Thursday, October 29, 2015

Paranormal Activity Ghost Dimension Movie Review

പാരാനോര്‍മല്‍ ആക്ടിവിറ്റി ഘോസ്റ്റ് ഡയമെന്‍ഷന്‍ (Paranormal Activity Ghost Dimention, 2015, English)
പാരാനോര്‍മല്‍ ആക്ടിവിറ്റി സീരീസിലെ അഞ്ചാമത്തെയോ ആറാമത്തെയോ അതോ ഏഴാമത്തെയോ പടം. അങ്ങനെ പറഞ്ഞതെന്തെന്നുവെച്ചാല്‍, ഞാന്‍ പടത്തിനുപോയപ്പോള്‍ അഞ്ചാമത്തെ പടമാണെന്ന് കരുതിയത്, പക്ഷേ തിരിച്ചുവന്ന് വിക്കി നോക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അഞ്ചാമത്തെ പടം ഇറങ്ങിയിട്ടുണ്ട്, അത് കാണാന്‍ വിട്ടുപോയിരുന്നു. പിന്നെ ഒരു ജാപ്പനീസ് സ്പിന്‍ഓഫും കണക്കില്‍ എടുത്താല്‍ ഏഴാമത്തെ ആണ് ഇത്. എന്തായാലും സീരീസിലെ കഴിഞ്ഞ പടങ്ങളില്‍നിന്നും വ്യത്യസ്തമായി ഇത്തവണ ത്രീഡിയില്‍ ആണ് ആക്ടിവിറ്റി നടക്കുന്നത്. പക്ഷേ ഞാന്‍ ഒരു ടുഡി സ്ക്രീനില്‍ ആണ് ചിത്രം കണ്ടത്, അതിനാല്‍ ത്രീഡി എഫക്റ്റ്സ് എങ്ങനെ ഉണ്ടെന്നുപറയാന്‍ ഞാന്‍ ആളല്ല. ചിത്രത്തിലേക്ക് വരാം.

മൂന്നാമത്തെ ആക്ടിവിറ്റിയിലെ ഒരു രംഗത്തിന്റെ തുടര്‍ച്ചയായുള്ള ഒരു സീനിനുശേഷം വര്‍ത്തമാനകാലത്തേക്ക് വരുന്ന ചിത്രത്തില്‍ കഥാനായകനായ റയാന്‍ ക്രിസ്മസ്സിനായി തന്റെ വീട് ഒരുക്കുന്നതിനിടയില്‍ പത്തിരുപത്തഞ്ചുകൊല്ലം പഴക്കമുള്ള ഒരു വീഡിയോ ക്യാമറയും കുറേ കാസറ്റുകളും തന്റെ വീട്ടില്‍നിന്ന് കണ്ടെടുക്കുന്നു. അവയില്‍ പഴയ ആക്ടിവിറ്റികളിലെ കഥാപാത്രങ്ങളായ കേറ്റിയുടെയും ക്രിസ്റ്റിയുടെയും കുട്ടിക്കാലത്തെ ഹിപ്നോട്ടിസവും മറ്റും റയാന്‍ കാണുന്നു. അതിനിടെ എല്ലാ ഇംഗ്ലീഷ് സിനിമകളിലെയും പോലെ റയാന്റെ ആറുവയസ്സുകാരി മകള്‍ ഒരു സാങ്കല്‍പ്പികസുഹൃത്തുമായി സംസാരിക്കാന്‍ തുടങ്ങുന്നു, വീട്ടില്‍ അസ്വാഭാവികമായ കാര്യങ്ങള്‍ സംഭവിക്കുന്നു, ഇവര്‍ ക്യാമറ സെറ്റ് ചെയ്യുന്നു, അതില്‍ വിചിത്രമായ കാര്യങ്ങള്‍ കാണുന്നു, പള്ളീലച്ചനെ വിളിക്കുന്നു, ബാധ ഒഴിപ്പിക്കാന്‍ നോക്കുന്നു എന്നുതുടങ്ങി എല്ലാ ഐറ്റംസും യഥാക്രമം നടക്കുന്നു. ഒടുവില്‍ എല്ലാ ആക്ടിവിറ്റികളും അവസാനിക്കുന്നപോലെ ഇതും അവസാനിക്കുന്നു.
കുറഞ്ഞ ബജറ്റില്‍ ആളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള നിര്‍മ്മാതാക്കളുടെ തന്ത്രം ഇപ്രാവശ്യവും ഫലിച്ചു എന്നാണ് ബോക്സ്ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കുറച്ച് വ്യത്യസ്തമായ, പക്ഷേ അവ്യക്തമായ ടൈം ട്രാവല്‍ ആശയങ്ങള്‍ ഉണ്ട്, പിന്നെ ഈ ആക്ടിവിറ്റി ഒക്കെ നടത്തുന്ന ആ ദുഷ്ടശക്തിയെ കുറച്ചുകൂടെ തെളിച്ചുകാണിക്കുന്നുണ്ട് എന്നീ കാര്യങ്ങള്‍ ഒഴിച്ചാല്‍ ഈ സീരീസിലെ പഴയചിത്രങ്ങളില്‍നിന്ന് ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമാണ് ഇത്. ഈ സീരീസിന്റെ ആരാധകര്‍ക്ക് വേണമെങ്കില്‍ കാണാം. ഇതിനുമുന്‍പത്തെ ഭാഗങ്ങളെക്കാളും മോശമൊന്നും അല്ല, എന്നാല്‍ പ്രത്യേകിച്ച് പുതുമ ഒന്നുമില്ലതാനും.

No comments:

Post a Comment