Wednesday, March 4, 2015

Listen Amaya Movie Review

Listen Amaya Movie Poster
ലിസണ്‍ അമായ (Listen Amaya, 2013, Hindi)
ഡൽഹിയിൽ ഒരു കോഫീ ഷോപ്പ് നടത്തുകയാണ് ലീലയും (ദീപ്തി നവാൽ) യുവതിയായ മകൾ അമായയും (സ്വരാ ഭാസ്കർ). ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന ജയന്ത് (ഫാറൂഖ് ഷേഖ്) എന്നയാൾ കാലക്രമേണ ഇവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. ഒരവസരത്തിൽ പരസ്പരമുള്ള ഇഷ്ടം മനസ്സിലാക്കിയ വിഭാര്യനായ ജയന്തും വിധവയായ ലീലയും ഒന്നിക്കാൻ തീരുമാനിക്കുന്നു. എന്നാൽ മകൾ അമായയ്ക്ക് അത് സ്വീകാര്യമാവുന്നില്ല. തന്റെ മരിച്ചുപോയ അച്ഛനെ അമ്മ ചതിക്കുകയാണ് എന്ന് അവർക്ക് തോന്നുകയും അവർ അമ്മയുടെ ഈ തീരുമാനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുന്നു. സ്വാഭാവികമായും അവരുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാവുന്നു. അവയൊക്കെ മറികടന്ന് എങ്ങനെ പഴയപോലെ സന്തോഷകരമായ ജീവിതത്തിലേക്ക് അവർ തിരിച്ചുവരുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരോട് പറയുന്നത്.
അവിനാഷ് കുമാറിന്റെ ആദ്യ ഫീച്ചർ ഫിലിം ആണ് ലിസണ്‍ അമായ. തുടക്കക്കാരന്റെ കൈപ്പിഴകൾ പലയിടത്തും സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ടെങ്കിലും നല്ലൊരു വിഷയം തന്റെ ആദ്യചിത്രത്തിനായി തെരഞ്ഞെടുത്തതിന് അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു. അത് തരക്കേടില്ലാത്ത രീതിയിൽ കണ്ടമാനം മസാലക്കൂട്ടുകളുടെ സാന്നിധ്യം ഒന്നുമില്ലാതെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തിരക്കഥയും മോശമായിരുന്നില്ല. ഇന്ദ്രനീൽ ഹരിഹരന്റെ ഗാനങ്ങൾ ശരാശരിക്കും മേലെ നിലവാരം പുലർത്തിയെങ്കിലും ചിത്രത്തിൽ ആവശ്യമുണ്ടായിരുന്നില്ല എന്ന് തോന്നി. രാംശ്രേയസ് റാവുവിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ താളത്തോട്‌ ചേർന്നുനിന്നു.
പഴയകാല ഹിറ്റ്‌ ജോഡികളായ ദീപ്തി നവാൽ, ഫാറൂഖ് ഷൈഖ് എന്നിവരുടെ വളരെ കാലത്തിനുശേഷമുള്ള ഒത്തുചേരൽ ആയിരുന്നു ഈ ചിത്രം. അവർ രണ്ടുപേരും അവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. പഴയകാലനടി അമലയുടെ വേഷവും ചെറുതെങ്കിലും പ്രാധാന്യം ഉള്ളതായിരുന്നു. ഇത്രയേറെ സീനിയർ നടീനടന്മാരുടെ കൂടെ വളരെ നന്നായിതന്നെ തന്റെ വേഷം കൈകാര്യം ചെയ്ത താരതമ്യേന പുതുമുഖമായ സ്വരാ ഭാസ്കർ അത്യന്തം പ്രശംസ അർഹിക്കുന്നു. ഒരിക്കൽപ്പോലും ചുവടിടറാതെ അവർ അമായയെ ഭംഗിയാക്കി.
നല്ലൊരു ചിത്രമാണ് ലിസണ്‍ അമായ. വളരെ മെല്ലെ നീങ്ങുന്ന ഒന്നാണെങ്കിൽപ്പോലും മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങൾ കൊണ്ടും നടീനടന്മാരുടെ നല്ല പ്രകടനങ്ങൾ കൊണ്ടും ഒരുവട്ടം കാണാവുന്ന ഒന്ന്. കാണാൻ ശ്രമിക്കുക.

No comments:

Post a Comment