Sunday, October 4, 2015

Lost In Hong Kong Movie Review

ലോസ്റ്റ്‌ ഇന്‍ ഹോങ്ങ്കോങ്ങ് (Lost in Hongkong, 2015, Mandarin)
ഹാസ്യചിത്രങ്ങള്‍ തീയറ്ററില്‍ കാണുന്നത് ഒരു പ്രത്യേകരസമാണ്. അതും നിറഞ്ഞൊരു സദസ്സില്‍. അങ്ങനെ കാണാന്‍ സാധിച്ച ചിത്രമാണ് ലോസ്റ്റ്‌ ഇന്‍ ഹോങ്ങ്കോങ്ങ്. സെപ്റ്റംബര്‍ അവസാനവാരം റിലീസ് ചെയ്ത ഈ ചിത്രം ഒരാഴ്ചയ്ക്കകം 167 million USD കളക്റ്റ് ചെയ്തുകൊണ്ട്  ചൈനയിലെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റുകളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ലോസ്റ്റ്‌ ഇന്‍ തായ്ലാന്‍ഡ്‌ എന്ന മറ്റൊരു മെഗാഹിറ്റ് ചിത്രത്തിനുശേഷം Xu Zheng സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹംതന്നെയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. അദ്ദേഹത്തെക്കൂടാതെ Zhao Wei, Bao Bei'er, Du Juan എന്നിവരും മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു മുഴുനീളഹാസ്യചിത്രമാണ്.

1993-1994 കാലഘട്ടം. ചിത്രകലാവിദ്യാര്‍ഥികളായ ക്സു ലായിയും യാങ്ങ് ലിയും പ്രണയബദ്ധരാകുന്നു. എന്നാല്‍ ഒരു സ്കോളര്‍ഷിപ്പ് ലഭിച്ച് ഹോങ്ങ്കോങ്ങിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി യാങ്ങ്‌ ലി പോയത് ആ പ്രണയം മുന്നോട്ടുപോകാതിരിക്കാന്‍ കാരണമാകുന്നു. പിന്നീട് കോളേജിലെ മറ്റൊരു വിദ്യാര്‍ഥിനിയായ കായ് ബോവിനെ വിവാഹം കഴിച്ച ക്സു ലായി അനന്തരം തന്റെ ചിത്രകലാസ്വപ്‌നങ്ങള്‍ മാറ്റിവെച്ച് ഭാര്യയുടെ അച്ഛന്റെ അടിവസ്ത്രബിസിനസ്സില്‍ ഡിസൈനര്‍ ആയി ചേരുന്നു. ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം ഒരുനാള്‍ തന്റെ പഴയ പ്രണയിനിയുടെ ചിത്രപ്രദര്‍ശനം ഹോങ്ങ്കോങ്ങില്‍ നടക്കുന്നുണ്ടെന്നറിഞ്ഞ ക്സു ലായ് അവരെ രഹസ്യമായി കണ്ടുമുട്ടാന്‍ പ്ലാന്‍ ചെയ്യുന്നു. എന്നാല്‍ ഇതിനിടയിലൂടെ ക്സു ലായിയുടെ ശല്യക്കാരനായ ഭാര്യാസഹോദരന്‍ ലാല കടന്നുവരുന്നതോടെ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിയുകയും അവര്‍ കൂടുതല്‍ പ്രശ്നങ്ങളില്‍ കുടുങ്ങുകയും ചെയ്യുന്നു. പിന്നീട് സംഭവിക്കുന്ന രസകരമായ കാര്യങ്ങളും മറ്റുമാണ് സംവിധായകന്‍ ചിത്രത്തിലൂടെ പറയുന്നത്.
ബോക്സ്‌ഓഫീസ് വിജയം ലക്ഷ്യമിട്ടുകൊണ്ട് ഒരു മുഴുനീള entertainer ആയിത്തന്നെയാണ്‌ സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. മിക്കവാറും ഒരിടത്തും പ്രേക്ഷകനെ ബോറടിപ്പിക്കാതെ വളരെ crisp and engaging ആയ ഒരു ചിത്രം ഒരുക്കാന്‍ സംവിധായകന് സാധിച്ചു. കോമഡികള്‍ മിക്കവാറും slapstick ഗണത്തില്‍ പെടുത്താവുന്നത് ആയിരുന്നെങ്കിലും സിനിമയുടെ ഫ്ലോയോട് യോജിച്ചുപോയതിനാല്‍ ചിരിക്കുള്ള വകയായി. ഇമോഷണല്‍ രംഗങ്ങള്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മനസ്സിനെ സ്പര്‍ശിക്കാന്‍ അവയ്ക്ക് സാധിച്ചു. പ്രധാനനടീനടന്മാര്‍ എല്ലാവരും നല്ല പ്രകടനംതന്നെ കാഴ്ചവെച്ച ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും സന്ദര്‍ഭങ്ങളോട് യോജിച്ചുപോന്നു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം സാമാന്യം നിലവാരം പുലര്‍ത്തി.
ബോറടിക്കാതെ രസിച്ചുകാണാവുന്ന ഒരു light hearted comedy ചിത്രംതന്നെയാണ് ലോസ്റ്റ്‌ ഇന്‍ ഹോങ്ങ്കോങ്ങ്. അത്തരം ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക. സംവിധായകന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു.

No comments:

Post a Comment