Friday, November 6, 2015

Purgatorio / Purgatory Movie Review

പുര്‍ഗറ്റോറിയോ (Purgatario, 2014, Spanish)
കത്തോലിക്കാവിശ്വാസപ്രകാരം മരണത്തിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ യോഗ്യരായവര്‍ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കുന്നതിനുമുന്‍പുള്ള ഒരു താല്‍ക്കാലികമായ അവസ്ഥയാണത്രേ purgatory. ഒരു ശുദ്ധീകരണപ്രക്രിയയിലൂടെ ആത്മാവ് കടന്നുപോവുന്ന അവസ്ഥ. എന്തായാലും സിന്ദഗി നാ മിലേഗി ദൊബാരായിലും മറ്റുചില സ്പാനിഷ്‌ ചിത്രങ്ങളിലും അസിസ്റ്റന്റ്‌ ആയി പ്രവര്‍ത്തിച്ച Pau Texidor ഒരുക്കിയ അതേപേരിലുള്ള സ്പാനിഷ്‌ ചിത്രം ഒരു ഹൊറര്‍ ത്രില്ലറാണ്. ഗെയിം ഓഫ് ത്രോണ്‍സിലൂടെയും ഷെര്‍ലക്കിലൂടെയും മറ്റും അന്താരാഷ്‌ട്രശ്രദ്ധ പിടിച്ചുപറ്റിയ Oona Chaplin ആണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ കുറഞ്ഞ ബജറ്റില്‍ ഒരു അപ്പാര്‍ട്ടുമെന്റില്‍ വെച്ച് ഒരുക്കിയ ഈ ചിത്രത്തില്‍ അവരെക്കൂടാതെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത് Sergi Méndez, Andrés Gertrúdix തുടങ്ങിയവരാണ്.
പുതിയൊരു ഫ്ലാറ്റിലേക്ക് താമസം മാറിയ ദമ്പതികളായ മാര്‍ത്തയും ലൂയിസും ആ ഫ്ലാറ്റ് വാസയോഗ്യമാക്കാന്‍ ഒരുക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. തലേദിവസമോ മറ്റോ മാത്രമാണ് അവര്‍ ആ ഫ്ലാറ്റിലേക്ക് മാറിയത് എന്നതിനാല്‍ റൂമുകളുടെ സജ്ജീകരണവും മറ്റും പൂര്‍ത്തിയായിട്ടില്ല. അതിനിടെ ഓഫീസില്‍ മറ്റൊരാള്‍ക്ക് അപ്രതീക്ഷിതമായി ലീവ് എടുക്കേണ്ടിവന്നതിനാല്‍ ലൂയിസിന് വൈകുന്നേരത്തെ ഷിഫ്റ്റില്‍ ഓഫീസിലേക്ക് പോവേണ്ടിവരുന്നു. ഇരുട്ടിക്കഴിഞ്ഞശേഷം മാര്‍ത്ത ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ മാര്‍ത്തയുടെ അടുത്തുവന്ന് അവരുടെ ഭര്‍ത്താവ് ഒരു അപകടത്തില്‍ പെട്ടു, അതിനാല്‍ അവര്‍ അയാളെ കണ്ട് മടങ്ങിവരുന്നതുവരെ തന്റെ മകനെ ഒന്ന് നോക്കാമോ എന്ന് ആവശ്യപ്പെടുന്നു. അവര്‍ പോയശേഷം ഫ്ലാറ്റില്‍ മാര്‍ത്തയും പതിനൊന്നുവയസ്സുകാരന്‍ ഡാനിയലും മാത്രമാവുന്നു.പിന്നീട് അവിടെ സംഭവിക്കുന്ന അവിശ്വസനീയമായ സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
പുതിയൊരു വീട്, അവിടേക്ക് മാറുന്ന കുടുംബം ഇതൊക്കെ കണ്ടപ്പോള്‍ ഇല്ലാത്ത പൈസ കൊടുത്ത് തീയറ്ററില്‍ വന്നത് ഈ ക്ലീഷേ കാണാന്‍ ആണല്ലോ എന്ന് തോന്നിപ്പോയെങ്കിലും ചിത്രം പോകെപ്പോകെ interesting ആയി മാറുകയായിരുന്നു. പെട്ടെന്ന് ശബ്ദം ഉണ്ടാക്കിയും രൂപങ്ങള്‍ കാണിച്ചും പ്രേക്ഷകനെ പേടിപ്പിക്കാന്‍ ശ്രമിക്കാതെ abnormal ആയ ചില സന്ദര്‍ഭങ്ങളിലൂടെ പ്രേക്ഷകന്റെ മനസ്സില്‍ ഒരു ഭീതി ഉളവാക്കാന്‍ സംവിധായകന് സാധിച്ചു. ഒരു ഹൊറര്‍ ത്രില്ലര്‍ ആണെങ്കിലും മികച്ചൊരു ഇമോഷണല്‍ പശ്ചാത്തലവും ചിത്രത്തിനുണ്ട്. ചിത്രത്തിന്‍റെ അടിത്തറ ശക്തമാക്കാന്‍ അത് സഹായിച്ചു. അവസാനത്തോട് അടുക്കുമ്പോള്‍ പ്രേക്ഷകമനസ്സിനെ വൈകാരികമായി സ്പര്‍ശിക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. ആദ്യാവസാനം ഒരു നിഗൂഢതനിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ സംവിധായകന് സാധിച്ചു.
Oona Chaplin തന്റെ വേഷം ഭംഗിയാക്കി. ഡാനിയലിനെ അവതരിപ്പിച്ച പയ്യനും കൊള്ളാമായിരുന്നു. ചിത്രത്തിന്‍റെ 80%ഉം ഇവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബാക്കി നടീനടന്മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.
ഒട്ടും വലിച്ചുനീട്ടാതെ ഒന്നരമണിക്കൂറിലും താഴെനിന്നുകൊണ്ട് മികച്ചരീതിയില്‍ത്തന്നെ ചിത്രത്തെ വാര്‍ത്തെടുത്തിട്ടുണ്ട് സംവിധായകനും കൂട്ടരും. പേടിപ്പിക്കുന്നതിനോടൊപ്പം പ്രേക്ഷകഹൃദയങ്ങളെ സ്പര്‍ശിക്കുകകൂടി ചെയ്യുന്ന നല്ലൊരു ചിത്രമാണ് പുര്‍ഗറ്റോറിയോ. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment