Tuesday, February 2, 2016

Barah Aana Movie Review

ബാരഹ് അണ (Barah Aana, 2009, Hindi)
രാജാ കൃഷ്ണമേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബാരഹ് അണ അഥവാ പന്ത്രണ്ടണ. നസിറുദ്ദീന്‍ ഷാ, വിജയ്‌ രാസ്, അര്‍ജുന്‍ മാഥുര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബ്ലാക്ക്‌ കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ഒന്നാണ്.
മുംബൈയില്‍ ഒരു മുറിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൂന്നുപേരുടെ ജീവിതങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്. ഒരു ഡ്രൈവര്‍ ആയി ജോലിചെയ്യുന്ന ശുക്ല (നസിറുദ്ദീന്‍ ഷാ), ഒരു ഫ്ലാറ്റിലെ സെക്യൂരിറ്റിയായ യാദവ് (വിജയ്‌ രാസ്), ഒരു കഫേയിലെ വെയ്റ്റര്‍ ആയ അമന്‍ (അര്‍ജുന്‍ മാഥുര്‍) എന്നിവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി ഭാഗ്യംതേടി മുംബൈയില്‍ വന്നവരാണ്. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമായി മുന്നോട്ടുപോവുന്ന അവരുടെ ജീവിതങ്ങളില്‍ ഒരുനാള്‍ വലിയൊരു വഴിത്തിരിവുണ്ടാകുന്നു, ഒരു പ്രത്യേകസാഹചര്യത്തില്‍ അവര്‍ക്ക് Kidnappers ആകേണ്ടിവരുന്നു. അതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.
Cinematic liberty എന്നപേരുപറഞ്ഞ് രംഗങ്ങളെ കഴിവതും ചലച്ചിത്രവല്‍ക്കരിക്കാതെ വളരെ സ്വാഭാവികമായാണ് ചിത്രം മുന്നോട്ടുപോവുന്നത്.. നടീനടന്മാരുടെ അത്യന്തം natural ആയ പ്രകടനങ്ങള്‍കൂടി ആയപ്പോള്‍ ഒരു സിനിമയാണ് കാണുന്നതെന്ന തോന്നല്‍പോലും ഇല്ലാതാകുന്നു. ഇതുകൊണ്ടൊക്കെത്തന്നെയാകാം ശുക്ലയെ അപമാനിക്കുന്ന മുതലാളിയുടെ ഭാര്യയോട് നമുക്ക് വെറുപ്പ് തോന്നുകയും, യാദവിന്റെ ദുഃഖം നമ്മുടെകൂടെ ദുഃഖമായി തോന്നുകയും ഒക്കെ ചെയ്തത്. ഈ ചിത്രത്തിന്റെ ടൈറ്റില്‍കൊണ്ട് സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും ചിത്രത്തിലെ അവസാനത്തെ ഡയലോഗ് അതിനുള്ള ഉത്തരമാവുന്നു.
ഒരു shoestring budgetലാണ് ചിത്രീകരിക്കപ്പെട്ടതെങ്കിലും ബജറ്റിന്റെ കുറവ് ചിത്രത്തിന്റെ നിലവാരത്തെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തില്‍ സംവിധായകനും സംഘവും വിജയം കണ്ടു. സാങ്കേതികവിഭാഗങ്ങളിലെല്ലാംതന്നെ ചിത്രം മോശമല്ലാത്ത നിലവാരം പുലര്‍ത്തി.
സംവിധായകന്റെ ഇതിനുശേഷമുള്ള ചിത്രമായ എയര്‍ലിഫ്റ്റ്‌ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അദ്ദേഹത്തിന്റെ മികച്ച മറ്റൊരു സൃഷ്ടിയായ ബാരഹ് അണയും കാണാന്‍ ശ്രമിക്കുക. വളരെയേറെ ആസ്വദനീയമായ ഈ കൊച്ചുചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.

No comments:

Post a Comment