Saturday, March 21, 2015

Hunterrr Movie Review

Hunterrr Movie Posterഹണ്ടര്‍ (Hunterrr, 2015, Hindi)
അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്ട്വാനെ, വികാസ് ഭേല്‍ തുടങ്ങിയവര്‍ ഫാന്റം പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ നിര്‍മ്മിച്ച്‌ നവാഗതനായ ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണിയുടെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് ഹണ്ടര്‍. ഗുല്‍ഷന്‍ ദേവയ്യാ പ്രധാനകഥാപാത്രത്തെ അവതരിച്ചപ്പോള്‍ മറ്റുവേഷങ്ങള്‍ കൈകാര്യം ചെയ്തത് രാധികാ ആപ്തെ, വീണാ സക്സേന, സായ് തംഹങ്കര്‍, സൂരജ് ജഗ്ഗാന്‍ തുടങ്ങിയവരാണ്.
നമുക്കിടയില്‍ ചിലരെ കാണാന്‍ സാധിക്കും, കാഴ്ചയില്‍ അത്ര ഭയങ്കര ആകര്‍ഷകമായ ലുക്ക്‌സോ, സിക്സ് പാക്ക് ശരീരമോ ഒന്നുമില്ലാത്ത വെറും സാധാരണക്കാരായ ചിലര്‍. എന്നാല്‍ സ്ത്രീവിഷയത്തില്‍ ഉസ്താദുകള്‍ ആയിരിക്കും ഇവരില്‍ പലരും. ആഗ്രഹിക്കുന്ന സ്ത്രീകളെ തന്റെ വരുതിക്ക് കൊണ്ടുവരിക, ചൊല്‍പ്പടിയില്‍ നിര്‍ത്തുക തുടങ്ങിയ കലകളില്‍ ഇവര്‍ അഗ്രഗണ്യര്‍ ആയിരിക്കും. അത്തരത്തില്‍ ഉള്ളൊരു ചെറുപ്പക്കാരന്റെ കഥയാണ് ഹണ്ടര്‍ പറയുന്നത്.
മന്ദാര്‍ പോംക്ഷേ എന്ന മറാത്തി യുവാവിന്റെ ജീവിതകഥയാണ് ഹണ്ടര്‍. കുട്ടിക്കാലം തൊട്ടേ പെണ്‍കുട്ടികളില്‍ ആകൃഷ്ടനായ മന്ദാര്‍ പക്ഷേ സ്നേഹത്തെക്കാളേറെ ലൈംഗികതയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഇങ്ങനെ പല സ്ത്രീകളിലൂടെ കടന്നുപോയ മന്ദാര്‍ അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനുവഴങ്ങി ഒടുവില്‍ വിവാഹിതനാകാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും മന്ദാറിന്റെ കഴിഞ്ഞ കാലവും മറ്റും ചേര്‍ത്ത് നോണ്‍ ലീനിയര്‍ ശൈലിയിലാണ് സംവിധായകന്‍ മന്ദാറിന്റെ കഥ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ഒരു adult കോമഡി ആണെന്നിരിക്കിലും ഒരിക്കല്‍പ്പോലും vulgar ആകാത്തവിധത്തില്‍ ചിത്രം മുന്നോട്ടുപോകുന്നു. 'എപ്പോഴും second bestനെ വളയ്ക്കാന്‍ ശ്രമിക്കുക, വളയാനുള്ള സാധ്യതകള്‍ ഏറെയാണ്' എന്ന നിലപാടില്‍ തുടങ്ങുന്ന കൊച്ചുമന്ദാറിന്റെ ആദ്യപ്രണയം മുതലുള്ള രംഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കും എന്നതില്‍ സംശയമില്ല. ഒരു adult കോമഡി ആണെങ്കില്‍പ്പോലും പ്രേക്ഷകന്റെ ഉള്ളില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന പല രംഗങ്ങളും, നമ്മള്‍ സന്തോഷത്തോടെ ചെയ്യുന്ന ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ നമ്മള്‍ എങ്ങനെ അതിനെ നോക്കിക്കാണുന്നു എന്നൊക്ക കാട്ടിത്തരുന്ന ചില രംഗങ്ങളും ചിത്രത്തിലുണ്ട്.
