Monday, October 19, 2015

Aftershock Movie Review

ആഫ്റ്റര്‍ഷോക്ക്‌ (Aftershock, 2012, English)
നിക്കോളാസ് ലോപ്പസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന disaster movie ആണ് ആഫ്റ്റര്‍ഷോക്ക്‌. സംവിധായകനോടൊപ്പം Eli Roth, Guillermo Amoedo എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രത്തില്‍ Eli Roth, Andrea Osvárt, Ariel Levy, Natasha Yarovenko, Nicolás Martínez, Lorenza Izzo എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.
ചിലിയില്‍ വെക്കേഷന്‍ ആഘോഷിക്കാനായി എത്തിയ മൂന്ന് കൂട്ടുകാര്‍ ഒരു പബ്ബില്‍ വെച്ച് മൂന്ന് യുവതികളെ പരിചയപ്പെടുന്നു. അവര്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനിടെ സുനാമിയുടെ മുന്നോടിയായ ഭൂമികുലുക്കം ഉണ്ടാകുന്നു. ആ ഭൂമികുലുക്കത്തില്‍ അവിടത്തെ ജയില്‍ തകരുകയും തടവുപുള്ളികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. അവസരം മുതലെടുത്ത്‌ അവര്‍ നഗരത്തില്‍ മോഷണവും മറ്റും നടത്താന്‍ ശ്രമിക്കുന്നു. ദുരന്തത്തില്‍നിന്നും തടവുപുള്ളികളില്‍നിന്നും രക്ഷപ്പെടാനുള്ള നായികാനായകന്മാരുടെ പരിശ്രമങ്ങളാണ് ചിത്രത്തില്‍ പിന്നീട്. 2010ല്‍ ചിലിയില്‍ നടന്ന ഭൂമികുലുക്കത്തെയും സുനാമിയും അനുബന്ധിച്ചുണ്ടായ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ കുറെയൊക്കെ സിനിമാറ്റിക് ഫീല്‍ ഇല്ലാതെ യഥാര്‍ത്ഥസംഭവങ്ങള്‍ കാണുന്ന ഫീല്‍ ചിത്രം തരുന്നുണ്ട്.
സാധാരണ പ്രകൃതിദുരന്തചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ കഥാപാത്രസൃഷ്ടി ഈ ചിത്രത്തിന്‍റെ പ്രത്യേകത ആണ്. സാധാരണ അധികം സിനിമകളിലും എല്ലാവരും പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കുകയും അതിനായി പലപ്പോഴും സ്വന്തം ജീവന്‍ വരെ നല്‍കുകയും ചെയ്യുന്നത് കാണാന്‍ സാധിക്കുമെങ്കില്‍ ഈ ചിത്രത്തില്‍ യാഥാര്‍ത്ഥ്യത്തോട് കുറച്ചുകൂടി അടുത്തുനില്‍ക്കുന്ന കഥാപാത്രങ്ങളാണ് ഉള്ളത്. എങ്ങനെയെങ്കിലും സ്വന്തം ജീവന്‍ രക്ഷിക്കാനും അതിനുവേണ്ടി എന്തും ചെയ്യാനും തയ്യാറാവുന്ന ആളുകളെ ചിത്രത്തില്‍ കാണാം. മറ്റൊരു കാര്യം ഈ ചിത്രം ഒരു disaster movie ആണെന്ന് അറിഞ്ഞുകൊണ്ടാണ് കാണാന്‍ തുടങ്ങിയതെങ്കിലും പോകെപ്പോകെ അക്കാര്യം മറന്നുപോയിരുന്നു. പിന്നെ ഭൂമികുലുക്കം ഉണ്ടായപ്പോഴാണ് ഇത് അങ്ങനത്തെയൊരു സിനിമ ആണല്ലോ എന്നോര്‍ത്തത്.
തിരക്കഥയിലും മേക്കിങ്ങിലും ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒഴിച്ച് കാര്യമായി പുതുമകള്‍ ഇല്ലെങ്കിലും വൃത്തിയായി execute ചെയ്തതിനാലും നടീനടന്മാരുടെ വിശ്വസനീയമായ പ്രകടനങ്ങള്‍ ഉള്ളതിനാലും കണ്ടിരിക്കാവുന്ന ഒരു സൃഷ്ടിതന്നെയാവുന്നു ആഫ്റ്റര്‍ഷോക്ക്‌. ദുരന്തചിത്രങ്ങള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഒന്ന് കണ്ടുനോക്കാം.

No comments:

Post a Comment