Saturday, March 7, 2015

Ellam Chettante Ishtam Pole Movie Review

Ellam Chettante Ishtam Pole Movie Poster
എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ (2014, മലയാളം)
ഹരിദാസ്‌ സംവിധാനം ചെയ്ത ചിത്രമാണ് എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ. ഈ ഹരിദാസ്‌ എന്നാല്‍ ജോസേട്ടന്റെ ഹീറോ, മാജിക് ലാമ്പ് തുടങ്ങിയ ചിത്രങ്ങള്‍ ചെയ്ത കെ.കെ ഹരിദാസ് ആണോ, അതോ കഥ സംവിധാനം കുഞ്ചാക്കോ ചെയ്ത ഹരിദാസ്‌ കേശവന്‍ ആണോ അതോ മറ്റൊരാളാണോ എന്നൊന്നും അറിയില്ല. എന്തായാലും മേല്‍പ്പറഞ്ഞ ഹരിദാസുമാരുടെ ശ്രേണിയില്‍ പെടുത്താവുന്ന മറ്റൊരു സംവിധായകനാണ് ഇപ്പറഞ്ഞ ഹരിദാസ്‌.
ഭാര്യാഭര്‍തൃബന്ധങ്ങളില്‍ ഉണ്ടാവുന്ന ഉലച്ചിലുകളും സ്ത്രീപുരുഷസമത്വത്തിന്റെ പ്രാധാന്യവും മറ്റും പല ചിത്രങ്ങളിലായി മലയാളി പ്രേക്ഷകര്‍ പണ്ടുമുതലേ കാണാന്‍ തുടങ്ങിയിട്ടുണ്ട്. അത്തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ചില വിഷയങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് ചിത്രം തുടങ്ങി കുറച്ചുകഴിയുമ്പോള്‍ത്തന്നെ പ്രേക്ഷകന് മനസ്സിലാവും. എന്നാല്‍ മേമ്പൊടി ചാലിച്ചതില്‍ ചെറുതല്ലാത്ത പിഴവ് സംഭവിച്ചതിനാല്‍ ഉദ്ദേശിച്ചപോലത്തെ രുചിയൊന്നും ഇല്ലാത്ത ഒരു വിഭവമാണ് നമുക്ക് ലഭിച്ചത്. അതിന് സംവിധായകനെ കുറ്റം പറയാനും ആവില്ല. ഒരുപക്ഷേ പണ്ടെപ്പോഴോ എഴുതിവെച്ച തിരക്കഥ ഇപ്പോഴായിരിക്കും സംവിധാനം ചെയ്യാന്‍ സാധിച്ചത്.
ഈ ചിത്രത്തിന്റെ കഥയെക്കുറിച്ച് പറയാനാണെങ്കില്‍ നേരത്തെ പറഞ്ഞപോലെ പണ്ടെങ്ങോ ഇറങ്ങേണ്ട ഒരു കഥയായിട്ടാണ് തോന്നിയത്. നല്ലരീതിയില്‍ കുടുംബജീവിതം നയിക്കുന്ന നായകന്‍റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരുകൂട്ടം സ്ത്രീസമത്വവാദികള്‍ ആയ കൊച്ചമ്മമാര്‍ അയാളുടെ ജീവിതത്തില്‍ ചെയ്തുകൂട്ടുന്ന വിക്രിയകളാണ് കഥാതന്തു. ഭര്‍ത്താക്കന്മാരെക്കൊണ്ട് തുണി അലക്കിക്കുക, ഭക്ഷണം ഉണ്ടാക്കിക്കുക, നിലം തുടപ്പിക്കുക എന്നുതുടങ്ങിയ ദൈനംദിന പ്രവൃത്തികളില്‍ രസം കണ്ടെത്തിയിരുന്ന ഇവര്‍ നായകനെ കണ്ടതോടെ ഇല്ലാത്ത സ്ത്രീപീഡനക്കേസില്‍ നായകനെ കുടുക്കുക, തന്റെ ഭാര്യയെ നായകനില്‍ നിന്ന് അകറ്റുക, ഡിവോഴ്സ് നോട്ടീസ് അയപ്പിക്കുക തുടങ്ങിയ കൊച്ചുകൊച്ചുകലാപരിപാടികള്‍ നടത്താന്‍ തുടങ്ങുന്നു. അങ്ങനെ കോഞ്ഞാട്ടയായി നായകന്‍റെ ജീവിതം നില്‍ക്കുമ്പോള്‍ നായികയ്ക്ക് താന്‍ ചെയ്തത് തെറ്റാണെന്ന ബോധം ഉണ്ടാവുകയും, തെറ്റിദ്ധാരണകള്‍ ഒക്കെ മാറി അവര്‍ ഒന്നിക്കുകയും, (കപട)സ്ത്രീസമത്വവാദി കൊച്ചമ്മമാരെ ഭര്‍ത്താക്കന്മാര്‍ പഞ്ഞിക്കിടുകയും ചെയ്യുമ്പോള്‍ ശുഭം, പ്രേക്ഷകര്‍ കൈയ്യടിക്കുന്നു.
മലയാളസിനിമ കണ്ടുമറന്ന പല രംഗങ്ങളും ഈ ചിത്രത്തിലൂടെ പുനരവതരിക്കപ്പെടുന്നുണ്ട്. വീട്ടുകാര്‍ കാണാതെ മദ്യം കൊണ്ടുവന്ന് അരിഷ്ടത്തില്‍ ചേര്‍ത്ത് കഴിക്കുന്ന നായകന്‍റെ അച്ഛന്‍, ഭാര്യയെപേടിച്ച് വീട്ടുജോലികള്‍ ഒക്കെ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍, വക്കീല്‍ തുടങ്ങിയവരേ ഈ ചിത്രത്തില്‍ കാണാം, ഇത്തരം കഥാപാത്രങ്ങളെ വീണ്ടും കാണാന്‍ സാധിച്ചതില്‍ ഗൃഹാതുരത്വം തോന്നി. സമൂഹത്തില്‍ സ്ത്രീകള്‍ സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ ഒക്കെ പുരുഷന്മാര്‍ ചെയ്യുന്നത് കാണിച്ചുകൊണ്ട് ഒരു പാട്ടുണ്ടായിരുന്നു, അത് മോശമായില്ല.
മറ്റൊരു പ്രധാനമേന്മ ഇതില്‍ മുഖ്യവേഷങ്ങളില്‍ എത്തിയവരുടെ പ്രകടനങ്ങള്‍ ആണ്. കൊച്ചമ്മ ഗ്യാങ്ങില്‍ സോന, ലക്ഷ്മി ശര്‍മ്മ, സോണിയ, സാന്ദ്രാ ശേഖര്‍, പിന്നെ ടമാര്‍ പടാറില്‍ ബാബുരാജിന്റെ ഭാര്യ ആയി അഭിനയിച്ച ആ നടി(പേരറിയില്ല) എന്നിവരാണ്. സോനയുടെ ഭര്‍ത്താവായി സുനില്‍ സുഖദ എത്തുമ്പോള്‍ സോണിയയുടെ ഭര്‍ത്താവായി ശശി കലിംഗ എത്തുന്നു. മറ്റൊരു പ്രധാനവേഷത്തില്‍ സിദ്ധാര്‍ഥ് ശിവയും പിന്നെ പേരറിയാത്ത ഏതോ ഒരാളും ഉണ്ട്. ഇവരുടെ dazzling chemistry ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. വേറൊരു മുഖ്യാകര്‍ഷണം സോണിയയുടെ ശബ്ദമാണ്. മാനസികവളര്‍ച്ച ഇല്ലാത്തവരെയും ശാരീരികവളര്‍ച്ച ഇല്ലാത്തവരെയും സമൂഹത്തില്‍ കാണാനാകും. എന്നാല്‍ ശബ്ദവളര്‍ച്ച ഇല്ലാത്ത ഒരു പ്രത്യേകനടിയാണ് സോണിയ. മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ കെട്ട അതേ ശബ്ദം. എന്നാലും ആള് വലുതായി കേട്ടോ. നായികയായി വന്ന ചാരുലത അഭിനയത്തിലൂടെ പറ്റാവുന്നിടത്തോളം കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ ശ്രമിച്ചെങ്കിലും ലുക്ക്‌വൈസ് ഒരു miscast ആയി തോന്നി.
ജയറാമോ അനൂപ്‌ മേനോനോ മറ്റോ ചെയ്യേണ്ടിയിരുന്ന നായകവേഷം എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് വന്നുപെട്ടത് മണികണ്ഠന്‍ പട്ടാമ്പിയുടെ കയ്യില്‍. എന്തായാലും ആ വേഷം അദ്ദേഹം ഭദ്രമാക്കി. എന്തുവേഷം നല്‍കിയാലും സിനിമയുടെ ആകെയുള്ള നിലവാരം നോക്കാതെ നല്ല രീതിയില്‍ തന്നെ തന്റെ വേഷം അദ്ദേഹം അവതരിപ്പിക്കും എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. കൂടുതല്‍ അവസരങ്ങള്‍ ഇദ്ദേഹത്തെ തേടി വരട്ടെ.
പൂര്‍ണ്ണമായ കള്‍ട്ട് എന്ന വിശേഷണത്തിന് ഈ ചിത്രം അര്‍ഹമല്ല എന്ന കാര്യം അടിവരയിട്ട് പറയട്ടെ. പ്രത്യേകിച്ച് ഇരുപത്തഞ്ചും മുപ്പതും വര്‍ഷം പ്രവൃത്തിപരിചയം ഉള്ള സംവിധായകരും നടന്മാരും ഉണ്ടാക്കിത്തള്ളുന്ന ചില പടപ്പുകള്‍ കാണുമ്പോള്‍. പിന്നൊരു കാര്യം പോസ്റ്ററുകളില്‍ അല്‍പവസ്ത്രധാരിണികളായ നടിമാരുടെ ചിത്രങ്ങള്‍ കണ്ട് അത്തരം രംഗങ്ങള്‍ പ്രതീക്ഷിച്ചുപോയാല്‍ നിരാശപ്പെടേണ്ടിവരും. കുടുംബത്തോടൊപ്പം ഇരുന്ന് കാണാന്‍ പറ്റിയ ഒരു ചിത്രമാണിത്. സ്വന്തം കുടുംബത്തോട് നേരിട്ട് ദേഷ്യപ്പെടാനോ വഴക്കുപറയാനോ സാധിക്കാത്ത അവസരങ്ങളില്‍ അവര്‍ക്കിട്ട് പണികൊടുക്കാന്‍ ഉപകരിക്കുന്ന ഒന്ന്!

No comments:

Post a Comment