Wednesday, February 24, 2016

The Mermaid Movie Review

ദ മെര്‍മെയ്ഡ് (The Mermaid, 2016, Mandarin)
ഷാവോലിന്‍ സോക്കര്‍, കുങ്ങ്ഫു ഹസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്‌ട്രശ്രദ്ധ പിടിച്ചുപറ്റിയ ചൈനീസ് സംവിധായകന്‍ സ്റ്റീഫന്‍ ചൗവ്വിന്റെ പുതിയ ചിത്രമാണ് ദ മെര്‍മെയ്ഡ്. Deng Chao, Lin Yun, Show Luo തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരുകൂട്ടം മത്സ്യമനുഷ്യരുടെ കഥയാണ് പറയുന്നത്.
Liu Xuan എന്ന ബിസിനസ്മാന്‍ തന്റെ കടല്‍സംബന്ധമായ ഒരു പ്രോജക്ടിനുവേണ്ടി ഒരു കടല്‍ത്തീരം വിലയ്ക്കുവാങ്ങുകയും അവിടത്തെ ജീവജാലങ്ങളെ സോണാര്‍ എന്നൊരു അപകടകരമായ ഉപകരണം ഉപയോഗിച്ച് തുടച്ചുനീക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒട്ടേറെ മത്സ്യമനുഷ്യരുടെ വാസസ്ഥലമായിരുന്നു അത്. സോണാറിന്റെ ശക്തിയില്‍ ഏറെ മത്സ്യമനുഷ്യര്‍ മരിച്ചുപോവുകയും കുറേപ്പേര്‍ രോഗബാധിതരാവുകയും ചെയ്യുന്നു. ബാക്കിയുള്ള മത്സ്യമനുഷ്യര്‍ ഒരു ഇടത്താവളം കണ്ടെത്തി അവിടെവെച്ച് തങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണക്കാരനായ Liu Xuanനോട്‌ പകരംവീട്ടാന്‍ തീരുമാനിക്കുന്നു. തന്റെ വാലില്‍ ബാലന്‍സ് ചെയ്തുകൊണ്ട് മനുഷ്യരെപ്പോലെ നടക്കാന്‍ പരിശീലിച്ച ഷാന്‍ എന്ന മത്സ്യകന്യകയെ മനുഷ്യവേഷം കെട്ടിച്ച് Liu Xuanനെ വധിക്കാനായി മത്സ്യമനുഷ്യര്‍ അയയ്ക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.
ചെറിയചെറിയ ഹാസ്യരംഗങ്ങള്‍കൊണ്ടും നുറുങ്ങുതമാശകള്‍കൊണ്ടും ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നതില്‍ സംവിധായകന്‍ വിജയം കണ്ടു. അതോടൊപ്പംതന്നെ socially relevant ആയൊരു പ്രശ്നത്തെ ഫാന്റസിയുടെ മൂടുപടമിടുവിച്ചുകൊണ്ട് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയും സഹജീവിസ്നേഹത്തിന്റെ ആവശ്യകത രസകരമായിത്തന്നെ പ്രേക്ഷകന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. വിശ്വസനീയമായ vfx, sfx, cgi തുടങ്ങിയവയും മികച്ചുനില്‍ക്കുന്ന പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മാറ്റുകൂട്ടി.
അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ മുഖ്യാകര്‍ഷണങ്ങളില്‍ ഒന്നാണ്. നായികാകഥാപാത്രത്തെ അവതരിപ്പിച്ച Show Luo തന്റെ വേഷം മനോഹരമാക്കി. ഇനിയുമേറെ മികച്ച വേഷങ്ങള്‍ ഇവര്‍ക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. Deng Choയുടെ നായകവേഷവും മികച്ചതായിരുന്നു. മറ്റുനടീനടന്മാരും നല്ലരീതിയില്‍ത്തന്നെ തങ്ങളുടെ വേഷം കൈകാര്യം ചെയ്തു.
ഈ വര്‍ഷത്തെ ചൈനീസ് ന്യൂ ഇയര്‍ സീസണില്‍ റിലീസ് ചെയ്ത ചിത്രം വമ്പിച്ച കളക്ഷനോടെ മുന്നേറുകയാണ്. ചൈനീസ് സിനിമാചരിത്രത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി മെര്‍മെയ്ഡ് മാറിക്കഴിഞ്ഞു. ഇതുവരെ ഏകദേശം അഞ്ഞൂറുമില്യണ്‍ USDയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇപ്പോഴും നിറഞ്ഞസദസ്സില്‍ത്തന്നെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ത്രീഡിയിലുള്ള ഇംഗ്ലീഷ് ഡബ്ബും പുറത്തിറക്കാന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഫാന്റസി ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആസ്വദിച്ചുകണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് മെര്‍മെയ്ഡ്. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment