Friday, March 25, 2016

iGirl Movie Review

ഐഗേള്‍ (iGirl, 2016, Cantonese)
Jia Wei Kan സംവിധാനം ചെയ്ത് Ekin Cheng, Chrissie Chau, Dominic Ho, Connie Man തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ പുതിയചിത്രമാണ് ഐഗേള്‍. ഒരു റൊമാന്റിക് സയന്‍സ് ഫിക്ഷന്‍ കോമഡിയാണ് ഐഗേള്‍. രസകരമായ ട്രെയിലര്‍ ആണ് ഈ ചിത്രം കാണാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്തായാലും ആദ്യമായി ഒരു ചിത്രം തീയറ്ററില്‍ ഒറ്റയ്ക്കിരുന്നുകാണാനുള്ള ഭാഗ്യം എനിക്ക് ഈ ചിത്രംമൂലം ഉണ്ടായി. 150-200 സീറ്റിംഗ് കപ്പാസിറ്റി ഉള്ള തീയറ്ററില്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കിരുന്നാണ് ഈ ചിത്രം ഞാന്‍ കണ്ടത്. പേരിനൊരു ഐഎംഡിബി പേജ് ഉണ്ടെന്നതൊഴിച്ചാല്‍ ഈ ചിത്രത്തിന്റെ കൂടുതല്‍ കാര്യമായ വിവരങ്ങളൊന്നും ഇന്റര്‍നെറ്റിലും ലഭ്യമല്ല.
വിവിധകാരണങ്ങളാല്‍ ബ്രേക്കപ്പ് ആയ മൂന്നുസുഹൃത്തുക്കള്‍, അവരില്‍ ഒരാളുടെ കമ്പ്യൂട്ടറില്‍ ഒരുദിവസം 'iGirl' എന്ന വെബ്‌സൈറ്റ് തന്നത്താനെ തുറക്കപ്പെടുന്നു. ആ വെബ്സൈറ്റ് വഴി ഒരു ഐഗേളിനെ അയാള്‍ ഓര്‍ഡര്‍ ചെയ്യുകയും രണ്ടുദിവസം കഴിയുമ്പോള്‍ അയാളുടെ വീട്ടില്‍ ഓര്‍ഡര്‍ ചെയ്ത പാക്കേജ് എത്തിച്ചേരുകയും ചെയ്യുന്നു. പാക്കേജ് തുറന്ന് അതിലെ instructions പ്രകാരം അതിനുള്ളിലെ മനുഷ്യസമാനമായ രൂപത്തെ എട്ടുമണിക്കൂര്‍ ചൂടുവെള്ളത്തില്‍ മുക്കിവെച്ച അയാളെ രാവിലെ വരവേറ്റത് മാംസവും മജ്ജയുമുള്ള, സര്‍വാംഗസുന്ദരിയായ ഒരു റോബോട്ട് ആയിരുന്നു. കാഴ്ചയില്‍ മനുഷ്യനെപ്പോലെതന്നെ ഇരിക്കുന്ന, എല്ലാ ജോലിയും ഞൊടിയിടയില്‍ perfect ആയി ചെയ്യാനുള്ള കഴിവുള്ള ഒന്നാന്തരം ഒരു മനുഷ്യറോബോട്ട്. അതിനെത്തുടര്‍ന്ന് അയാളുടെ സുഹൃത്തുക്കളും ഓരോ പെണ്‍റോബോട്ടുകളെ ഓര്‍ഡര്‍ ചെയ്യുന്നു, അവര്‍ക്കും തങ്ങളുടെ ഓര്‍ഡര്‍ പ്രകാരമുള്ള റോബോട്ട്സഖിമാരെ ലഭിക്കുന്നു. എന്നാല്‍ ഇവര്‍ ആരായിരുന്നു? എങ്ങനെയാണ് ആ വെബ്സൈറ്റ് അയാളുടെ കമ്പ്യൂട്ടറില്‍ തന്നത്താനെ തുറക്കപ്പെട്ടത്? ആരാണ് ഇതിനൊക്കെ പിന്നില്‍? ഈ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരങ്ങളും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.
വളരെ ശക്തമായ തിരക്കഥയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമാണ് ഐഗേള്‍. ശാസ്ത്രീയവശങ്ങള്‍ നോക്കിയാലും, ലോജിക് നോക്കിയാലും ഒക്കെ ഏറെ പാളിച്ചകള്‍ ഉള്ള ഒന്ന്. ഗ്രാഫിക്സും അത്ര നിലവാരമൊന്നും പുലര്‍ത്തുന്നില്ല. എന്നാല്‍ പ്രധാനനടീനടന്മാരുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ടും, രസകരമായ situational humour കൊണ്ടും ഈ പോരായ്മകള്‍ ഒരുവിധമൊക്കെ മറയ്ക്കാന്‍ സംവിധായകന് സാധിച്ചു. ഒരു സയന്‍സ് ഫിക്ഷന്‍ എന്നരീതിയിലല്ലാതെ ഒരു റൊമാന്റിക്‌ കോമഡി എന്ന രീതിയില്‍ കാണുകയാണെങ്കില്‍ ആസ്വദനീയമായൊരു ചിത്രംതന്നെയാണ് ഇത്. മികച്ച ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ക്ലൈമാക്സിനുശേഷമുള്ള രംഗങ്ങളും മികവുറ്റതായിരുന്നു.
മൊത്തത്തില്‍ പറഞ്ഞാല്‍ സാധാരണ റൊമാന്റിക് കോമഡികളില്‍നിന്ന് അല്‍പം വിട്ടുമാറിയുള്ള രസകരമായൊരു ചിത്രം, അതാണ്‌ ഐഗേള്‍. അധികം ലോജിക്ക് ചികയാന്‍ പോകാതിരുന്നാല്‍ ആസ്വദിക്കാവുന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം. 

No comments:

Post a Comment