Wednesday, October 28, 2015

ഹാലോവീന്‍ ആശംസകള്‍

വീണ്ടുമൊരു ഹാലോവീന്‍
ഒക്ടോബര്‍ മാസത്തെ അവസാനരാത്രി. വിവിധരാജ്യങ്ങളില്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ പൊടിപൊടിയ്ക്കുകയാണ്. കൊച്ചുടോമിയും ഹാലോവീനിനുള്ള ഒരുക്കങ്ങളില്‍ ആയിരുന്നു. ഗ്രേസിയമ്മായി വാങ്ങിച്ചുതന്ന ഒറ്റക്കണ്ണന്‍ ഭൂതത്തിന്റെ മുഖം മൂടിയും കറുത്ത കുപ്പായവും അണിഞ്ഞ് അവന്‍ കൂട്ടുകാരായ മാര്‍ട്ടിനും ഗ്രിഗറിയ്ക്കും ഒപ്പം തന്റെ അയല്‍പക്കങ്ങളില്‍ ഉള്ള വീടുകളില്‍ 'ട്രിക്ക് ഓര്‍ ട്രീറ്റ്' ചോദിക്കാനിറങ്ങി. ട്രീറ്റ് പറയുന്നവരില്‍നിന്നും ചോക്കലേറ്റുകളും കാന്‍ഡികളും വാങ്ങി ശേഖരിക്കാന്‍ കൊച്ചുസഞ്ചികളും, ട്രിക്ക് പറയുന്ന ചില മുശടന്‍ വൃദ്ധന്മാരുടെ ജനാലകളിലേക്ക് എറിയാനായി പഴകിയ മുട്ടകളും അവര്‍ കരുതിയിരുന്നു. മിസ്റ്റര്‍ വാട്ട്സണിന്റെയും മിസ്റ്റര്‍ ഹാര്‍പ്പറിന്റെയും വീടുകളില്‍നിന്ന് മിഠായികള്‍ വാങ്ങി സഞ്ചിയില്‍ ഇട്ടശേഷം അവര്‍ തെരുവിന്റെ മറുവശത്തേയ്ക്ക് കടക്കാന്‍ ഒരുങ്ങി. അപ്പോഴാണ്‌ കുസൃതിയായ ഗ്രിഗറി 'നീളന്‍കോട്ടിട്ട അപ്പൂപ്പന്റെ' വീട്ടില്‍ പോയാലോ എന്ന് ചോദിച്ചത്. കര്‍ത്താവേ! ടോമി മേലോട്ടുനോക്കി വിളിച്ചു. ആരും താമസമില്ലാത്ത, പ്രേതബാധ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്ന ആ പഴയ വീട്ടിലേക്ക് പോവുന്ന കാര്യമാണ് ഗ്രിഗറി പറയുന്നത്, അതും ഈ രാത്രിയില്‍! വേണ്ടെന്ന് ഏറെ പറഞ്ഞുനോക്കിയെങ്കിലും 'നമ്മള്‍ കൊച്ചുപിള്ളേര്‍ ഒന്നുമല്ലല്ലോ എട്ടുവയസ്സായില്ലേ, ധൈര്യമുണ്ടെങ്കില്‍ വാ' എന്നുപറഞ്ഞപ്പോള്‍ ടോമിയും മാര്‍ട്ടിനും ഗ്രിഗറിയുടെ പിന്നാലെ നടന്നു.
കൂരിരുട്ട്. അവര്‍ ആ പഴയ വീടിന്റെ ഗേറ്റ് തുറന്നു. ഒരു കരിമ്പൂച്ച ദൂരെയെവിടെയോ മോങ്ങി. ഒച്ചവെക്കാതെ അടിവെച്ചടിവെച്ച് കുട്ടികള്‍ വാതിലിനരികിലേക്ക് നടന്നു. മാറാലപിടിച്ച ആ വാതിലില്‍ മുട്ടിക്കൊണ്ട് അവര്‍ ചോദിച്ചു, "ട്രിക്ക് ഓര്‍ ട്രീറ്റ്?" മറുപടിയില്ല. വീണ്ടും, അല്പംകൂടെ ഉച്ചത്തില്‍ അവര്‍ ആ ചോദ്യം ആവര്‍ത്തിച്ചു. 'ട്രിക്ക് ഓര്‍ ട്രീറ്റ്?' കാറ്റ് കൂടുതല്‍ ശക്തിയില്‍ വീശുന്നതായി അവര്‍ക്ക് തോന്നി. പൊടുന്നനെ അകത്തുനിന്ന് ഒരു പ്രായമേറിയ ശബ്ദം പഴയൊരു നൂറ്റാണ്ടില്‍നിന്നെന്നപോലെ അവരെത്തേടിയെത്തി, 'ട്രീറ്റ്!'.
'കണ്ടില്ലേ, ഇവിടെ പ്രേതവും ഇല്ല പിശാചും ഇല്ല!' ഗ്രിഗറി ആവേശംകൊണ്ടു. അപ്പോള്‍ അകത്തുനിന്നും ഇങ്ങനെ ആ ശബ്ദം, "അകത്തേക്ക് വരൂ കുട്ടികളേ, നിങ്ങള്‍ക്കായി എടുത്തുവെച്ച ഈ ട്രീക്കിള്‍ ടോഫികള്‍ എടുക്കൂ. ഈ വയസ്സന് നല്ല സുഖമില്ല!" കേട്ടപാടെ ഗ്രിഗറി അകത്തേയ്ക്ക് കടന്നു. "ഗ്രിഗറി കൊണ്ടുവരട്ടെ ടോഫി. നമുക്ക് ഇവിടെ നില്‍ക്കാം" മാര്‍ട്ടിന്‍ പറഞ്ഞപ്പോള്‍ ടോമിക്കും അതാണ്‌ നല്ലതെന്ന് തോന്നി.

'നേരം കുറച്ചായി, ഗ്രിഗറിയുടെ ഒച്ചയൊന്നും കേള്‍ക്കാനില്ലല്ലോ. അകത്തെ കിളവന്റെ കൂടെ ചെസ്സ്‌ കളിക്കാന്‍ ഇരുന്നിട്ടുണ്ടാവുമോ അവന്‍! ചെസ്സ്‌ എന്നുവെച്ചാല്‍ അവന് മുഴുപ്രാന്താണ് പിന്നെ!' ടോമിയുടെ അഭിപ്രായത്തെ ശരിവെച്ച മാര്‍ട്ടിന്‍ അകത്തുകടന്ന് അവര്‍ എന്താണ് ചെയ്യുന്നത് എന്ന് നോക്കാം എന്ന് തീരുമാനിച്ചു. വാതില്‍ തള്ളുമ്പോള്‍ എന്താണ് തുറകാത്തത്? വീണ്ടും വീണ്ടും തള്ളിനോക്കിയിട്ടും തുറകുന്നില്ലല്ലോ.. "ഗ്രിഗറീ.." അവര്‍ ഉറക്കെ വിളിച്ചു. മറുപടി ഇല്ല. വീണ്ടും വാതില്‍ തുറക്കാനായി നോക്കുമ്പോള്‍, വാതിലില്‍ ഒരു തുരുമ്പിച്ച പൂട്ട്‌! പടച്ചതമ്പുരാനേ, ഈ പൂട്ട് ഇവിടെ എങ്ങനെ വന്നു!! വാതിലില്‍ വീണ്ടും വീണ്ടും മുട്ടിയപ്പോള്‍ വാതില്‍ തുരുമ്പിച്ച വിജാഗിരികളുടെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ മെല്ലെ തുറന്നു. ഗ്രിഗറി എവിടെ? ആരാണ് വാതില്‍ തുറന്നത്? അയ്യോ, രണ്ടുകയ്യുകള്‍ അല്ലേ അകത്തുനിന്ന് നീണ്ടുവരുന്നത്! അയ്യോ, നീണ്ട നഖമുള്ള, വിരലുകളുടെ അറ്റത്തുനിന്ന് ചോരയിറ്റുന്ന രണ്ടുകൈകള്‍! തിരിഞ്ഞുനോക്കാതെ ഓടട്ടെ. മാര്‍ട്ടിന്‍ എവിടെ? ഏതുനരകത്തിലെങ്കിലും ആവട്ടെ, രക്ഷപ്പെടണം. അമ്മ പറഞ്ഞപോലെ ഈ വീട് ഒഴിവാക്കാമായിരുന്നു.. ഗേറ്റ് എവിടെ? അയ്യോ ഈ നാശം പിടിച്ച വേര്.. കാല്‍മുട്ടും മുറിഞ്ഞല്ലോ.. സാരമില്ല.. എങ്ങനെയെങ്കിലും ഗേറ്റിനുപുറത്ത് കടക്കണം. ഗേറ്റ് എവിടെ? അതാ ഗേറ്റ്.. ഗേറ്റിനടുത്ത് ആരാണ് നില്‍ക്കുന്നത്? നീണ്ട കുപ്പായമിട്ട ഒരാള്‍.. മുഖം വ്യക്തമല്ലല്ലോ.. അയ്യോ.. അയാളുടെ കണ്ണുകള്‍ എന്താണിങ്ങനെ തിളങ്ങുന്നത്.. എത്ര ഓടിയിട്ടും ഈ നശിച്ച ഗേറ്റ് എത്താത്തത് എന്താണ്? ആ രൂപം അടുത്തേയ്ക്ക് വരുന്നുണ്ടോ? അതെന്തിനാണ് നാക്കുനീട്ടുന്നത്! അയ്യോ എന്നെ വിടൂ.. എന്നെ വിടൂ.. ഇരുട്ട് കൂടിക്കൂടിവരുന്നല്ലോ.. എന്നെ വിടൂ...

എല്ലാവര്‍ഷവും ഹാലോവീന്‍ പ്രമാണിച്ച് ഇറങ്ങുന്ന സിനിമകളില്‍ ഒന്നിലെങ്കിലും കാണാവുന്ന ഒരു കഥയാണ് മുകളില്‍ എഴുതിയത്. ഇതോ, ഇതിന്റെ വകഭേദങ്ങളോ ആയ പ്രേതകഥകള്‍. അതെ, പ്രേതസിനിമകളുടെ ആരാധകര്‍ക്ക് ഉത്സവമാണ് ഹാലോവീന്‍. ഓരോ വര്‍ഷവും ധാരാളം ഹൊറര്‍ ചിത്രങ്ങളാണ് ഹോളിവുഡിലും മറ്റുപല സിനിമാ ഇന്‍ഡസ്ട്രികളിലും ഹാലോവീന്‍ റിലീസിനായി തയ്യാറാക്കപ്പെടുന്നത്. വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകള്‍ മുതല്‍ ചെറുകിട നിര്‍മ്മാതാക്കള്‍ വരെ ഒക്ടോബറിലെ അവസാനവാരം പ്രേക്ഷകനെ പേടിപ്പിക്കുക എന്ന ലക്ഷ്യവുമായി സിനിമകള്‍ നിര്‍മ്മിക്കുന്നു. അവയില്‍ ചിലത് പ്രേക്ഷകനെ ഏറെ ഭയപ്പെടുത്തുന്നു, ചിലത് നിരാശപ്പെടുത്തുന്നു.. ഭയപ്പെടുത്തിയവയുടെ തുടര്‍ച്ചകള്‍ അടുത്ത ഹാലോവീനുകളില്‍ വീണ്ടും പ്രേക്ഷകനെ പേടിപ്പെടുത്താന്‍ എത്തുന്നു..
പണ്ടൊരു ഹാലോവീന്‍ കാലത്ത് ഭയത്തിന്റെ പുതിയ അദ്ധ്യായം പ്രേക്ഷകനുമുന്നില്‍ തുറന്ന പാരനോര്‍മല്‍ ആക്ടിവിറ്റിയ്ക്കും, തുടര്‍ന്നുള്ള മൂന്ന് ആക്ടിവിറ്റികള്‍ക്കും ശേഷം വീണ്ടും പുതിയൊരു ആക്ടിവിറ്റിയുമായി ഓറന്‍ പെലിയും കൂട്ടരും എത്തിയപ്പോള്‍ അവരെ ബോക്സ്ഓഫീസില്‍ എതിരിട്ടത് നിരൂപകര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ചെറിയ ബജറ്റില്‍ ഉള്ള Bone Tomahawkഉം വിന്‍ ഡീസലിനെ നായകനാക്കി ക്രേസീസും സഹാറയും മറ്റും ഒരുക്കിയ സംവിധായകന്‍ Breck Eisnerന്റെ Last Witch Hunterഉം ആണ്. മോശം അഭിപ്രായമാണ് നിരൂപകരില്‍നിന്ന് നേടിയതെങ്കിലും കുറഞ്ഞ ബജറ്റും പിന്നെ മുന്‍ചിത്രങ്ങളുടെ ഹൈപ്പും മൂലം അഞ്ചാമത്തെ പാരനോര്‍മല്‍ ആക്ടിവിറ്റിയും നിര്‍മ്മാതാവിന്റെ കൈ പൊള്ളിക്കില്ല എന്നകാര്യം ഏതാണ്ട് ഉറപ്പാണ്. എത്ര മോശം അഭിപ്രായം ആണെങ്കിലും തീയറ്ററിന്റെ ഇരുളില്‍ പേടിച്ചരണ്ട പ്രേക്ഷകര്‍ക്കൊപ്പം ഒരു ഹൊറര്‍ ചിത്രം കാണുന്നത് ഒരു പ്രത്യേകരസംതന്നെയാണ്. നാളെ കാണണം, പാരനോര്‍മല്‍ ആക്ടിവിറ്റിയോ അല്ലെങ്കില്‍ സ്പാനിഷ്‌ ഹൊറര്‍ ചിത്രമായ Purgatoryയോ. പുതിയ ആശയങ്ങളുമായി യക്ഷികളെയും വാമ്പയര്‍മാരെയും തെളിച്ചുകൊണ്ട് നല്ല സംവിധായകര്‍ നമ്മെ പേടിപ്പിക്കാനായി ഇനിയും ഈവഴി വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. എല്ലാവര്‍ക്കും ഹാലോവീന്‍ ആശംസകള്‍.

No comments:

Post a Comment