Friday, September 11, 2015

Room #305 Movie Review

റൂം #305 (Room #305, 2015, Malayalam)
ചരിത്രാതീതകാലം മുതല്‍ക്കേ മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ പ്രാഥമികവികാരങ്ങളില്‍ ഒന്നായിരുന്നു ഭയം. എല്ലാവരും ഭയക്കുന്ന, ഏറ്റവും ശക്തിമാനും വീരനുമായ തങ്ങളിലൊരുത്തനെ തലവനാക്കി അവനില്‍ അഭയം കണ്ടെത്തിയിരുന്നു ശിലായുഗത്തിനും മുന്‍പുള്ള കാലത്തിലെ ഗോത്രവര്‍ഗ്ഗക്കാര്‍കൂടി. എന്നാല്‍, ഈ സര്‍വശക്തനും പുറത്തുകാണിക്കാത്ത ഒരു ഭയം ഉള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടാവും, മരണത്തോടോ, ദൈവത്തോടോ, മറ്റെന്തിനോടെങ്കിലുമോ ഉള്ള ഭയം. അതിനെ മറക്കാന്‍ അവന്‍ കൂടുതല്‍ ഊറ്റം കൊള്ളുകയും മറ്റുള്ളവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവന്‍ ഭയത്തിനതീതനാവുമെന്നും അവന്‍ വിശ്വസിക്കുന്നു. മനുഷ്യരില്‍ മാത്രമല്ല, ഓരോ ജീവജാലത്തിലും തനതായി അടങ്ങിയ ഒരു സ്വഭാവവൈശിഷ്യം ആണത്. ചൊട്ടമുതല്‍ ചുടലവരെ നിലനില്‍ക്കുന്ന ഒന്ന്. ഭയത്തെ ജയിച്ചവന്‍ ദൈവം എന്നാണല്ലോ പഴമൊഴി.
സാഹിത്യരംഗത്തും, പിന്നീടുണ്ടായ നാടകം, സിനിമ തുടങ്ങിയ ദൃശ്യമാദ്ധ്യമങ്ങളിലും ഭയത്തിന് വലിയൊരു സ്ഥാനമുണ്ട്. വായനക്കാരന്റെ/കാഴ്ച്ചക്കാരന്റെ ഭയത്തെ ഉത്തേജിപ്പിക്കുകയും, അവനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്ന കലാസൃഷ്ടികള്‍ ഏറെ ഉണ്ടായിട്ടുണ്ട്. വായനയ്ക്കോ കാഴ്ചയ്ക്കോ ശേഷം ഇതൊന്നും സത്യമല്ല, വെറും കെട്ടുകഥ മാത്രമാണ് എന്നുള്ള ബോധം തിരിച്ചുവരുമ്പോള്‍ അങ്ങനെ ഭയത്തെ കീഴ്പ്പെടുത്തി എന്നോര്‍ത്ത് അവന്റെ ഉപബോധമനസ്സ് ഉല്ലസിക്കുന്നു. എന്നാല്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും, ഇരുട്ടുമുറികളിലോ ഒഴിഞ്ഞ ഇടനാഴികളിലോ ചെല്ലുമ്പോഴും മറ്റും ആ ഭയം, അലോസരപ്പെടുത്തുന്ന ആ ഭയം അവന്റെ മനസ്സില്‍ കയറിവരുന്നു. അവന്‍ പേടിച്ച് അലറുകയോ, മറ്റാരെയെങ്കിലും കൂട്ടുവിളിക്കുകയോ ചെയ്യുന്നു. അങ്ങനെ വായനക്കാരനെ/പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന കലാസൃഷ്ടികള്‍ ആണ് ഈ ജനുസ്സില്‍ ഏറ്റവും ശ്രേഷ്ഠമായവ.
ഇന്ത്യയില്‍ ചലച്ചിത്രങ്ങള്‍ ധാരാളമായി നിര്‍മ്മിക്കപ്പെടാന്‍ തുടങ്ങിയതുമുതല്‍ പല ഭാഷകളിലായി പല ഹൊറര്‍ ചിത്രങ്ങളും വന്നിരുന്നു. എന്നാല്‍ പ്രേക്ഷകമനസ്സില്‍ സ്ഥാനം നേടാന്‍ സാധിച്ച ചിത്രങ്ങള്‍ വിരലില്‍ എണ്ണാവുന്നവ മാത്രം ആയിരിക്കും. അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു മികവുറ്റ സംരംഭമാണ് റൂം 305. കേവലം അഞ്ചരമിനിട്ടുമാത്രം ദൈര്‍ഘ്യമുള്ള ചിത്രം പ്രേക്ഷകനെ ഭീതിയുടെ വിവിധതലങ്ങളിലൂടെ സഞ്ചരിപ്പിച്ച്  ഒടുവില്‍ നിതാന്തഭീതിയുടെ ചുഴിയിലേക്ക് തള്ളിയിടുകയാണ്. തിരിച്ചുകയറാനാവാത്തവിധം ആഴമേറിയ, നീരാളിക്കൈകള്‍ ഉള്ള ഒരു നീര്‍ച്ചുഴി.
നമ്മുടെ ഗ്രൂപ്പ് മെമ്പര്‍കൂടിയായ ശ്രീ.ദില്‍ഷാദ് മുഹമ്മദ്‌ അലി ആണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധൈഷണികനും കുശാഗ്രബുദ്ധിയുമായ ശ്രീ.അബു താഹിറിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ഉദാത്തമായ കഥ ദില്‍ഷാദ് ഉണ്ണികൃഷ്ണനുണ്ണിയുടെ സഹായത്തോടെ അഭ്രപാളികളില്‍ പകര്‍ത്തിയപ്പോള്‍ അത് ലോകസിനിമാചരിത്രത്തിലെതന്നെ പുതിയൊരു ഏടിനാണ് തുടക്കം കുറിച്ചത്. ജോബിന്‍ ജോസഫ്, ദീപ്തി ജോബിന്‍, അല്‍താഫ് ടി.പി, ഷുഹൈല്‍ എം.ഡി.എസ് എന്നിവര്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ നിറയെ ഭീതിദമായ ബിംബങ്ങളും സൂചനകളുമാണ് ആദ്യാവസാനം. ആദ്യസെക്കന്റുമുതല്‍ക്കുതന്നെ വിറയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രേക്ഷകനില്‍ അസ്വസ്ഥതകലര്‍ന്ന ഭയം ഉളവാക്കുന്നു. തുടര്‍ന്ന് മകളോടുള്ള സ്നേഹത്താല്‍ സിഗരറ്റുവലി നിര്‍ത്തുന്ന അച്ഛന്റെ ദൃശ്യവും ഇങ്ങനെ വിറയ്ക്കുമ്പോള്‍ സംവിധായകന്‍ ലക്ഷ്യമാക്കുന്നതും മറ്റൊന്നല്ല. ഇവിടെ ഭീതിനിറഞ്ഞ കണ്ണുകളുള്ള ഒരാള്‍ ചുമയ്ക്കുന്ന രംഗം ടി.വിയില്‍ കാണിച്ചതിലൂടെ വരാന്‍ പോവുന്നതെന്തെന്നതിന്റെ ചെറിയൊരു മുന്നറിയിപ്പുകൂടിയാണ് സംവിധായകന്‍ പ്രേക്ഷകനുനല്‍കുന്നത്. എന്നിട്ടും മനസ്സിലാവാത്തവര്‍ക്കുവേണ്ടി മതമില്ലാത്ത അനീഷ്‌ നമ്പൂതിരിപ്പാടിന്റെ മോണോക്രോം എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രത്തോടുകൂടെ 'മാര്‍ഗദീപമേ നയിച്ചാലും' എന്ന വാക്കുകള്‍ സ്ക്രീനില്‍ തെളിയുന്നു. പ്രഥമദൃഷ്ട്യാ ആ കണ്ണുകളില്‍ പുച്ഛം തുളുമ്പുന്നുവെന്ന് നമുക്ക് തോന്നുമെങ്കിലും ഭീതിയാല്‍ വിറയ്ക്കുന്ന കണ്ണുകളും ചുണ്ടുകളും താടിരോമങ്ങളും ശ്രദ്ധിച്ചുനോക്കിയാല്‍ കാണാനാകുന്നത് പ്രേക്ഷകനെ അദ്ഭുതപരതന്ത്രനാക്കുന്നു. തുടര്‍ന്ന് ഭീതിയുടെ ഒരു ഉത്സവംതന്നെയാണ് നമുക്ക് സ്ക്രീനില്‍ കാണാനാവുക. കഥയെപ്പറ്റി കൂടുതല്‍ പറയുന്നത് ഓരോ സിനിമാപ്രേക്ഷകനോടുമുള്ള ഏറ്റവും വലിയ വഞ്ചനയും അനീതിയും ആകും എന്നതിനാല്‍ അതിലേക്ക് കടക്കുന്നില്ല, പക്ഷേ ഒന്നുമാത്രം പറയട്ടെ.. ഈ അഞ്ചരമിനിറ്റില്‍ നിങ്ങള്‍ സ്ക്രീനില്‍ കാണുന്ന ഓരോ ചെറിയ വസ്തുവിനുപോലും അതിന്റേതായ പ്രാധാന്യമുണ്ട്. മദ്യക്കുപ്പിയ്ക്കും, മേശപ്പുറത്തിരിയ്ക്കുന്ന സൗന്ദര്യവര്‍ദ്ധകലേപനങ്ങള്‍ക്കും മുതല്‍ സ്ക്രീനിന്റെ ഒരറ്റത്ത് വെച്ചിരിക്കുന്ന ഇസ്തിരിപ്പെട്ടിക്കുപോലും പറയാനുണ്ട് കേള്‍വിക്കാരെ അസ്ത്രപ്രജ്ഞരാക്കുന്ന ക്രൂരതയുടെ കഥകള്‍. ആ കഥകള്‍ ഒന്നും പ്രേക്ഷകനെ വിലകുറച്ചുകണ്ട് സ്പൂണ്‍ ഫീഡിംഗ് നടത്താതെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് interpret ചെയ്തെടുക്കാന്‍ പ്രേക്ഷകന്റെ മുന്നിലേക്ക് ഇട്ടുതന്ന സംവിധായകന്റെ ആ ധൈര്യമുണ്ടല്ലോ, എത്ര വാഴ്ത്തിയാലും തീരില്ല. ലോകസംവിധായകര്‍ കണ്ടുപഠിക്കട്ടെ ഈ ചുണക്കുട്ടിയെ! ഉദാഹരണത്തിന് 305 എന്ന റൂം നമ്പര്‍ ശ്രദ്ധിക്കുക. മൂന്നും അഞ്ചും എട്ട്! അകത്തുപ്പെട്ടാല്‍ പിന്നെ പുറത്തിറങ്ങാന്‍ ആവാത്തവിധം വീണ്ടും വീണ്ടും കറക്കുന്ന എട്ട്! പത്ത് അക്കങ്ങള്‍ ഉള്ളതില്‍ അകത്തുകടന്നാല്‍ പുറത്തെത്താന്‍ ആകാത്തവിധം കുടുക്കുന്ന രണ്ടേരണ്ട് അക്കങ്ങളാണ്‌ ഉള്ളത്, എട്ടും പൂജ്യവും. മൂന്നിന്റെയും അഞ്ചിന്റെയും നടുവില്‍ ഒരു തൃക്കണ്ണുപോലെ പ്രേക്ഷകനെ നോക്കുന്ന പൂജ്യവും എട്ടിനെപ്പോലെ കെണിതന്നെയാണല്ലോ!
ചിത്രത്തിലുടനീളമുള്ള ക്യാമറയുടെ ചാഞ്ചാട്ടവും മറ്റും വിഷയത്തോട് അത്യന്തം നീതിപുലര്‍ത്തുന്ന, ഏറെ ബുദ്ധിശാലിയായ സംവിധായകന്‍ ആണ് അദ്ദേഹം എന്ന കാര്യം വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. എല്ലാം അവസാനിച്ചെന്നുകരുതി ആശ്വസിക്കുമ്പോള്‍ ഭീതിദമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ ഒരു രണ്ടാംഭാഗത്തിലേക്കുള്ള വാതിലും തുറന്നിട്ടുകൊണ്ട്‌ ചിത്രം അവസാനിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് കയ്യടിക്കാത്തവര്‍ വിരളമാവും, അഥവാ അങ്ങനെ ചെയ്യാത്തവര്‍ പേടിച്ച് പുതപ്പിനടിയില്‍ ഒളിച്ചിരിക്കുകയാവും!
