Thursday, February 25, 2016

Franky Short Film Review

ഫ്രാങ്കി (Franky, 2016, English)

നിയോ ന്വോര്‍ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പൊതുവേ വിരളമാണ്. വളരെ മിനിമലിസ്റ്റിക്ക് ആയ treatment, മിതത്വം പാലിക്കുന്ന പ്രകടനങ്ങള്‍, പതിഞ്ഞ സംഭാഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങളാല്‍ പൊതുജനത്തെ കയ്യിലെടുക്കാന്‍ സാധിക്കില്ല എന്നൊരു ധാരണകൊണ്ടാവാം അത്. ഇടയ്ക്ക് ചില പരീക്ഷണങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഇനിയും ഒരുപാട് explore ചെയ്യാന്‍ ബാക്കികിടക്കുന്ന ഒരു മേഖലയാണ് ഇത് എന്നാണ് എന്റെ അഭിപ്രായം. ഈയവസരത്തിലാണ് ഫ്രാങ്കി പ്രസക്തമാവുന്നത്. പതിനാറുമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് ഫ്രാങ്കി. പറയത്തക്ക യാതൊരു സിനിമാമുന്‍പരിചയവും അവകാശപ്പെടാനില്ലാത്ത അരുണ്‍ ഏലിയാസ്, ചിന്തു ജോസ് എന്നീ രണ്ടുചെറുപ്പക്കാരുടെ സംയുക്തസൃഷ്ടി. അണിയറയില്‍ പ്രവര്‍ത്തിച്ചവരും അഭിനേതാക്കളും പുതുമുഖങ്ങള്‍. എന്നിട്ടും ഹ്രസ്വചിത്രമേഖലയില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുന്നുണ്ട് ഇവര്‍, ഫ്രാങ്കിയിലൂടെ. നവയുഗസിനിമയുടെ ശംഖൊലി ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് മുഴങ്ങുന്ന ഇക്കാലത്ത് ഫ്രാങ്കിയും മാറ്റത്തിന്റെ വിത്തുകള്‍ പാവാന്‍ തന്റേതായരീതിയില്‍ ശ്രമിക്കുന്നുണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ! എന്നാല്‍ പല കൊമ്പന്‍സ്രാവുകളെക്കാളുമധികം ഇന്ത്യന്‍ സിനിമയുടെ മുന്നേറ്റത്തിലെക്കായി സംഭാവനചെയ്യാന്‍ സാധിക്കുന്നുണ്ട് ഫ്രാങ്കിയ്ക്ക്. അതിന്റെ അവതരണത്തിലെ തനതുശൈലിതന്നെയാവം കാരണം.
ഒരു മദ്ധ്യവയസ്കനും യുവാവും ഒരു പ്രത്യേകസാഹചര്യത്തില്‍ കണ്ടുമുട്ടുന്നു, അവരുടെ സംഭാഷണങ്ങളിലൂടെ കഥ വികസിക്കുന്നു. രണ്ടുപേര്‍ക്കും അവരവരുടേതായ ലക്ഷ്യങ്ങളുണ്ട്‌. അവരെ കൂട്ടിമുട്ടിക്കുന്ന ഒരു നിയോഗവും. ഇനിയെന്ത് സംഭവിക്കും എന്ന ചിന്തകൊണ്ട് പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്നരീതിയിലുള്ള ആഖ്യാനശൈലിയാണ് സംവിധായകര്‍ ഫ്രാങ്കിയില്‍ അവലംബിച്ചിരിക്കുന്നത്. ആകെ നാലോ അഞ്ചോ കഥാപാത്രങ്ങളെ മാത്രമാണ് നിങ്ങള്‍ക്കീചിത്രത്തില്‍ കാണാന്‍ സാധിക്കുക. തങ്ങളുടെ ആകാരംകൊണ്ടോ ഗാംഭീര്യംകൊണ്ടോ പ്രേക്ഷകനെ മയക്കുന്നരീതിയിലുള്ള പ്രത്യേകതകള്‍ ഒന്നുംതന്നെയില്ലാത്ത ചില സാധാരണക്കാര്‍. എന്നാല്‍ ഇവരോരോരുതരും ഫ്രാങ്കിയുടെ അവിഭാജ്യഘടകങ്ങളാണ്, തങ്ങളുടേതായ പ്രാധാന്യമുള്ളവര്‍. ഓരോ ഫ്രെയിമും പ്രാധാന്യമര്‍ഹിയ്ക്കുന്നതാണ്, വരാന്‍പോകുന്ന സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നവ. ARMYയ്ക്ക്  YMRA എന്നും  POLICEന്  ECILOP എന്നും പേരുള്ള ഒരു ഉട്ടോപ്പ്യന്‍ സ്ഥലത്താണ് കഥനടക്കുന്നത്. ചിത്രമവസാനിയ്ക്കുമ്പോള്‍ പ്രേക്ഷകമനസ്സുകളില്‍ ഉളവാകുന്ന ഞെട്ടലും തരിപ്പും തങ്ങളുടെ ഉദ്യമത്തില്‍ സംവിധായകര്‍ വിജയിച്ചു എന്നുതന്നെയാണ് തെളിയിക്കുന്നത്. സിന്‍ സിറ്റി പോലുള്ള ചില ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കളര്‍ ടോണും ക്യാമറ ഉണ്ടെന്നുതോന്നിപ്പിക്കാത്തവിധത്തിലുള്ള ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. ഗോവിന്ദ് കെ സജി ചിത്രസംയോജനത്തിലും ഛായാഗ്രഹണത്തിലും ഇനിയും ഉയരങ്ങള്‍ കീഴടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നവയുഗചിത്രങ്ങളുടെ മുഖമുദ്രയായ മിതാഭിനയം വിജയകരമായി അഭിനേതാക്കളിലേക്ക് സന്നിവേശിപ്പിക്കാന്‍ ഫ്രാങ്കിയിലൂടെ സംവിധായകര്‍ക്ക് സാധിച്ചു എന്നുതന്നെവേണം പറയാന്‍. നടന്മാരെ കഥാപാത്രമായി ജീവിയ്ക്കാന്‍ വിടുകയും, അതേസമയം ബോധപൂര്‍വമല്ലാതെതന്നെ അവരെക്കൊണ്ട് മിതത്വം പാലിപ്പിയ്ക്കുകയും ചെയ്യുക എന്നത് ചെറിയൊരു കാര്യമല്ല. മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ആദര്‍ശ് മോഹന്‍, ജോണ്‍ സോജന്‍ എന്നിവര്‍ പ്രത്യേകപരാമര്‍ശം അര്‍ഹിയ്ക്കുന്നു. അസ്വാഭാവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, വിശ്വസനീയമായ ഇവരുടെ പ്രകടനങ്ങള്‍ ഇവരെ കൂടുതല്‍ ചിത്രങ്ങളില്‍ കാണാന്‍ പ്രേക്ഷകരെ മോഹിപ്പിക്കുന്നതാണ്. മദ്ധ്യവയസ്കന്റെ വേഷത്തിലെത്തിയ ആദര്‍ശിന്റെ മേക്കപ്പില്‍ ചില പോരായ്മകള്‍ കാണാമായിരുന്നെങ്കിലും ചിത്രത്തിന്റെ ബജറ്റും മറ്റും നോക്കിയാല്‍ അതൊക്കെ സൗകര്യപൂര്‍വ്വം മറന്നുകളയാവുന്നതേ ഉള്ളൂ. താരതമ്യേന ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട അനൂപ്‌ ജോണ്‍സണ്‍, ഹാസില്‍, അനൂപ്‌ ലൂക്കോസ്, സുധീഷ്‌, സിനു, സുബിന്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.
ഒരു ന്വോര്‍ ചിത്രത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്‌ അതിന്റെ പശ്ചാത്തലസംഗീതം. അല്പം പാളിയാല്‍പ്പോലും ചിത്രത്തിന്റെ മൂഡിനെ പ്രതികൂലമായി ബാധിക്കാവുന്ന ഒന്ന്. പശ്ചാത്തലസംഗീതം over the top ആയതുകൊണ്ടുമാത്രം അനുഭവവേദ്യമാവാതെപോയ പല ചലച്ചിത്രശ്രമങ്ങളും താളുകള്‍ പിന്നോട്ടുമറിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ഫ്രാങ്കിയുടെ ഏറ്റവും ശക്തമായ മേഖലകളിലൊന്ന് പശ്ചാത്തലസംഗീതമാണ്. അമല്‍ വിശ്വനാഥ് എന്ന ചെറുപ്പക്കാരന്‍ തന്റെ ജോലി ഗംഭീരമാക്കിയപ്പോള്‍ അന്താരാഷ്‌ട്രചിത്രങ്ങളോട് കിടപിടിയ്ക്കുന്ന ഒരുപിടി ഈണങ്ങള്‍ ആണ് പ്രേക്ഷകനുലഭിച്ചത്. മറ്റുസാങ്കേതികമേഖലകളിലും ചിത്രം ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
സിനിമയെ മോഹിയ്ക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമാണീ ചിത്രം. പരിമിതമായ resources ഉപയോഗിച്ചും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന നല്ലൊരു കലാസൃഷ്ടി ഒരുക്കാം എന്ന് തെളിയിക്കുന്ന ഒന്ന്. ആദ്യാവസാനം പ്രേക്ഷകനെ ആകാംക്ഷാഭരിതനാക്കുന്ന മികച്ചൊരു ഉദ്യമം. ഈ ശനിയാഴ്ച ചിത്രം യുട്യൂബിലൂടെ നിങ്ങള്‍ക്കുമുന്നിലേയ്ക്കെത്തുകയാണ്. തീര്‍ച്ചയായും കാണാന്‍ ശ്രമിയ്ക്കുക.

ചിത്രത്തിന്റെ  ടീസര്‍ ഇവിടെ കാണാം: Franky Teaser in Facebook
ചിത്രം ഇവിടെക്കാണാം: Franky

2 comments:

  1. ഇത് ഓണ്‍ലൈന്‍ റിലീസ് ആയോ ? എങ്കില്‍ ഈ ചിത്രത്തിന്റെ യുടുബ് ലിങ്ക് കൂടി ഉള്‍പ്പെടുത്തുമോ ? നന്ദി.

    ReplyDelete
    Replies
    1. ചിത്രം കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക :)

      https://www.youtube.com/watch?v=gY3l1GQlpio

      Delete