Wednesday, July 22, 2015

Gett: The Trial of Viviane Amsalem Movie Review

Gett: The Trial of Viviane Amsalem Movie Poster
ഗെറ്റ്: ദ ട്രയല്‍ ഓഫ് വിവിയന്‍ അംസലേം (Gett: The Trial of Viviane Amsalem, 2015, Hebrew/French)
ഇസ്രായേലി സഹോദരീസഹോദരന്മാരായ Ronit Elkabetz, Shlomi Elkabetz എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഇസ്രായേലി ചിത്രമാണ് ഗെറ്റ്. ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രത്തില്‍ Ronit Elkabetz, Sasson Gabai, Menashe Noy, Simon Abkarian തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മുപ്പതുവര്‍ഷം പ്രായം ചെന്ന തന്റെ കുടുംബജീവിതത്തില്‍ അസംതൃപ്തയായ വിവിയന്‍ തന്റെ ഭര്‍ത്താവിനോട് വിവാഹമോചനം ആവശ്യപ്പെടുന്നു. എന്നാല്‍ കോടതിയിലെ തുടര്‍ന്നുള്ള വിചാരണകള്‍ക്കപ്പുറവും അയാള്‍ തന്റെ ഭാര്യയ്ക്ക് വിവാഹമോചനം അഥവാ 'Gett' നല്‍കുന്നില്ല. അവിടുത്തെ religious  courtന്റെ വ്യവസ്ഥിതി അനുസരിച്ച് ഭര്‍ത്താവിന്‍റെ തീരുമാനമാണ് ഒരു വിവാഹമോചനത്തിന്റെ  കാര്യത്തില്‍ അന്തിമവിധി. കോടതിക്ക് അയാളെ നിര്‍ബന്ധിക്കാമെങ്കിലും വിധി അടിച്ചേല്‍പ്പിക്കാന്‍ ആവില്ല. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഒറ്റവരിയില്‍ ഒട്ടും സംഭവബഹുലമായി തോന്നാത്ത കഥയെ ഏറെ interesting ആക്കുന്നത് സംവിധായകര്‍ അത് മുന്നോട്ടുകൊണ്ടുപോവുന്ന രീതിയും, നടീനടന്മാരുടെ ശക്തമായ പ്രകടനങ്ങളുമാണ്. അഞ്ചുവര്‍ഷത്തെ കാലയളവില്‍ നടക്കുന്ന ചിത്രത്തിലെ എല്ലാ രംഗങ്ങളും കുടുംബകോടതിയുടെ വിചാരണാമുറിയിലും വിചാരണയ്ക്കായി കാത്തിരിക്കുന്ന മുറിയിലും ആണ് അരങ്ങേറുന്നത്. ഇസ്രായേലി ചിത്രമാണെങ്കില്‍പ്പോലും നമ്മുടെ സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളുടെയും നേര്‍ക്കാഴ്ചയല്ലേ ഇത് എന്ന് തോന്നിപ്പോവുന്നവിധത്തില്‍ ആണ് പല രംഗങ്ങളും. ഒറ്റനോട്ടത്തില്‍ സംതൃപ്തരെന്നുതോന്നിപ്പിക്കുന്ന പല ദാമ്പത്യജീവിതങ്ങളിലും ഭീകരമായ അസ്വാരസ്യങ്ങള്‍ ഉണ്ടാവാം എന്ന സൂചനയും ഈ ചിത്രം നല്‍കുന്നു.
Ronit Elkabetzന്റെയും Shlomi Elkabetzന്റെയും ചേര്‍ന്നുള്ള മൂന്നാമത്തെ സംവിധാനസംരംഭമാണ് ഈ ചിത്രം. ഇവരുടെ മുന്‍ചിത്രങ്ങള്‍ കണ്ടിട്ടില്ലെങ്കിലും അവ നല്ല പ്രേക്ഷകാഭിപ്രായം നേടിയവയാണെന്നാണ് ഇന്റര്‍നെറ്റ്‌ പറയുന്നത്. എന്തായാലും മുന്‍ചിത്രങ്ങള്‍ നല്‍കിയ സല്‍പ്പേര് ഒരുപടികൂടെ ഉയര്‍ത്താന്‍ ഈ ചിത്രത്തില്‍ അവര്‍ക്കായി. വളരെ ശക്തമായ സംഭാഷണശകലങ്ങളും, കഥാപാത്രങ്ങളുടെ സൂക്ഷ്മമായ ഭാവപ്രകടനങ്ങളുടെ മഹത്തരമായ വരച്ചുകാട്ടലുകളും കൊണ്ട് ഒരു ക്ലാസിക് സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചു. Jeanne Lapoirieന്റെ ഛായാഗ്രഹണം മികച്ചുനിന്നു. പശ്ചാത്തലസംഗീതം അധികമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഉള്ള രംഗങ്ങളില്‍ വളരെ സ്വാധീനം ചെലുത്തി.
സംവിധായിക എന്ന ജോലിയ്ക്കൊപ്പം ചിത്രത്തിലെ പ്രധാനകഥാപാത്രമായ വിവിയന്‍ ആയി വേഷമിട്ടതും Ronit Elkabetz ആണ്. ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള ഒരു അസാമാന്യപ്രകടനം ആയിരുന്നു അവര്‍ കാഴ്ചവെച്ചത്. വികാരങ്ങള്‍ വളരെ അടക്കിപ്പിടിച്ചുള്ള രംഗങ്ങളിലും, വികാരവിക്ഷോഭരംഗങ്ങളിലും ഒരുപോലെ അവര്‍ മികച്ചുനിന്നു. സ്ക്രീനില്‍ ഏറെ മനോഹരിയായി കാണപ്പെട്ട അവരുടെ ചിലസമയത്തെ സ്ക്രീനിലേക്കുള്ള നോട്ടം ഭീതിദമായിരുന്നു. വിവിയന്റെ ഭര്‍ത്താവായി വേഷമിട്ട Simon Abkarian തന്റെ controlled ആയ അഭിനയത്തിലൂടെ പ്രേക്ഷകനെ അതിശയിപ്പിച്ചു. അവസാനരംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ മികവുറ്റതായിരുന്നു. മറ്റുനടീനടന്മാര്‍ എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ വളരെ നന്നായിതന്നെ ചെയ്തു.
ഈ ചിത്രത്തില്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം ഇതിലെ സംഭാഷണങ്ങള്‍ ആണ്. സംഭാഷണങ്ങളിലെ ഇംഗ്ലീഷ് പദപ്രയോഗം നോക്കുകയാണെങ്കില്‍ അഞ്ചുശതമാനത്തിലും കുറവാണ്. ഓരോ ചെറിയ വസ്തുക്കള്‍ക്കുപോലും അവര്‍ സ്വന്തം ഭാഷയിലെ വാക്കുകള്‍ ഉപയോഗിക്കുന്നതുകാണുമ്പോഴാണ് നമ്മളൊക്കെ എത്രത്തോളം ഇംഗ്ലീഷിനെ ആശ്രയിക്കുന്നു എന്ന് തോന്നുന്നത്. എന്തായാലും, സാധാരണമനുഷ്യരുടെ ജീവിതവും അവരുടെ നിസ്സഹായാവസ്ഥകളും വരച്ചുകാട്ടുന്ന നല്ല ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ ഈ ചിത്രം കാണാതിരിക്കരുത്.

No comments:

Post a Comment