Friday, November 13, 2015

Pushing Hands Movie Review

പുഷിംഗ് ഹാന്‍ഡ്‌സ് (Pushing Hands, 1992, Taiwanese)
ബ്രോക്ക്ബാക്ക് മൗണ്ടന്‍, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ആങ്ങ് ലീയുടെ ആദ്യചിത്രമാണ് പുഷിംഗ് ഹാന്‍ഡ്‌സ്. 1992ല്‍ തായ്വാനില്‍ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ആങ്ങ് ലീയുടെ പിന്നീടുള്ള രണ്ട് ചിത്രങ്ങളും അന്താരാഷ്‌ട്രശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ അദ്ദേഹത്തിന്‍റെ ആദ്യചിത്രം എന്ന നിലയില്‍ പുഷിംഗ് ഹാന്‍ഡ്‌സും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആങ്ങ് ലീയുടെ 'Father Knows Best'സീരീസിലെ ആദ്യചിത്രമാണ് പുഷിംഗ് ഹാന്‍ഡ്‌സ്.
ന്യൂയോര്‍ക്കില്‍ വന്ന് ഒരു അമേരിക്കക്കാരിയെ വിവാഹം ചെയ്ത് ജീവിക്കുന്ന മകനോടും കുടുംബത്തോടും ഒപ്പം താമസിക്കാന്‍ എത്തുന്ന ചൈനക്കാരന്‍ തായ്ചി മാസ്റ്റര്‍ ചുവിന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ മരുമകളുമായി ഇടപഴകുന്നതിന് ഭാഷ ഒരു പ്രശ്നം ആയതിനാല്‍ അവര്‍ തമ്മില്‍ പല അസ്വാരസ്യങ്ങളും ഉണ്ടാകുന്നു. പിന്നീട് വിധവയായ മിസ്സിസ് ചെന്നിനെ ചു പരിചയപ്പെടുകയും അവര്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കുകയും മറ്റും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തില്‍ സംവിധായകന്‍ പ്രേക്ഷകനായി ഒരുക്കിയിരിക്കുന്നത്.
വളര്‍ന്നുവരുന്ന ഒരു സംവിധായകനെ നമുക്ക് ഈ ചിത്രത്തിലൂടെ കാണാന്‍ സാധിക്കും. ഇതും രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹംതന്നെ സംവിധാനം ചെയ്ത ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍ എന്ന ചിത്രവും കണ്ടാല്‍ മനസ്സിലാവും അദ്ദേഹം സംവിധായകനെന്ന നിലയില്‍ എത്ര മുന്നോട്ടുപോയി എന്ന്. എങ്കിലും അത്യാവശ്യം നന്നായിത്തന്നെ തന്റെ ആദ്യചിത്രം ഒരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഞാന്‍ ഇത് കാണുന്നതിനുമുന്‍പുതന്നെ ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍ കണ്ടതുകൊണ്ട് അതിന്റെ അത്ര എന്നെ രസിപ്പിക്കാനോ സ്പര്‍ശിക്കാനോ ഈ ചിത്രത്തിന് സാധിച്ചില്ല എന്നുവേണം പറയാന്‍. എങ്കിലും മനുഷ്യബന്ധങ്ങള്‍ നല്ലരീതിയില്‍ realistic ആയി വരച്ചുകാട്ടിക്കൊണ്ട് അദ്ദേഹം തന്റെ ഉള്ളിലെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രേക്ഷകന് കാട്ടിത്തരുന്നു ചിത്രത്തിലൂടെ.
ആങ്ങ് ലീയുടെ തുടര്‍ന്നുള്ള രണ്ട് ചിത്രങ്ങളിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ Sihung Lung തന്നെയാണ് ഈ ചിത്രത്തിലും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹം ഉള്‍പ്പെടെ എല്ലാവരും മികച്ചരീതിയില്‍ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സാങ്കേതികമേഖലകള്‍ എല്ലാം നിലവാരം പുലര്‍ത്തി.
നല്ല കുറച്ച് നിമിഷങ്ങള്‍ ഉണ്ടെന്നൊഴിച്ചാല്‍ പൂര്‍ണ്ണമായും എന്നെ ആകര്‍ഷിക്കാന്‍ ഈ ചിത്രത്തിന് സാധിച്ചില്ല എന്നുതന്നെവേണം പറയാന്‍. ഒരു ലോകപ്രശസ്തസംവിധായകന്റെ തുടക്കം എന്ന നിലയ്ക്ക് ഒന്ന് കണ്ടുനോക്കാം വേണമെങ്കില്‍.

No comments:

Post a Comment