ഗുല്‍ഷന്‍ ദേവയ്യ തന്നെയാണ് ഹണ്ടറിന്റെ നട്ടെല്ല്. നാടകരംഗത്തുനിന്നും വന്ന് ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്സ്, ശൈത്താന്‍, രാം ലീല തുടങ്ങിയ ചിത്രങ്ങളിലൂടെ കഴിവുതെളിയിച്ച ഇദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് എന്ന് വിളിക്കാവുന്ന വേഷമാണ് മന്ദാര്‍ പോംക്ഷേ. പതിനാറുവയസ്സുമുതലുള്ള മന്ദാറിന്റെ ജീവിതം ഒരിക്കല്‍പ്പോലും എച്ചുകെട്ടല്‍ തോന്നിപ്പിക്കാതെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മന്ദാറിന്റെ ബാല്യകാലം അവതരിപ്പിച്ച പേരറിയാത്ത കൊച്ചുമിടുക്കനും വളരെ നന്നായി. 
നായികാവേഷം രാധികാ ആപ്തേ നന്നാക്കി. മറ്റ് സഹനായികമാരില്‍ വീണാ സക്സേനയും സായ് തംഹങ്കറും നന്നായിരുന്നു. മറാത്തി നടിയായ സായ് തംഹങ്കറിന്റെ വ്യത്യസ്തമായ ഒരു വേഷമാണ് ഇതിലെ ജ്യോത്സ്ന എന്ന അസംതൃപ്തയായ വീട്ടമ്മയുടേത്. ഗായകനായ സൂരജ് ജഗ്ഗാന്‍ ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ തിളങ്ങി. പേരറിയാത്ത ചില സഹനടന്മാരും നല്ലപ്രകടനം കാഴ്ചവെച്ചു.
പുതുമുഖസംവിധായകന്റെ പോരായ്മകള്‍ ചിലയിടങ്ങളില്‍ കാണാമെങ്കിലും തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയം എടുത്ത് അതിനെ സമര്‍ത്ഥമായി കൈകാര്യം ചെയ്തതിനു ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി പ്രശംസ അര്‍ഹിക്കുന്നു. മറ്റുസാങ്കേതികവിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചവരും തങ്ങളുടെ ജോലി ഭംഗിയാക്കി. ഖാമോശ് ഷായുടെ ഗാനങ്ങള്‍ മികവുറ്റതും ചിത്രത്തിനോട് ചേര്‍ന്നുപോകുന്നതും ആയിരുന്നു. ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിലയിടങ്ങളില്‍ അമിത് ത്രിവേദിയുടെ ശൈലി അനുസ്മരിപ്പിച്ചു.
പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കൊച്ചുചിത്രമാണ് ഹണ്ടര്‍. അതോടൊപ്പംതന്നെ പലയിടങ്ങളിലും കാണികളെ ചിന്തിപ്പിക്കാനും ഈ ചിത്രത്തിന് സാധിക്കുന്നു എന്നത് ഒരു ബോണസ് മാത്രം. Adult കോമഡി എന്നുപറയുമ്പോള്‍ Grand Masti പോലെ over the top അഭിനയവും loud jokesഉം ദ്വയാര്‍ത്ഥപ്രയോഗങ്ങളും മറ്റും പ്രതീക്ഷിക്കരുത്, കുറച്ചുകൂടി വൈകാരികമായി, എന്നാല്‍ രസച്ചരട് പൊട്ടിക്കാതെതന്നെ മെല്ലെ മുന്നോട്ടുപോകുന്ന ഒരു ചിത്രമാണിത്. കാണാന്‍ ശ്രമിക്കുക

No comments:

Post a Comment