ഓരോ അഭിനേതാക്കളുടെയും പ്രകടനം എടുത്തുപറയേണ്ടതാണ്. ക്രൂരത കണ്ണുകളില്‍ ഒളിപ്പിച്ച ദീപ്തി മുതല്‍ സ്ഥായീഭാവത്തിലൂടെ പ്രേക്ഷകന്റെ മനസ്സില്‍ ഭീതിജനിപ്പിച്ച ഷുഹൈല്‍ വരെ, നിഗൂഢമായ ഒരു ചിരി ചുണ്ടിലൊളിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച ജോബിന്‍ മുതല്‍ screen space താരതമ്യേന കുറവാണെങ്കിലും കഥാഗതിയില്‍ ഏറെ പ്രാധാന്യമുള്ള ഒരു പ്രത്യേകകഥാപാത്രത്തെ അവതരിപ്പിച്ച അല്‍താഫ് വരെ, എല്ലാവരും മികച്ചപ്രകടനംതന്നെയാണ് കാഴ്ച്ചവെച്ചത്.
ചിത്രത്തിന്‍റെ വിജയത്തിന് പങ്കുവഹിച്ച മറ്റൊരു പ്രധാനഘടകമാണ് പശ്ചാത്തലസംഗീതം. ചുരുങ്ങിയ കാലയളവില്‍ത്തന്നെ മലയാളിയുടെ സംഗീതാഭിരുചിയുടെ ലോലതന്തു തൊട്ടറിഞ്ഞ ശ്രീ.നൗഫല്‍ യൂസഫ്‌ നമ്പിടിയാണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം നിര്‍വഹിച്ചത്. ഭയം മുറ്റിനില്‍ക്കുന്ന ശബ്ദവിസ്മയങ്ങളാലും, വേണ്ടയിടങ്ങളിലൊക്കെ അതിലേറെ ഭീതിദമായ നിശബ്ദതയാലും അദ്ദേഹം പ്രേക്ഷകനെ വിസ്മയിപ്പിച്ചു. പശ്ചാത്തലസംഗീതം എന്നാല്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും കാതടപ്പിക്കുന്ന പാശ്ചാത്യസംഗീതോപകരണങ്ങളുടെ അമിതോപയോഗം ആണെന്ന് ധരിച്ചുവെച്ച കൂപമണ്ഡൂകങ്ങളായ സംഗീതസംവിധായകര്‍ക്ക് പലതും നമ്പിടിയില്‍നിന്ന് പഠിക്കാനുണ്ടെന്ന വാദം ഈ ചിത്രത്തിലൂടെ അദ്ദേഹം അരക്കിട്ടുറപ്പിക്കുന്നു.
സാങ്കേതികമായി ഏറെ മികച്ചുനില്‍ക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം പ്രശസ്ത അഭിഭാഷകനായ ജയ്‌ദീപ് നായര്‍ നിര്‍വഹിച്ചപ്പോള്‍ ചിത്രസംയോജനം പ്രതിഭാധനനായ ഗാര്‍ലിന്‍ വിന്‍സന്‍റ് ഭംഗിയാക്കി. സംഭാഷണങ്ങള്‍ ഇല്ലാത്ത ഈ ചിത്രത്തിന്‍റെ ഡയലോഗുകള്‍ രചിച്ചത് ശ്രീ.അബി അബന്‍ ആയിരുന്നു. മറിന്‍ ബാബുവിന്റെയും സീമാ രാജേഷിന്റെയും മേക്ക്അപ്പ് പ്രേക്ഷകഹൃദയങ്ങളില്‍ ഭീതിയുടെ അളവുകൂട്ടാന്‍ സഹായകമായി. ഋഷിദേവിയുടെ പ്രകാശസന്നാഹവും സെബിന്‍ ജോസിന്റെ ഗതാഗതവും മികവുപുലര്‍ത്തി. ചിത്രത്തിന്‍റെ റിലീസിന് ഒരാഴ്ചമുന്‍പേ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രത്തിന്‍റെ നിശ്ചലദൃശ്യങ്ങള്‍ പകര്‍ത്തിയതിന് രഞ്ജിത്ത് കുറുപ്പ് അഭിനന്ദനവും പൂച്ചെണ്ടും അര്‍ഹിക്കുന്നു.
നിങ്ങളുടെ സിനിമാസങ്കല്‍പ്പങ്ങളെ മാറ്റിയെഴുതുന്ന, ഭയത്തിന്റെ ആഴങ്ങളിലേക്ക് നിങ്ങളെ തള്ളിയിടുന്ന ഒരു നൂതനാനുഭവമാണ് റൂം 305. ലോലഹൃദയരും ഗര്‍ഭിണികളും ഒഴികെ മറ്റുള്ളവര്‍ കാണാന്‍ ശ്രമിക്കുക. കാത്തിരിക്കുന്നു, റൂം 306നായി.


ചിത്രം കാണാന്‍:

2 comments: