Saturday, November 14, 2015

Return of the Cuckoo Movie Review

റിട്ടേണ്‍ ഓഫ് ദ കുക്കൂ (Return of the Cuckoo, 2015, Cantonese)
ഇതേപേരില്‍ പതിനഞ്ചുവര്‍ഷം മുന്‍പ് പ്രക്ഷേപണം ചെയ്തിരുന്ന ടിവി സീരീസിന്റെ തുടര്‍ച്ച എന്നോണം നിര്‍മ്മിക്കപ്പെട്ട ചലച്ചിത്രമാണ് ഇത്. Patrick Kong സംവിധാനം ചെയ്ത ചിത്രത്തില്‍ Julian Cheung, Charmaine Sheh, Nancy Sit, Joe Chen തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മകാവുവില്‍ ജീവിക്കുന്ന യുവാവായ മാന്‍ ചോവിന്റെ ആഖ്യാനത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കാര്‍ ഡ്രൈവര്‍ ആയ മാന്‍ ചോവിന്റെയും അയാളുടെ വളര്‍ത്തമ്മയുടെയും മറ്റും ജീവിതത്തിലേക്ക് വളര്‍ത്തമ്മയുടെ മകളായ ക്വാന്‍ഹോ തിരിച്ചുവരികയും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്റരുകാരുടെ ഫേസ്ബുക്ക് പേജില്‍ ടിവി സീരീസ് കാണാതെ ഇത് കണ്ടാല്‍ ആസ്വദിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ 'ഒരു കുഴപ്പോമില്ല മോനേ, കേറിപ്പോരെ' എന്ന് മറുപടി കിട്ടിയതുകൊണ്ടാണ് പടം കാണാം എന്നുവെച്ചത്. എന്നാല്‍ കണ്ടപ്പോള്‍ പല സംഭവങ്ങളും കണക്റ്റ് ചെയ്യാന്‍ പറ്റാതെ വന്നു. നായികാനായകന്മാരുടെ ബന്ധം തന്നെ അവ്യക്തത നിറഞ്ഞതായിരുന്നു. പിന്നെ വന്ന് വിക്കിയില്‍ നോക്കിയപ്പോഴാണ് ഊഹങ്ങള്‍ എത്രത്തോളം ശരിയാണെന്ന് മനസ്സിലായത്.
പഴയൊരു സീരിയലിലെ മിക്ക കഥാപാത്രങ്ങളെയും അതേ നടീനടന്മാരെക്കൊണ്ടുതന്നെ അവതരിപ്പിപ്പിക്കാന്‍ സാധിച്ചതില്‍ സംവിധായകന്‍ വിജയിച്ചു. പഴയ സീരീസിലെ സംഭവങ്ങളെ ചിത്രത്തില്‍ അവിടിവിടായി പ്രതിപാദിച്ചത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നാണ് അടുത്തിരുന്നവരുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലായത്. എങ്കിലും ടിവി സീരീസ് കാണാത്ത ഒരാള്‍ക്ക് ഈ സിനിമ കാര്യമായ entertainment ഒന്നും തരാന്‍ ഇടയില്ല.
നടീനടന്മാര്‍ ഒക്കെ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. നല്ല പല രംഗങ്ങളും ചിത്രത്തിലുണ്ട്. എന്നാലും ഒറിജിനല്‍ ടിവി സീരീസ് കാണാത്ത ഒരാളെ പിടിച്ചിരുത്താന്‍ മാത്രം സവിശേഷതകള്‍ ഒന്നും ചിത്രത്തിന് ഇല്ല. കുറേ drama ചിത്രങ്ങള്‍ വരുന്നു, അതിനിടയില്‍ ഇതും. Asian dramas കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് വെറുതെ ഒന്ന് കാണാം വേണമെങ്കില്‍.

No comments:

Post a Comment