക്ഷിതമായിരുന്നു. വരുംദിനങ്ങളില്‍ ഈ കുട്ടി ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റും എന്നതില്‍ സംശയമില്ല. സല്‍മാന്‍ ഖാനുമായുള്ള കുട്ടിയുടെ chemistry അപാരമായിരുന്നു. വരും ചിത്രങ്ങളില്‍ ഏതിലെങ്കിലും ഇവര്‍ അച്ഛനും മകളുമായി അഭിനയിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. പുതിയതലമുറയിലെ മികച്ച സ്വഭാവനടന്മാരില്‍ ഒരാളായ നവാസുദ്ദീന്‍ സിദ്ദിഖിയും തന്റെ വേഷം ഭംഗിയാക്കി. ഇവര്‍ മൂന്നുപേരും ചേര്‍ന്നുള്ള ധാരാളം ഹാസ്യരംഗങ്ങള്‍ ചിത്രത്തില്‍ മികച്ചുനിന്നു. മറ്റുനടീനടന്മാരായ കരീനാ കപൂര്‍, ശരദ് സക്സേന, ഓം പുരി, രാജേഷ്‌ ശര്‍മ തുടങ്ങിയവരൊക്കെ തങ്ങളുടെ വേഷങ്ങള്‍ വേണ്ടവിധം നന്നാക്കി. സല്‍മാന്‍ ഖാന്റെ ഡ്യൂപ്പ് ആയി പ്രവര്‍ത്തിക്കുന്ന യുവാവിനെ ഒരു ചെറിയ വേഷത്തില്‍ കാണാന്‍ സാധിച്ചത് സന്തോഷമുളവാക്കി.
സ്ഥിരം ബോളിവുഡ് മസാലകള്‍ക്കിടയില്‍ അല്‍പം വേറിട്ടൊരു പരീക്ഷണം, അതാണ്‌ ഈ ചിത്രം. ചില predictable elements ഒഴിവാക്കിയിരുന്നെങ്കില്‍ ധീരമായ പരീക്ഷണം എന്ന് വിളിക്കാമായിരുന്ന ഒന്ന്. എന്നിരുന്നാലും നല്ലൊരു ഫീല്‍ ഗുഡ് entertainer തന്നെയാണ് ഈ ചിത്രം. അവിശ്വസനീയമായ സംഘട്ടനരംഗങ്ങളും, ഐറ്റം ഡാന്‍സും, പൈങ്കിളി പ്രണയവും ഒന്നും ഇല്ലാതെതന്നെ സാധാരണപ്രേക്ഷകന് ഇഷ്ടപ്പെടുന്ന ഒന്ന്. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment