Thursday, March 10, 2016

Daddy's Home Movie Review

ഡാഡി ഈസ്‌ ഹോം (Daddy's Home, 2015, English)
Sean Anders സംവിധാനം ചെയ്ത് Will Ferrell, Mark Wahlberg, Linda Cardellini തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച കോമഡി ചിത്രമാണ് ഡാഡി ഈസ്‌ ഹോം. ക്രിസ്മസ് സീസണില്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു.
തന്റെ ഭാര്യയായ സാറയ്ക്കും, സാറയ്ക്ക് മുന്‍ഭര്‍ത്താവില്‍ ഉണ്ടായ രണ്ടുകുട്ടികള്‍ക്കുമൊപ്പം ജീവിതം നയിക്കുകയാണ് ബ്രാഡ്. കുട്ടികളെ ഏറെ സ്നേഹിക്കുന്ന ബ്രാഡ് അവരെ സന്തോഷിപ്പിക്കാന്‍ പല കാര്യങ്ങളും ചെയ്യുന്നു. അങ്ങനെ പതുക്കെ കുട്ടികള്‍ ബ്രാഡുമായി ഇണങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് അവരുടെ ജീവിതത്തിലേക്ക് സാറയുടെ മുന്‍ഭര്‍ത്താവും കുട്ടികളുടെ അച്ഛനുമായ ഡസ്റ്റി കടന്നുവരുന്നത്. ബ്രാഡിനെക്കാളും ഏറെ രസികനും charmingഉം ആയ ഡസ്റ്റിയുടെ വരവ് ബ്രാഡിനെ വിഹ്വലനാക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവപരമ്പരകളാണ് ചിത്രം. ഒറ്റവരിയില്‍ കഥ കേള്‍ക്കുമ്പോള്‍ ഏറെ സീരിയസ് ആയൊരു ചിത്രമാണെന്ന തോന്നല്‍ ഉളവാക്കുമെങ്കിലും ആദിമധ്യാന്തം ഹാസ്യത്തിന്റെ ചുവടുപിടിച്ചാണ് ചിത്രം മുന്നോട്ടുപോവുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും നമ്മളെ ചിരിപ്പിക്കുന്നവയാണ്. situational comedy മുതല്‍ slapstick വരെ പലവിധത്തിലുള്ള ഹാസ്യരംഗങ്ങള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കും. വര്‍ണ്ണവിവേചനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പല രംഗങ്ങളും നമ്മുടെ ഓണ്‍ലൈന്‍ പൊറാട്ടുനാടകങ്ങളെ ഓര്‍മ്മിപ്പിച്ചു. രണ്ടാംപകുതിയുടെ മദ്ധ്യത്തോടടുക്കുമ്പോള്‍ ഒരല്‍പം സീരിയസ് ആകുന്ന ചിത്രം പക്ഷേ അവസാനത്തോടടുക്കുമ്പോള്‍ വീണ്ടും ചിരിയുടെ അലയൊലികള്‍ പ്രേക്ഷകരില്‍ ഒരുക്കുന്നു. വളരെ രസകരമായൊരു അവസാനമാണ് ചിത്രത്തിനുള്ളത്. പ്രേക്ഷകര്‍ക്കായി നല്ലൊരു surpriseഉം സംവിധായകന്‍ അവസാനരംഗത്തില്‍ ഒരുക്കിയിട്ടുണ്ട്.
എല്ലാ നടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ Will Ferrell ബ്രാഡ് എന്ന കഥാപാത്രത്തെ മികച്ചതാക്കി. ഡസ്റ്റിയെ അവതരിപ്പിച്ച Mark Wahlbergഉം സാറയെ അവതരിപ്പിച്ച Linda Cardelliniയും നന്നായിരുന്നു. മറ്റുനടീനടന്മാരുടെ പ്രകടനങ്ങളും ആസ്വദനീയമായിരുന്നു. മികച്ച പശ്ചാത്തലസംഗീതവും നിലവാരമുള്ള ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി.
ഏറെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു ചിത്രമാണ് ഡാഡി ഈസ്‌ ഹോം. ചില്ലറ മാറ്റങ്ങള്‍ വരുത്തി മലയാളത്തിലേക്ക് remake ചെയ്‌താല്‍ മറ്റൊരു ബ്ലോക്ക്‌ബസ്റ്റര്‍ ആയേക്കാവുന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.

No comments:

Post a Comment