Friday, November 20, 2015

Sad Movie aka Saedu Mubi Movie Review

സാഡ് മൂവി (Saedu Mubi aka Sad Movie, 2005, Korean)
Kwon Jong-kwanന്റെ സംവിധാനത്തില്‍ പുറത്തുവന്ന സൗത്ത് കൊറിയന്‍ ചിത്രമായിരുന്നു സാഡ് മൂവി. Jung Woo-sung as Lee Jin-wo, Im Soo-jung, Cha Tae-hyun, Son Tae-young, Yum Jung-ah, Yeo Jin-goo, Shin Min-a എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം സൗത്ത് കൊറിയയിലെ ഒരു നഗരത്തിലെ കുറച്ചുപേരുടെ കഥകളാണ് പറയുന്നത്.
ഒരു ടിവിചാനലിലെ വാര്‍ത്തയില്‍ ബധിരര്‍ക്കായി ആംഗ്യഭാഷയിലുള്ള തര്‍ജമ അവതരിപ്പിക്കുന്ന സൂ ജോങ്ങ്, അവരുടെ ബോയ്‌ഫ്രണ്ട് ആയ അഗ്നിരക്ഷാപ്രവര്‍ത്തകന്‍ ജിന്‍വൂ, സൂ ജോങ്ങിന്റെ ബധിരയായ, ഒരു തീം പാര്‍ക്കില്‍ കാര്‍ട്ടൂണ്‍ വേഷത്തിന്റെ ജോലി ചെയ്യുന്ന സഹോദരി സൂയൂന്‍, സൂയൂനിന് ഏറെ ഇഷ്ടമുള്ള ചിത്രകാരന്‍ സാങ്ങ് ഗ്യു, കാന്‍സര്‍ ബാധിതയായ ജുയങ്ങ്, അവരുടെ മകന്‍ ഹീചാന്‍, ഒരു ഷോപ്പിംഗ്‌ മാളില്‍ ജോലിചെയ്യുന്ന സാക്ഹ്യുന്‍, ബോക്സറായ അവരുടെ ബോയ്‌ഫ്രണ്ട് ഹാസെയോക് എന്നിവരുടെ ബന്ധങ്ങളില്‍ ഉണ്ടാവുന്ന ഉലച്ചിലുകളിലൂടെയും മറ്റുമാണ് ചിത്രം മുന്നോട്ടുപോവുന്നത്. പേരുപോലെ ആദ്യാവസാനം ഒരു ദുഃഖചിത്രമൊന്നും അല്ല ഇത്. രസകരമായ, മനസ്സുനിറയ്ക്കുന്ന ഒരുപാട് മികച്ച രംഗങ്ങള്‍ ചിത്രത്തിലുണ്ട്. വളരെ മെല്ലെയാണ് മുന്നോട്ടുപോവുന്നതെങ്കിലും ഒട്ടും ബോര്‍ അടിക്കാത്തരീതിയിലാണ് ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അവസാനരംഗങ്ങള്‍ ചിലപ്പോഴെങ്കിലും അല്‍പം നാടകീയമായോ എന്നൊരു സംശയം തോന്നാമെങ്കിലും രണ്ടുതുള്ളി കണ്ണുനീര്‍ ഇറ്റിച്ചുകൊണ്ടേ എനിക്ക് ഈ ചിത്രം മുഴുമിപ്പിക്കാന്‍ സാധിച്ചുള്ളൂ.
അഭിനേതാക്കളുടെ സൂക്ഷ്മഭാവങ്ങള്‍ വരെ വെള്ളിത്തിരയിലേക്ക് പകര്‍ത്തുന്നതില്‍ കൊറിയന്‍ സംവിധായകര്‍ക്ക് ഒരു പ്രത്യേകകഴിവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, ഇതിലും ആ പതിവ് സംവിധായകന്‍ തെറ്റിച്ചില്ല. ഓരോ അഭിനെതാവില്‍നിന്നും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കഥാപാത്രങ്ങളുടെ വികാരങ്ങള്‍ പ്രേക്ഷകനെക്കൂടി അനുഭവിപ്പിക്കാന്‍സാധിച്ചു എന്നത് വലിയൊരു നേട്ടംതന്നെയാണ്. പ്രത്യേകിച്ച് കാന്‍സര്‍ ബാധിച്ച അമ്മയോടുള്ള മകന്റെ (ഈ പോസ്റ്ററില്‍ ഏറ്റവും താഴെ ഉള്ളവര്‍) സ്നേഹവും മറ്റും ഏറെ നോവിപ്പിക്കുന്നു. ആ പയ്യന്‍ അമ്മേ എന്നുവിളിച്ച് ഓടിച്ചെല്ലുമ്പോള്‍ ഭയങ്കര ഫീല്‍ ആണ്. എല്ലാ നടീനടന്മാരും മികച്ചപ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും Im Soo-jung, Shin Min-a, Yeo Jin-goo, Cha Tae-hyun എന്നിവരുടെ പ്രകടനങ്ങള്‍ കൂടുതല്‍ തിളക്കമേറിയവ ആയിരുന്നു.  മികച്ച പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ പ്രത്യേകത ആയിരുന്നു.
സാധാരണമനുഷ്യരുടെ കഥകള്‍ പറയുന്ന, മനസ്സിനെ സ്പര്‍ശിക്കുന്ന നല്ല ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും കാണേണ്ട ഒരു ചിത്രംതന്നെയാണ് സാഡ് മൂവി. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment