Friday, March 13, 2015

99 Movie Review

99 Hindi Movie Poster
99 (99, 2009, Hindi)
ഗോ ഗോവ ഗോണ്‍, ശോര്‍ ഇന്‍ ദ സിറ്റി എന്നീ ചിത്രങ്ങളിലൂടെ പിന്നീട് ശ്രദ്ധേയരായ കൃഷ്ണ ഡി.കെയും രാജ് നിദിമൊരുവും ചേര്‍ന്ന് ഒരുക്കിയ ആക്ഷേപഹാസ്യചിത്രമാണ് 99. കുനാല്‍ ഖേമു, സൈറസ് ബ്രോച്ച, സോഹാ അലി ഖാന്‍, ബൊമ്മന്‍ ഇറാനി, മഹേഷ്‌ മഞ്ജരേക്കര്‍, വിനോദ് ഖന്ന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 1999ന്റെ അവസാനമാസങ്ങളില്‍ ചിലരുടെ ജീവിതങ്ങളില്‍ നടക്കുന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്.
കള്ളന്മാരായ രണ്ട് സുഹൃത്തുക്കള്‍ ഒരു പ്രത്യേകസാഹചര്യത്തില്‍ ഒരാവശ്യത്തിനായി ബോംബേയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് വരികയും അവിടത്തെ ചില ക്രിക്കറ്റ് വാതുവെപ്പ് സംഭവങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. പിന്നീട് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുന്ന ഇവര്‍ എങ്ങനെ ആ പ്രശ്നങ്ങളില്‍ നിന്നൊക്കെ കരകയറുന്നു എന്നൊക്കെയാണ് സിനിമയുടെ ഉള്ളടക്കം. ആ കാലഘട്ടത്തില്‍ നടന്ന പല സംഭവങ്ങളും രചയിതാക്കള്‍ മനോഹരമായി സാങ്കല്‍പ്പികമായ കഥയിലേക്ക് വിളക്കിച്ചേര്‍ത്തിരിക്കുന്നു. വളരെ രസകരമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോവുന്ന സിനിമ പ്രേക്ഷകനെ ഒരു നിമിഷം പോലും മുഷിപ്പിക്കാത്തരീതിയിലാണ് മുന്നോട്ടുനീങ്ങുന്നത്. ഒടുവില്‍ നല്ലൊരു ക്ലൈമാക്സോടെ ചിത്രം അവസാനിക്കുമ്പോള്‍ പ്രേക്ഷകന് മികച്ചൊരു സ്പൂഫ്-ആക്ഷേപഹാസ്യ ചിത്രം കണ്ടതിന്റെ സംതൃപ്തി ഉണ്ടാകും. അക്കാലത്തെ ടെക്നോളജി, ജീവിതശൈലി, ആഭ്യന്തരപ്രശ്നങ്ങള്‍ തുടങ്ങിയവ എല്ലാം വളരെ subtle ആയി നിര്‍ദോഷപരമായ ഹാസ്യരംഗങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. പിണങ്ങിയിരിക്കുന്ന തന്റെ ഭാര്യയ്ക്ക് സമ്മാനമായി നോക്കിയയുടെ ഒരു സോപ്പുപെട്ടി മൊബൈല്‍ വാങ്ങിക്കൊണ്ടുവരുന്ന ബൊമ്മന്‍ ഇറാനിയുടെ കഥാപാത്രം ഭാര്യയെ സന്തോഷിപ്പിക്കാനായി 'ഈ ഫോണില്‍ പോളിഫോണിക് റിംഗ്ടോണ്‍ ഉണ്ട്, പോരാത്തതിന് സ്നേക്ക് ഗെയിമും ഉണ്ട്' എന്നൊക്കെ പറയുന്ന രംഗവും മറ്റും ഇതിന് ഉദാഹരണമാണ്.
സംവിധായകരുടെ ആദ്യ mainstream feature film ശ്രമം മികച്ചതാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പിഴവുകള്‍ ആവുന്നത്ര ഒഴിവാക്കാന്‍ ശ്രമിച്ചാണ് അവര്‍ ചിത്രം ഒരുക്കിയത്. ഡെല്‍ഹിയുടെ മനോഹാരിത ഒപ്പിയെടുക്കാന്‍ സിനിമാറ്റോഗ്രാഫര്‍ രാജീവ് രവിക്കും സാധിച്ചു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം നല്ല നിലവാരം പുലര്‍ത്തി.
കുനാല്‍ ഖേമു എന്ന നടന്‍ സുരക്ഷിതമായി തനിക്ക് ചേരുന്നപോലത്തെ റോളുകള്‍ തെരഞ്ഞെടുത്ത് അവ മോശമാക്കാതെ ചെയ്യുന്ന ഒരാളാണ്. തന്റെ വേഷം അദ്ദേഹം അത്യാവശ്യം നന്നായി ചെയ്തു. സൈറസ് ബ്രോച്ച, അമിത് മിസ്ത്രി, ബൊമ്മന്‍ ഇറാനി തുടങ്ങിയവരുടെ തമാശരംഗങ്ങള്‍ വളരെയേറെ ആസ്വാദ്യകരമായിരുന്നു. സോഹാ അലി ഖാന്‍ തന്റെ റോള്‍ ഭംഗിയാക്കിയപ്പോള്‍ മഹേഷ്‌ മഞ്ജരേക്കര്‍, വിനോദ് ഖന്ന തുടങ്ങിയവര്‍ തങ്ങളുടെ റോളുകളില്‍ തകര്‍ത്തു. ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ആക്ഷേപഹാസ്യചിത്രങ്ങളില്‍ മികച്ച ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. എല്ലാവരും കാണാന്‍ ശ്രമിക്കുക. 

No comments:

Post a Comment