Thursday, March 19, 2015

Dum Lagake Haisha Movie Review

Dum Lagake Haisha Movie Poster
ദം ലഗാകേ ഹൈഷാ (Dum Laga Ke Haisha aka My Fat Bride, 2015, Hindi)
നവാഗതനായ ശരത് കടാരിയയുടെ സംവിധാനത്തില്‍ ആയുഷ്മാന്‍ ഖുരാന, ഭൂമി പെഡ്നേക്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമാണ് ദം ലഗാകേ ഹൈഷാ. സഞ്ജയ്‌ മിശ്ര, സീമാ പഹ്വാ, അല്‍ക്കാ അമീന്‍, ഷീബാ ചദ്ധാ തുടങ്ങിയവര്‍ മറ്റുവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
90s നമ്മുടെ തലമുറയ്ക്ക് വളരെയേറെ ഗൃഹാതുരസ്മരണകള്‍ തരുന്ന ഒരു കാലഘട്ടമാണ്. ലോകം ഇത്രയേറെ വേഗത്തില്‍ ചലിക്കാന്‍ തുടങ്ങുന്നതിനും മുന്‍പ്, ഓഡിയോ കാസറ്റുകളുടെയും, മുഴുവനായി കച്ചവടവല്‍ക്കരിക്കപ്പെടുന്നതിനും മുന്‍പുള്ള ക്രിക്കറ്റിന്റെയും, കുമാര്‍ സാനുവിന്റെയും ഉദിത് നാരായണന്റെയും അല്‍ക്കാ യാഗ്നിക്കിന്റെയും പ്രണയഗാനങ്ങളുടെയും കാലം. ഈ മനോഹരകാലത്ത് രണ്ടുകുടുംബങ്ങളില്‍ നടക്കുന്ന കഥയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ പറയുന്നത്. അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനുവഴങ്ങി സാധാരണയില്‍ കൂടുതല്‍ തടിയുള്ള സന്ധ്യയെ വിവാഹം കഴിക്കേണ്ടിവരുന്ന പ്രേം എന്ന ചെറുപ്പക്കാരന്‍ അക്കാര്യത്തില്‍ ഒട്ടും സന്തുഷ്ടനല്ല. എന്നാല്‍ മുഴുവനായും മുതിര്‍ന്നവരുടെ പക്വത കൈവന്നിട്ടില്ലാത്ത പ്രേമിന് സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും കുറവാണ്. ഇവരുടെ ജീവിതങ്ങളിലെ അസ്വാരസ്യങ്ങള്‍ കുടുംബങ്ങളെ ബാധിക്കുന്നതും, ഒടുവില്‍ അസ്വാരസ്യങ്ങള്‍ സ്വാരസ്യങ്ങള്‍ ആവുന്നതും നായികയും നായകനും ഒന്നിക്കുന്നതും ഒക്കെയാണ് കഥ. വളരെ സാധാരണമായ, പ്രവചനീയമായ ഈയൊരു കഥയെ മനോഹരമായ ഒരു സിനിമാനുഭവം ആക്കിയതില്‍ സംവിധായകനും അഭിനേതാക്കള്‍ക്കും ഉള്ള പങ്ക് ചെറുതല്ല. 90കളുടെ പശ്ചാത്തലത്തില്‍ കഥ പറയുമ്പോള്‍ അന്നത്തെ കാലഘട്ടം അതുപോലെ പറിച്ചുനടാന്‍ സംവിധായകന് സാധിച്ചു. 
ആയുഷ്മാന്‍ ഖുരാന നല്ലൊരു നടനാണെന്ന് വീണ്ടും തെളിയിക്കുന്നു. സിനിമകള്‍ പലതും പരാജയപ്പെടുന്നുവെങ്കിലും തന്റെ വേഷങ്ങള്‍ അദ്ദേഹം ഭംഗിയാക്കാറുണ്ട്. ഈ ചിത്രത്തിലും ആ പതിവ് അദ്ദേഹം തെറ്റിച്ചില്ല. പ്രേമിന്റെ വേഷം അദ്ദേഹം മികവുറ്റതാക്കി. എന്നിരുന്നാലും സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് പുതുമുഖമായ ഭൂമിയുടെ മനോഹരമായ പ്രകടനമാണ്. ഒരിക്കല്‍പ്പോലും ഒരു പുതുമുഖം എന്ന് തോന്നാത്തവിധം beautiful, charming and excellent ആയൊരു പ്രകടനം ആണ് അവര്‍ കാഴ്ചവെച്ചത്. സന്ധ്യ എന്ന കഥാപാത്രം അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. ചിത്രത്തില്‍ കാണുന്ന അത്ര തടി ശരിക്കും ഇല്ലെങ്കിലും സാധാരണയില്‍ കവിഞ്ഞ തടി ഉള്ള ഇവരെ തേടി ഇനിയും എത്ര വേഷങ്ങള്‍ വരും എന്നത് കണ്ടറിയണം. പക്ഷേ ഏതൊരു മുന്‍നിര നടിയുടെ അത്രയും തന്നെ അഭിനയം (ശരീരപ്രദര്‍ശനം അല്ല) തനിക്ക് വഴങ്ങും എന്ന് ഭൂമി തെളിയിച്ചു. മറ്റുവേഷങ്ങള്‍ ചെയ്തവര്‍ തങ്ങളുടെ വേഷങ്ങള്‍ നന്നാക്കി. സഞ്ജയ്‌ മിശ്ര വീണ്ടും വീണ്ടും കഴിവ് തെളിയിക്കുന്നു.
ഈ ചിത്രത്തിന്റെ മറ്റൊരു മുഖ്യാകര്‍ഷണം അനു മാലിക്കിന്റെ ഗാനങ്ങളാണ്. മികച്ച ഒരുപിടി ഗാനങ്ങള്‍ അദ്ദേഹം ഒരു ഇടവേളയ്ക്കുശേഷം നല്ലൊരു ചിത്രത്തിലൂടെ നമുക്ക് സമ്മാനിച്ചപ്പോള്‍ സുഖകരമായ ഒരനുഭവമായമാറി അത്. ഒരു ഇടവേളയ്ക്കുശേഷം കുമാര്‍ സാനു പാടിയ രണ്ടുപാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. മറ്റ് ഗാനങ്ങളും നന്നായിരുന്നു.
അധികം കൊട്ടിഘോഷിക്കപ്പെടാതെ റിലീസ് ആയി ആദ്യദിനങ്ങളില്‍ വളരെ കുറഞ്ഞ കളക്ഷന്‍ മാത്രം ലഭിച്ച ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം മൂലം മെല്ലെ പിടിച്ചുകയറുകയും മോശമല്ലാത്ത കളക്ഷന്‍ നേടുകയും ചെയ്തു. രണ്ടാം വാരത്തിലെ കളക്ഷന്‍ ആദ്യവാരത്തിലും കൂടുതല്‍ ആവുക എന്ന ബോളിവുഡില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസവും ഈ ചിത്രത്തിന്റെ കാര്യത്തില്‍ സംഭവിച്ചു. സ്ഥിരം ബോളിവുഡ് ചേരുവകള്‍ മിക്കതും ഒഴിവാക്കിക്കൊണ്ട് ചെയ്ത നല്ലൊരു ചിത്രം തന്നെയാണ് ദം ലഗാകേ ഹൈഷാ. ബോളിവുഡിലെ ടോപ്‌ ബാനറുകളില്‍ ഒന്നായ യഷ് രാജ് ഫിലിംസില്‍ നിന്ന് സമീപകാലത്ത് ലഭിച്ച ഏറ്റവും മികച്ച ചിത്രം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment