Friday, March 25, 2016

They're Watching Movie Review

ദേ ആര്‍ വാച്ചിംഗ് (They're watching, 2016, English)
Jay Lender, Micah Wright എന്നീ ഇരട്ടസംവിധായകരുടെ കന്നിച്ചിത്രമാണ്‌ ദേ ആര്‍ വാച്ചിംഗ്. Brigid Brannagh, Mia Faith, Kris Lemche, David Alpay തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. ഒരു ടെലിവിഷന്‍ ഷോ ചിത്രീകരിക്കാനായി മോള്‍ഡോവയിലെ ഒരു ഗ്രാമത്തിലേക്ക് ചെല്ലുന്ന ഷൂട്ടിംഗ് ക്രൂവിന് നേരിടേണ്ടിവരുന്ന വിചിത്രമായ ദുരനുഭവങ്ങളെക്കുറിച്ചുള്ള ചിത്രമാണിത്.
അധികം വികസനമൊന്നും കടന്നുചെന്നിട്ടില്ലാത്ത ഒരു കൊച്ചുയൂറോപ്യന്‍ ഗ്രാമമാണ് പാവ്ലോവ്ക. വിചിത്രങ്ങളായ പല ആചാരാനുഷ്ഠാനങ്ങളും പിന്തുടരപ്പെടുന്ന, ഇരുന്നൂറോളം മാത്രം ജനസംഖ്യയുള്ള ഗ്രാമം. അവിടേയ്ക്ക് തങ്ങളുടെ ടിവി ഷോയുടെ ഒരു എപ്പിസോഡ് ഷൂട്ട്‌ ചെയ്യാനായി എത്തിയതാണ് ടെലിവിഷന്‍ പ്രൊഡ്യൂസര്‍ കേയ്റ്റും സംഘവും. ഗ്രാമത്തില്‍നിന്നല്‍പ്പം വിട്ടുമാറിയുള്ള ഒരു വീട്ടില്‍ ഷൂട്ടിംഗ് നിര്‍വഹിച്ച് തിരിച്ചുപോവുക എന്നലക്ഷ്യം മാത്രമുണ്ടായിരുന്ന അവരെ പക്ഷേ ആ ഗ്രാമത്തില്‍ കാത്തിരുന്നത് ഭീകരമായ മറ്റുചില പ്രശ്നങ്ങളായിരുന്നു. ആ പ്രശ്നങ്ങളില്‍നിന്ന് അവര്‍ രക്ഷപ്പെടുമോ, ഗ്രാമവാസികളുടെ വിചിത്രമായ പെരുമാറ്റത്തിന്റെ പിന്നിലെ കാരണമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് കഥ പുരോഗമിക്കുമ്പോള്‍ പ്രേക്ഷകന് കാണാനാവുക.
പല ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങളിലെയും പോലെ കഥാപാത്രങ്ങളെ introduce ചെയ്യാനും അവരെ പ്രേക്ഷകര്‍ക്ക് പരിചിതരാക്കാനും ഏറെ സമയമെടുക്കുന്നുണ്ട് ഈ ചിത്രവും. എന്നാല്‍ വരാന്‍ പോവുന്ന സംഭവങ്ങളിലേക്ക് വ്യംഗ്യമായി വിരല്‍ചൂണ്ടുന്നുമുണ്ട് ഇതിനിടയിലുള്ള പല സംഭവങ്ങളും. പ്രേക്ഷകമനസ്സുകളില്‍ ഇടയ്ക്കൊക്കെ ഒരു അസ്വസ്ഥത ഉണര്‍ത്തി മുന്നോട്ടുപോവുന്ന ചിത്രത്തിന്റെ ഗതി അവസാനത്തോടടുക്കുമ്പോള്‍ മറ്റൊരുദിശയിലേക്ക് മാറുന്നു, ചിത്രത്തിന്റെ അവസാനത്തെ അരമണിക്കൂറോളം നേരം വളരെ ത്രില്ലിംഗാണ്. ബജറ്റ് ഇല്ലായ്മ പല ഗ്രാഫിക്സ് രംഗങ്ങളിലും മുഴച്ചുനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും അത്ര പ്രശ്നമായി തോന്നിയില്ല. അപ്രതീക്ഷിതമായരീതിയിലുള്ള ഒരു അന്ത്യമാണ് ചിത്രത്തിനുള്ളത്. അത്യാവശ്യം ത്രില്ലിംഗ് ആയൊരു ഹൊറര്‍ ചിത്രം കണ്ട സംതൃപ്തി മനസ്സില്‍ ഉണര്‍ത്താന്‍ ചിത്രത്തിനുസാധിച്ചു. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരൊക്കെ തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചു. അത്രയ്ക്ക് അഭിനയിച്ചുതകര്‍ക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഒന്നുംതന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഉള്ളരംഗങ്ങളൊക്കെ മോശമാക്കാതെതന്നെ എല്ലാവരും ചെയ്തു. ഇടയ്ക്കൊക്കെ വന്നുപോവുന്ന one liners പലതും രസകരമായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിലും, പല രംഗങ്ങളിലും 80sലെ ലൊ ബജറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഹോമേജ് നല്‍കിയത് interesting ആയിത്തോന്നി.
പല ബിഗ്‌ ബജറ്റ് ഹൊറര്‍ ത്രില്ലറുകളും ഒരു Impactഉം ഉണ്ടാക്കാതെ കടന്നുപോകുന്ന ഇക്കാലത്ത് അവയെക്കാളുമൊക്കെ മെച്ചപ്പെട്ട, അത്യാവശ്യം ത്രില്ലിംഗ് ആയൊരു അനുഭവമായിരുന്നു ദേ ആര്‍ വാച്ചിംഗ്. ലൊ ബജറ്റ് ഹൊറര്‍ ത്രില്ലറുകളുടെ ആരാധകരുടെ മനസ്സുനിറയ്ക്കാന്‍പോന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.

No comments:

Post a Comment