Tuesday, February 2, 2016

Zed Plus Movie Review

സെഡ് പ്ലസ്‌ (Zed Plus, 2014, Hindi)
വെള്ളാപ്പള്ളിയ്ക്ക് Y ലെവല്‍ സെക്യൂരിറ്റി ലഭിച്ച ഈ വേളയില്‍ യാദൃശ്ചികമായാവാം ഈ ചിത്രം കാണാന്‍ ഇടയായത്. ദൂരദര്‍ശനില്‍ ചാണക്യന്‍ എന്ന സീരീസിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രമാണ് സെഡ് പ്ലസ്‌. അദ്ദേഹത്തിന്റെ മറ്റുചിത്രങ്ങളെപ്പോലെ ഇതും ഒരു political satire ആണ്. ആദില്‍ ഹുസൈന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മുകേഷ് തിവാരി, മോണാ സിംഗ്, സഞ്ജയ്‌ മിശ്ര, കുല്‍ഭൂഷന്‍ ഖര്‍ബന്ദ തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അസ്ലം ഒരു പഞ്ചര്‍ഷോപ്പ് നടത്തുന്ന ആളാണ്‌. തന്റെ കടയില്‍നിന്നുള്ള തുച്ഛമായ വരുമാനത്താല്‍ കുടുംബം മുന്നോട്ടുകൊണ്ടുപോവാന്‍ കഷ്ടപ്പെടുന്ന അസ്ലം അയല്‍ക്കാരനായ ഹബീബുമായി ഒരു സ്ത്രീയുടെ പേരില്‍ ശത്രുതയിലാണ്. അങ്ങനെയിരിക്കെ ഗ്രാമത്തിലെ ദര്‍ഗയിലേക്ക് പ്രധാനമന്ത്രി സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും ആ സന്ദര്‍ശനസമയത്ത് ദര്‍ഗയുടെ ഉത്തരവാദിത്വം അസ്ലമിന് ലഭിക്കുകയും ചെയ്യുന്നു. ഹിന്ദി നേരെചൊവ്വേ അറിയാത്ത പ്രധാനമന്ത്രി അസ്ലമിനോട് എന്തെങ്കിലും ആവശ്യം നിറവേറ്റാന്‍ ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ അസ്ലം തനിക്ക് അയല്‍ക്കാരുടെ ശല്യം ഉണ്ടെന്ന് പറയുന്നു. അത് അയല്‍രാജ്യമായ പാക്കിസ്ഥാനെപ്പറ്റിയാണെന്ന് കരുതുന്ന പ്രധാനമന്ത്രി അസ്ലമിന് Z ലെവല്‍ സെക്യൂരിറ്റി നല്‍കാന്‍ ആഹ്വാനം ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരവും വിചിത്രവുമായ സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്.
ഇതൊരു സാങ്കല്‍പ്പികകഥയാണ്, കാരണം ഒരു ഡെമോക്രാറ്റിക്‌ രാജ്യത്ത് ഇത്തരമൊരു കഥ അസംഭവനീയമാണെന്നുള്ള disclaimerഓടെയാണ് ചിത്രം തുടങ്ങുന്നതുതന്നെ. ചിത്രത്തിലുടനീളം ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളെയും സംവിധായകന്‍ കളിയാക്കിയിട്ടുണ്ട്. രസകരമായിത്തന്നെ ചിത്രത്തെ അവസാനിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു..
ഇഷ്കിയ, ലൈഫ് ഓഫ് പൈ, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയ ആദില്‍ ഹുസൈന്‍ ഈ ചിത്രത്തിലെ അസ്ലം പഞ്ചര്‍വാല എന്ന കഥാപാത്രത്തെ അനായാസേന അവതരിപ്പിച്ചു. വളരെ മികച്ചതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അസ്ലമിന്റെ അയല്‍ക്കാരനായി മുകേഷ് തിവാരിയും തന്റെ വേഷം ഭംഗിയാക്കി. മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ നന്നായിത്തന്നെ അവതരിപ്പിച്ചു. സാങ്കേതികമേഖലകളില്‍ ചിത്രം തെറ്റില്ലാത്ത നിലവാരം പുലര്‍ത്തി.
രസകരമായൊരു ആക്ഷേപഹാസ്യചിത്രമാണ് സെഡ് പ്ലസ്‌. കൊട്ടിഘോഷിക്കാന്‍ വലിയൊരു താരനിരയോ ബ്രഹ്മാണ്ഡസെറ്റുകളോ ഒന്നുമില്ലാതെതന്നെ പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.

No comments:

Post a Comment