Friday, October 16, 2015

Goodnight Mommy Movie Review

ഗുഡ്നൈറ്റ്‌ മോമ്മി (Ich Seh Ich Seh aka Goodnight Mommy, 2015, German)
ആശയദാരിദ്ര്യം മൂലം മിക്ക ഹൊറര്‍ ചിത്രങ്ങളും ഒരു നീണ്ട നിശബ്ദതയ്ക്കൊടുവിലുള്ള ഒരു shocking moment, സ്ക്രീനില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു disformed മുഖം, എന്തെങ്കിലും ശബ്ദം കേട്ട് തിരിഞ്ഞുനോക്കി ഒന്നുമില്ലെന്ന് മനസ്സിലാക്കി മുന്നോട്ടുതിരിയുമ്പോള്‍ അവിടെ നില്‍ക്കുന്ന ഒരാള്‍, ഇത്തരത്തിലുള്ള കാലഹരണപ്പെട്ട cheap thrillsനെ ആശ്രയിക്കുമ്പോള്‍ തനതായ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട അപൂര്‍വ്വം ചില ഹൊറര്‍ ചിത്രങ്ങള്‍ക്കു മാത്രമാണ് ധാരാളം ഹൊറര്‍ ചിത്രങ്ങള്‍ കണ്ടുശീലിച്ച ഒരു പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ ആകൂ എന്നത് ഒരു വസ്തുതയാണ്. അത്തരത്തില്‍ എന്നെ ഒരളവുവരെയെങ്കിലും തൃപ്തിപ്പെടുത്തിയ ഒരു ചിത്രമാണ് ഗുഡ്നൈറ്റ്‌ മോമ്മി. ചിത്രത്തിലുടനീളം സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകര്‍ക്കുള്ളില്‍ അസ്വസ്ഥതനിറഞ്ഞ ഒരു ഭീതി ഉളവാക്കാന്‍ സംവിധായകരായ veronika Franz, Severin Fiala എന്നിവര്‍ക്ക് തങ്ങളുടെ ആദ്യചിത്രത്തില്‍ത്തന്നെ സാധിച്ചു എന്നുവേണം പറയാന്‍. ഹൊറര്‍ എന്ന ഒറ്റ തീമില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പ്രേക്ഷകരെ പിടിചിരുത്തുന്നൊരു mystery thriller ആയി ചിത്രത്തെ മേനഞ്ഞെടുക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാവാം, കഴിഞ്ഞവര്‍ഷത്തെ അക്കാദമി അവാര്‍ഡുകളില്‍ മികച്ച വിദേശചിത്രത്തിനുള്ള നാമനിര്‍ദേശപ്പട്ടികയിലേക്ക് ഓസ്ട്രിയയില്‍നിന്നുള്ള entry ആയിരുന്നു ഈ ചിത്രം.
പത്തുവയസ്സുള്ള എല്യാസ്, ലൂക്കാസ് എന്നീ ഇരട്ടസഹോദരന്മാരുടെ അടുത്തേയ്ക്ക് പ്ലാസ്റ്റിക്‌ സര്‍ജറി കഴിഞ്ഞശേഷം തങ്ങളുടെ അമ്മ തിരിച്ചെത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. അമ്മയുടെ പെരുമാറ്റത്തില്‍ ഉണ്ടായ ഗണ്യമായ മാറ്റം കുട്ടികളെ അലോസരപ്പെടുത്തുന്നു. തുടര്‍ന്ന് അവര്‍ തങ്ങളുടെ അമ്മയല്ലെന്ന നിഗമനത്തില്‍ എത്തുന്ന കുട്ടികള്‍ അവരുടെ കള്ളി വെളിച്ചത്താക്കാന്‍ പല ശ്രമങ്ങളും നടത്തുകയും, അവ കൂടുതല്‍ ഭീകരമായ അവസ്ഥകളിലേക്ക് വഴിത്തിരിവാവുകയും ചെയ്യുന്നു. അങ്ങനെ ഭീകരവും ഞെട്ടിപ്പിക്കുന്നതുമായ ഒരു അന്ത്യത്തിലേക്ക് ചിത്രം അടുക്കുമ്പോള്‍ പ്രേക്ഷകര്‍ തരിച്ചിരുന്നുപോവും. ചിത്രത്തിന്റെ അവസാനത്തെ അരമണിക്കൂറോളം വരുന്ന ഭാഗങ്ങള്‍ ഏറെ അസ്വസ്ഥത ഉണര്‍ത്തുന്നവയാണ്. വയലന്‍സ് രംഗങ്ങള്‍ ഏറെ കയ്യടക്കത്തോടെ വിശ്വസനീയമായ രീതിയില്‍ execute ചെയ്യാന്‍ സംവിധായകര്‍ക്ക് സാധിച്ചു. അവ്യക്തമായ ചില കാര്യങ്ങളും മറ്റും ക്ലൈമാക്സിനോടടുപ്പിച്ച് മറനീക്കി സ്വയം വ്യക്തമാക്കുകയും, കഥാപാത്രങ്ങളോടുള്ള പ്രേക്ഷകന്റെ മനോഭാവത്തിന് കാര്യമായ ഉലച്ചില്‍ തട്ടുകയും ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നുകൂടെ ചിത്രം ആദ്യം മുതല്‍ ഓടിച്ചുകാണാനുള്ള സാധ്യത ഏറെയാണ്‌. അത്തരമൊരു ഷോക്ക് ആണ് ചിത്രത്തിന്റെ ക്ലൈമാക്സ് നല്‍കുന്നത്.
ഒന്നുരണ്ടുസീനുകളില്‍ വരുന്ന ചില കഥാപാത്രങ്ങള്‍ ഒഴിച്ചാല്‍ കുട്ടികളും അമ്മയും മാത്രമാണ് ചിത്രത്തില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നത്. ഇരട്ടകളായ Elias Schwarz, Lukas Schwarz എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. നിഗൂഢത നിറഞ്ഞ അമ്മവേഷത്തില്‍ Susanne Wuest മികച്ചുനിന്നു. സന്ദര്‍ഭങ്ങളോട് ഇഴുകിച്ചേര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലസംഗീതവും മനോഹരമായ ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി.
ഹൊറര്‍ ത്രില്ലറുകള്‍ മിക്കതും ആവര്‍ത്തനവിരസത ഉളവാക്കുന്ന ഇക്കാലത്ത് അത്തരത്തിലുള്ള ചിത്രങ്ങളുടെ ആസ്വാദകര്‍ക്ക് ആശ്വാസമായി ഇടയ്ക്കെപ്പോഴെങ്കിലും ലഭിക്കുന്ന മികച്ച അനുഭവങ്ങളില്‍ ഒന്നാണ് ഈ ചിത്രവും. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment