Tuesday, March 3, 2015

Sunday 1993 Movie Review

Sunday 1993 Hindi Movie Poster
സണ്‍‌ഡേ (Sunday, 1993, Hindi)
ഞായറാഴ്ച എന്തുചെയ്തു എന്നതിനെക്കുറിച്ച് ഹോംവര്‍ക്ക് എഴുതിക്കൊണ്ടുവരാന്‍ ക്ലാസിലെ കുട്ടികളോട് പറഞ്ഞ അദ്ധ്യാപകന്‍ (ആശിഷ് വിദ്യാര്‍ഥി) ഹോംവര്‍ക്ക് ചെയ്യാതെ വന്ന ഒരു കുട്ടിയോട് (ഇമാദ് ദലാല്‍) എന്തുകൊണ്ട് ഹോംവര്‍ക്ക്‌ ചെയ്തില്ല എന്ന് ചോദിക്കുന്നു. ഒരുപാട് തിരക്കുകള്‍ ആയിരുന്നു, എഴുതണം എന്ന് കരുതിയെങ്കിലും സാധിച്ചില്ല എന്ന് കുട്ടി മറുപടി പറയുമ്പോള്‍ എന്നാല്‍ ഹോംവര്‍ക്ക്‌ എഴുതുന്നതിനുപകരം തന്നോട് നേരിട്ട് പറയുവാന്‍ അദ്ധ്യാപകന്‍ ആവശ്യപ്പെടുന്നു. കുട്ടി സംഭവബഹുലമായ തലേദിവസത്തെക്കുറിച്ച് പറയാന്‍ ആരംഭിക്കുന്നു...
നിര്യാതനായ പങ്കജ് അദ്വാനിയുടെ ആദ്യ സംവിധാനസംരംഭമാണ് 1993ല്‍ പുറത്തിറങ്ങിയ സണ്‍‌ഡേ. രണ്ട് ദേശീയപുരസ്കാരങ്ങള്‍ അടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ ചിത്രം പക്ഷേ തീയറ്ററുകളില്‍ റിലീസ് ആയില്ല. തീയറ്റര്‍ റിലീസിനുവേണ്ടത്ര ദൈര്‍ഘ്യം ഇല്ല എന്നതാവാം കാരണം. 58 മിനിട്ടുകള്‍ മാത്രമാണ് ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം. എന്നാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യന്‍ സിനിമ അധികമൊന്നും കടന്നുപോയിട്ടില്ലാത്ത പല വഴികളിലൂടെയും സഞ്ചരിച്ച് fantasy, surreal തുടങ്ങിയ ജോനരുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ട് കടന്നുപോവുന്നു. ഇത്തരം വ്യത്യസ്തമായ പരീക്ഷണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ടോ എന്നോര്‍ത്ത് പ്രേക്ഷകര്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും ചിത്രം അവസാനിക്കുമ്പോള്‍.. അത്രയേറെ വ്യത്യസ്തവും അത്യന്തം രസകരവും വിചിത്രവും ആയ, ഒരിക്കല്‍പ്പോലും serious trackലേക്ക് വഴുതിവീഴാത്ത രീതിയിലുള്ള ആഖ്യാനശൈലിയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു പങ്കജ് അദ്വാനി.
രത്നാ പാഠക് ഷാ, ഇമാദ് ദലാല്‍, ശ്രീവല്ലഭ് വ്യാസ്, ദീനാ പാഠക്, ദേവന്‍ ഭോജനി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. എല്ലാവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. മനോജ്‌ നായരുടെ ഛായാഗ്രഹണം മികവുറ്റതായിരുന്നു. വൈഡ് ഷോട്ടുകള്‍ നല്ല രീതിയില്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. രജത് ഢോലാക്കിയയുടെ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ ഒഴുക്കിനൊത്ത് ഇഴുകിച്ചേര്‍ന്നുനിന്നു. ചില ഗ്രാഫിക്സ് രംഗങ്ങളിലെ നിലവാരമില്ലായ്മ ഇറങ്ങിയ കാലവും തുച്ഛമായ ബജറ്റും കണക്കിലെടുക്കുമ്പോള്‍ മറക്കാവുന്നതാണ്.
ഇന്ത്യന്‍ സിനിമയിലെ പരീക്ഷണചിത്രങ്ങള്‍, സ്ഥിരം ശൈലിയില്‍ നിന്ന് മാറിയുള്ള ആഖ്യാനരീതി പിന്തുടര്‍ന്ന ചിത്രങ്ങള്‍ ഒക്കെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ ചിത്രം. ഓരോ സീനുകള്‍ക്കും വ്യാഖ്യാനം നല്‍കേണ്ടവര്‍ക്ക് അങ്ങനെയാവാം, അല്ലാത്തവര്‍ക്ക് മറ്റൊന്നും ചിന്തിക്കാതെ രസിച്ചിരുന്ന് കാണുകയും ചെയ്യാം. 

No comments:

Post a Comment