Sunday, February 7, 2016

Gour Hari Dastaan Movie Review

ഗൗര്‍ ഹരി ദാസ്താന്‍ (Gour Hari Dastaan, 2015, Hindi)
ഗൗര്‍ ഹരിദാസ് എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ ജീവിതത്തെ ആസ്പദമാക്കി അനന്ത് മഹാദേവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗൗര്‍ ഹരി ദാസ്താന്‍. അനന്ത് മഹാദേവനും പ്രശസ്തസാഹിത്യകാരനായ സി.പി.സുരേന്ദ്രനും ചേര്‍ന്ന് ചിത്രത്തിന്റെ രചനനിര്‍വഹിച്ചു. വിനയ് പാഠക് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ രണ്‍വീര്‍ ഷോരെ, കൊങ്കണ സെന്‍ ശര്‍മ, തനിഷ്ഠ ചാറ്റര്‍ജി തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനവര്‍ഷങ്ങളില്‍ വാനരസേനയില്‍ പ്രവര്‍ത്തിച്ച ഒരു കുട്ടിയ്ക്ക് അയാള്‍ വളര്‍ന്നുവലുതായശേഷം നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ചിത്രം പറയുന്നത്.
താന്‍ സ്വാതന്ത്ര്യസമരസേനാനി ആണെന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ഇല്ലെന്നതിനാല്‍ ആ പേര് നിഷേധിക്കപ്പെട്ടവനാണ് ഗൗര്‍ ഹരിദാസ്‌. കുട്ടിക്കാലത്ത് വാനരസേനയില്‍ പ്രവര്‍ത്തിക്കുകയും തൊണ്ണൂറുദിവസത്തോളം ഒറീസ്സയിലെ ഒരു ജയിലില്‍ കിടക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കയ്യില്‍ ആകെയുള്ളത് ജയിലില്‍ കിടന്ന രേഖകളും വീര്യംചോരാത്ത ഓര്‍മ്മകളും മാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം മുംബൈയിലേക്ക് താമസംമാറിയ അദ്ദേഹം പിന്നീട് സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന താമ്രപത്രത്തിനായി അപേക്ഷിച്ചെങ്കിലും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ആ അപേക്ഷ ഉദ്യോഗസ്ഥര്‍ നിരസിക്കുന്നു. അത് ലഭിക്കാനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. ഏറെ വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ തന്റെ എണ്‍പത്തിനാലാംവയസ്സിലാണ് അദ്ദേഹത്തിന് തന്റെ അവകാശം പതിച്ചുനല്‍കപ്പെടുന്നത്. വേണ്ടസമയത്ത് ലഭിക്കാത്ത ഒന്നിന് പിന്നീട് എന്തുവിലയാണുള്ളത് എന്നചോദ്യം ചിത്രം മുന്നോട്ടുവെയ്ക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയും ഇപ്പോഴത്തെ ഇന്ത്യയും തമ്മിലുള്ള വളരെ അര്‍ത്ഥവത്തായ താരതമ്യവും ചിത്രത്തില്‍ കാണാം. മികച്ച പല രംഗങ്ങള്‍കൊണ്ടും സമ്പുഷ്ടമാണെങ്കിലും ചിത്രം വളരെ മെല്ലെ മുന്നോട്ടുനീങ്ങുന്ന ഒന്നാണ്. എങ്കിലും ക്ഷമിച്ചിരുന്നുകണ്ടാല്‍ മികച്ചൊരു അനുഭവംതന്നെയാണ് ഗൗര്‍ ഹരി ദാസ്താന്‍.
വിനയ് പാഠക് എന്നനടന്റെ കരിയറിലെതന്നെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രത്തിലെ ഗൗര്‍ ഹരിദാസ്. ആ കഥാപാത്രത്തിന് വിവിധ കാലാന്തരങ്ങളില്‍ വരുന്ന മാറ്റങ്ങളും ഓരോ ചെറിയ സ്വഭാവവൈശിഷ്യങ്ങളും മറ്റും അദ്ദേഹം ഗംഭീരമാക്കി. ശരിക്കും ചിത്രത്തെ തോളിലേറ്റി എന്നൊക്കെ പറയാവുന്ന പ്രകടനം. ഇത്തവണത്തെ ദേശീയ അവാര്‍ഡുകളില്‍ മികച്ചനടന്റെ സ്ഥാനത്തേയ്ക്കുള്ള ലിസ്റ്റില്‍ മുന്‍പന്തിയില്‍ ഇദ്ദേഹവും ഉണ്ടാകും എന്നുറപ്പാണ്. ചിത്രം കഴിഞ്ഞാലും ഗൗര്‍ ഹരിദാസ് പ്രേക്ഷകമനസ്സുകളില്‍ തങ്ങിനില്‍ക്കുന്നവിധത്തിലുള്ള കറയറ്റ പ്രകടനം. അദ്ദേഹത്തിന്റെ പ്രകടനത്തിനുമുന്‍പില്‍ നിഴലായി ഒതുങ്ങാനായിരുന്നു മറ്റുനടീനടന്മാരുടെ യോഗം എങ്കിലും കൊങ്കണ സെന്‍ ശര്‍മ ഗൗര്‍ ഹരിദാസിന്റെ പത്നിയുടെ വേഷം മികവുറ്റതാക്കി. മറ്റുള്ളവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. വിക്കിപീഡിയയില്‍ വേറെയും കുറേപ്പേര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു എന്ന് കണ്ടെങ്കിലും അവരില്‍ പലരെയും ചിത്രത്തില്‍ കാണാന്‍ സാധിച്ചില്ല. ഒരുപക്ഷേ ദൈര്‍ഘ്യം എറിയതുമൂലം കട്ട്‌ ചെയ്തതാവാം. ഒരിക്കലും ഒരു പോസിറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്ന് മറ്റുചിത്രങ്ങള്‍ കണ്ടപ്പോള്‍ തോന്നിയ ഭരത് ദഭോല്‍ക്കര്‍ എന്ന നടന്‍ ഇതില്‍ ചെറുതെങ്കിലും നല്ലൊരു വേഷം അവതരിപ്പിച്ചത് കൗതുകമുണര്‍ത്തി. മറ്റുസാങ്കേതികമേഖലകളില്‍ ചിത്രം നല്ല നിലവാരം പുലര്‍ത്തി. സി.പി. സുരേന്ദ്രന്റെ ഡയലോഗുകള്‍ മികച്ചുനിന്നു. അവസാനത്തെ ക്രെഡിറ്റ്‌സിന്റെ സമയത്ത് കേള്‍ക്കാവുന്ന എല്‍.സുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ ഗാനവും നന്നായിരുന്നു.
പ്രതിപാദിക്കുന്ന വിഷയംകൊണ്ടും ശക്തമായ പ്രകടനങ്ങള്‍കൊണ്ടും കണ്ടിരിക്കേണ്ട മികച്ചൊരു ചലച്ചിത്രാനുഭവമാണ് ഗൗര്‍ ഹരി ദാസ്താന്‍. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment