Monday, July 20, 2015

YellowBrickRoad Movie Review

യെല്ലോബ്രിക്ക്റോഡ്‌ (YellowBrickRoad, 2010, English)
1940ല്‍ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവനും ഒരു മലയ്ക്കുമുകളില്‍ യെല്ലോബ്രിക്ക്റോഡ്‌ എന്ന് അടയാളപ്പെടുത്തിയ വഴിയിലൂടെ കാട്ടിനുള്ളിലേക്ക് അജ്ഞാതമായ എന്തോ കാരണത്താല്‍ നടന്നുനീങ്ങുന്നു. പിന്നീട് അന്വേഷണത്തില്‍ അവരില്‍ ഒട്ടുമിക്കവരുടെയും മൃതദേഹങ്ങള്‍ തണുത്തുമരവിച്ചനിലയിലും, മൃഗീയമായി കീറിമുറിക്കപ്പെട്ടരീതിയിലും വീണ്ടെടുക്കപ്പെടുന്നു. എഴുപതുവര്‍ഷങ്ങള്‍ക്കുശേഷം ഒരുകൂട്ടം അന്വേഷകര്‍ ഇതിനുപിന്നിലെ രഹസ്യം അന്വേഷിച്ച് യെല്ലോബ്രിക്ക്റോഡിലൂടെ ഒരു യാത്ര നടത്തുകയും, അവിടെ വിചിത്രവും ഭീകരവുമായ അനുഭവങ്ങള്‍ അവരെ കാത്തിരിക്കുകയും ചെയ്യുന്നു. എന്തായിരുന്നു ഗ്രാമവാസികളുടെ യാത്രയുടെ ലക്ഷ്യം? അവര്‍ക്ക് എന്തുസംഭവിച്ചു?
ജെസ്സെ ഹോളണ്ട്, ആന്‍ഡി മിട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് യെല്ലോബ്രിക്ക്റോഡ്‌ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. Cassidy Freeman, Anessa Ramsey, Lee Wilkof, Laura Heisler, Clark Freeman തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലുടനീളം സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സംവിധായകര്‍ക്ക് സാധിച്ചിട്ടുണ്ട്. പല രംഗങ്ങളും പ്രേക്ഷകരില്‍ അസ്വസ്ഥത ഉണര്‍ത്തും. മുഴുവനായി ഹൊറര്‍ വിഭാഗത്തില്‍ പെടുത്താന്‍ സാധിക്കാത്ത ഈ ചിത്രത്തെ ഹൊറര്‍ മിസ്റ്ററി ജനുസ്സില്‍ പെടുത്താവുന്നതാണ്. ക്ലൈമാക്സിനോട് അനുബന്ധിച്ചുള്ള രംഗങ്ങള്‍ പ്രേക്ഷകനെ ചിലപ്പോള്‍ ആശയക്കുഴപ്പത്തില്‍ എത്തിച്ചേക്കാം, കാരണം പല ചോദ്യങ്ങള്‍ക്കും തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കാതെയാണ് ചിത്രം അവസാനിക്കുന്നത്. ഉത്തരങ്ങള്‍ നല്‍കാത്തതാണോ അതോ എനിക്ക് മനസ്സിലാവാത്തതാണോ എന്ന് എനിക്കറിയില്ല.
തരക്കേടില്ലാത്ത ഒരു ഹൊറര്‍ ത്രില്ലറാണ് യെല്ലോബ്രിക്ക്റോഡ്‌. കാണാന്‍ ശ്രമിക്കുക.
Note: ഈ ചിത്രം കണ്ടുകഴിഞ്ഞാല്‍ ഒരുപക്ഷേ ഗോണ്‍ വിത്ത് ദ വിന്റും വിസാര്‍ഡ് ഓഫ് ഓസും നമുക്ക് പഴയ കാഴ്ചപ്പാടില്‍ കാണാന്‍ സാധിച്ചെന്നുവരില്ല.

No comments:

Post a Comment