Saturday, September 26, 2015

The Gamer Pocket Film Review

ദ ഗെയ്മര്‍ (The Gamer, 2015, Malayalam)
യാദൃശ്ചികമായാണ് ഓജോയുടെ ഗെയ്മര്‍ എന്ന പോക്കറ്റ് വീഡിയോ കാണാനിടയായത്. ടെസ്റ്റ്‌ ക്രിക്കറ്റ് ഏകദിനമാവുകയും, അതുപിന്നീട്‌ ട്വന്റി ട്വന്റി ആവുകയും ചെയ്ത വേഗതയേറിയ ഈ കാലത്ത് ഹ്രസ്വചിത്രങ്ങള്‍ക്കും ഒരുപടി മുന്നോട്ടുനീങ്ങി പരിണാമം സംഭവിച്ച പോക്കറ്റ് ചിത്രങ്ങള്‍ അഥവാ മൈക്രോചിത്രങ്ങള്‍ എണ്ണത്തില്‍ അധികമൊന്നും മലയാളത്തില്‍ വന്നിട്ടില്ല. എസ്ടോപ്പോ ഫിലിം ഫാക്ടറിയുടെ 'സമയം നല്ലതല്ല' എന്നൊരു വേറിട്ട ശ്രമത്തിനുശേഷം കണ്ട മികച്ചൊരു അനുഭവമായിരുന്നു ഗെയ്മര്‍.
നമ്മുടെ സിനിമാപാരഡൈസോ ഗ്രൂപ്പിനും മറ്റുപലര്‍ക്കും നന്ദിരേഖപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന ചിത്രം ആ ഫ്രെയ്മുകളില്‍ത്തന്നെ ചിത്രത്തിന്‍റെ സ്വഭാവം വിളിച്ചോതുന്നുണ്ട്. വ്യക്തികള്‍ക്ക് നന്ദി രേഖപ്പെടുത്തുമ്പോള്‍ ചുവപ്പും വെളുപ്പും കലര്‍ന്ന അക്ഷരങ്ങളില്‍ അവരുടെ പേരുകള്‍ എഴുതിക്കാണിച്ച കാര്യം പ്രേക്ഷകര്‍ ശ്രദ്ധിച്ചുകാണുമല്ലോ. വരാന്‍ പോവുന്ന രക്തച്ചൊരിച്ചിലിന്റെ ഒരു സൂചനമാത്രമായിരുന്നു അത്.
തുടര്‍ന്നുള്ള രംഗത്തില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ഒരു ഗെയിം കളിക്കുന്നതായി കാണാം. ഒരാള്‍, അത്രമാത്രം. ഊരോ, പേരോ, ഒന്നുമില്ലാത്ത, അഥവാ പ്രേക്ഷകന് അറിയാത്ത ഒരാള്‍. കാലദേശമതങ്ങളുടെ ചങ്ങലകളില്‍നിന്നൊക്കെ വിമുക്തനായ ഒരാള്‍. അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്ന ഗെയിം ഫ്രൂട്ട് നിന്‍ജ. എത്ര ഉദാത്തവും ആസൂത്രിതവുമായ foreshadowing ആണ് ഇതെന്നോര്‍ത്ത് കോരിത്തരിച്ചുപോയി എന്റെ ഹൃദയം! ലോകചരിത്രത്തില്‍ വീരന്മാരായ നിന്‍ജകള്‍ക്ക് എത്രയേറെ പ്രാധാന്യം ഉണ്ടെന്ന കാര്യവുമായി കൂട്ടിവായിക്കുമ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോടുള്ള ബഹുമാനവും ആരാധനയും ഇരട്ടിക്കുകയേ ഉള്ളൂ. തുടര്‍ന്ന് വിഹ്വലതയുണര്‍ത്തുന്ന പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ ക്യാമറ കറങ്ങി എതിര്‍ദിശയിലേക്ക് തിരിയുമ്പോള്‍ ദൗത്യം പൂര്‍ത്തിയാക്കിയശേഷം ഗെയ്മര്‍ക്കരികിലേക്ക് വരുന്ന രണ്ട് അജ്ഞാതര്‍ക്കൊപ്പം ഗെയ്മര്‍ നടന്നുനീങ്ങുമ്പോള്‍ അവിടെ സദൃശമാവുന്നത് നമ്മെ ഞെട്ടിക്കാന്‍ ഉതകുന്ന ഒന്നാണ്. ഒരു മൃതശരീരം!! പോരാളികള്‍ ആയിരുന്ന നിന്‍ജ യോദ്ധാക്കള്‍ ആയിരിക്കുമോ ആ മൃതശരീരത്തിന്റെ ഉത്തരവാദികള്‍? ആയിരിക്കും എന്ന് വിശ്വസിക്കാനാണെനിക്ക് ഇഷ്ടം. ഫ്രൂട്ട് നിന്‍ജയില്‍ പഴങ്ങള്‍ അരിഞ്ഞുതള്ളുന്ന അതേ ലാഘവത്തോടെ എതിരാളികളെ വധിക്കുന്ന നിന്‍ജകള്‍.
അപ്പോള്‍ ഗെയ്മര്‍ ആരാണ്? മറ്റൊരു നിന്‍ജയോ, അതോ അവരെ നിയന്ത്രിക്കുന്ന ഒരു ശക്തിയോ? 'ദുനിയാവിന്‍ മൈതാനത്ത് കളിപ്പന്തും ഇട്ടുകൊടുത്ത് മേലാപ്പില്‍ കുത്തിയിരുന്ന് കളികണ്ടുരസിക്കുമൊരാള്!' ഗെയ്മര്‍! അഥവാ ദൈവം! സര്‍വലോകവാസികളെയും തന്റെ കയ്യിലെ കളിപ്പാവകള്‍ മാത്രമാക്കുന്ന ഗെയ്മര്‍! അത്തരമൊരു വായനയില്‍ ഈ ചിത്രത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കൂടുതല്‍ രഹസ്യങ്ങള്‍ മറനീക്കി പുറത്തുവരുന്നത് നമുക്ക് കാണാം. ആ ഗെയ്മര്‍ക്ക് തന്റെ കളിപ്പാവകളെ നിയന്ത്രിക്കാനുള്ള ഒരു ഉപാധി ആയിരിക്കുമോ തന്റെ ഹാന്‍ഡ്‌ഫോണ്‍?! ചുമരില്‍ അലക്ഷ്യമായി കോറിയിട്ട വാക്കുകള്‍ക്കും വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളുണ്ട്. എല്ലാ പ്രതിബന്ധങ്ങളും (പ്രതിബന്ധങ്ങളെ symbolise ചെയ്തുകൊണ്ട് ചുമരില്‍ 'fire' എന്ന് എഴുതിയിരിക്കുന്നതും, സാത്താന്റെ പ്രതിരൂപങ്ങളായ രണ്ട് അവ്യക്തമുഖങ്ങള്‍ വരച്ചിരിക്കുന്നതും കാണാം) താണ്ടി ഈശ്വരനുമുന്നില്‍, അതായത് തന്റെ ലക്ഷ്യത്തില്‍ (ചുമരിന്റെ മറുവശത്ത്‌ 'target' എന്ന് എഴുതിയതായി കാണാം) എത്തിയ ഭക്തനെ ആത്യന്തികമായ മോക്ഷം നല്‍കിക്കൊണ്ട് അനുഗ്രഹിച്ച ദൈവവും ദൈവത്തിന്റെ മാലാഖമാരും ആവുന്നു അപ്പോള്‍ നമ്മള്‍ കണ്മുന്നില്‍ കണ്ട കഥാപാത്രങ്ങള്‍. മൃതശരീരത്തെ കാണിക്കുന്ന രംഗത്തില്‍ ഇടതുവശത്തുകൂടെ അലക്ഷ്യമായി മിന്നിമായുന്ന നീലവെളിച്ചവും ഇത്തരമൊരു സാധ്യതയ്ക്ക് ശക്തികൂട്ടുന്നു. മോക്ഷപ്രാപ്തി ലഭിച്ച ആത്മാവ് നശ്വരമായ ശരീരത്തെ വിട്ട് അഭൗമവും അലൗകികവുമായ നീലനിറം പൂണ്ടുകൊണ്ട് പ്രപഞ്ചത്തിന്റെ നാഥനില്‍ വിലയം പ്രാപിക്കുന്നു! ചിത്രത്തിലുടനീളം കാണാവുന്ന ടയറുകള്‍ ജീവിതചക്രത്തെ ആവാം സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ വിവിധതരം വ്യാഖ്യാനങ്ങള്‍ ചിത്രത്തിന് സാധ്യമാണ്.
സാങ്കേതികമികവിന്റെ കാര്യത്തില്‍ ഹോളിവുഡ് ചിത്രങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്നു ഗെയ്മര്‍. ക്യാമറയ്ക്കൊപ്പം പ്രേക്ഷകനും കറങ്ങുന്ന പ്രതീതി ആയിരുന്നു ചിത്രത്തില്‍ ഉടനീളം. സംവിധാനവും ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും രംഗസജ്ജീകരണവും എല്ലാം ഒന്നിനൊന്ന് മികച്ചുനിന്നു. ചിത്രത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ തങ്ങളുടെ പേരുകളൊന്നും വെളിപ്പെടുത്താതെ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്യുമ്പോഴേക്കും വിക്കിപീഡിയയിലും ഐഎംഡിബിയിലും മറ്റും സ്വന്തം പേജ് ഉണ്ടാക്കുന്ന വങ്കന്മാര്‍ക്ക് മാതൃകയായി. എങ്കിലും, നാള്‍ക്കുനാള്‍ തങ്ങളുടെ മികച്ച വീഡിയോകള്‍മൂലം പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കുതിച്ചുയരുന്ന ബൊളീവിയ റിമിക്സ്‌ ചാനലിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ചില യുവപ്രതിഭകള്‍ ആണ് ഈ ചിത്രത്തിനുപിറകില്‍ എന്നും അഭ്യൂഹമുണ്ട്. അതെന്തായാലും പോക്കറ്റ് ചിത്രങ്ങളുടെ മാത്രമല്ല, ലോകസിനിമാചരിത്രത്തില്‍ത്തന്നെ സ്വന്തമൊരു സ്ഥാനം നേടാന്‍ വരുംകാലങ്ങളില്‍ ഗെയ്മറിന് സാധിക്കും എന്ന് സംശയലേശമെന്യേ പറയാനാവും. ഈ ചിത്രത്തിന്‍റെ ഭാഷ മലയാളം ആണെന്ന് പറയാനാവില്ല, യുദ്ധത്തിന്റെയും രക്തത്തിന്റെയും മോക്ഷത്തിന്റെയും ഭാഷ സാര്‍വത്രികമാണല്ലോ! ഓജോയുടെ തുടര്‍ന്നുള്ള സംരംഭങ്ങള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.

ചിത്രം ഇവിടെ കാണാം:

No comments:

Post a Comment