Tuesday, December 8, 2015

Before I Disappear Movie Review

ബിഫോര്‍ ഐ ഡിസപ്പിയര്‍ (Before I Disappear, 2014, English)
മികച്ച ഹ്രസ്വചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ Curfew എന്ന short filmനെ അടിസ്ഥാനമാക്കി അതിന്റെതന്നെ സംവിധായകന്‍ Shawn Christensen സംവിധാനം ചെയ്ത ചിത്രമാണ് ബിഫോര്‍ ഐ ഡിസപ്പിയര്‍. സംവിധായകനോടൊപ്പം മുഖ്യവേഷത്തില്‍ എത്തിയത് Dora the Explorerലെ ഡോറയ്ക്ക് ശബ്ദം നല്‍കുന്ന പെണ്‍കുട്ടിയായ Fátima Ptacek ആണ്. പല അന്താരാഷ്‌ട്രചലച്ചിത്രമേളകളിലും നിരവധി പുരസ്കാരങ്ങള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു.
റിച്ചി എന്ന യുവാവ് ജീവിതം എല്ലാ അര്‍ത്ഥത്തിലും മടുത്തെന്നുതോന്നിയതിനാല്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. എന്നാല്‍ റിച്ചി മരിക്കുന്നതിനുമുന്‍പ് റിച്ചിയ്ക്ക് അയാളുടെ സഹോദരിയുടെ ഫോണ്‍കോള്‍ ലഭിക്കുന്നു. ചില തിരക്കുകളാല്‍ മകള്‍ സോഫിയയെ സ്കൂളില്‍നിന്ന് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയില്ലെന്നും അതിനാല്‍ റിച്ചി ആ കുട്ടിയെ സ്കൂളില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുവരണം എന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം തന്റെ മരുമകളെ കണ്ടുമുട്ടുന്ന റിച്ചിയുടെ ജീവിതത്തില്‍ ആ സായാഹ്നം ഏറെ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പല തിരിച്ചറിവുകളും റിച്ചിയ്ക്ക് ഉണ്ടാകുന്നു. ഇതൊക്കെയാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകരോട് പറയുന്നത്.
തന്റെ ഷോര്‍ട്ട് ഫിലിമിന് ലഭിച്ച അന്താരാഷ്‌ട്ര അംഗീകാരങ്ങള്‍മൂലം വലിയൊരു ബാധ്യതയാണ് സംവിധായകന് ഈ ചിത്രം ചെയ്യുമ്പോള്‍ നേരിടേണ്ടിവന്നിട്ടുണ്ടാവുക. മികച്ചൊരു കലാസൃഷ്ടി വികസിപ്പിച്ച് കൂടുതല്‍ മാനങ്ങള്‍ നല്‍കി ഒരു മുഴുനീളചിത്രം ആക്കിയപ്പോള്‍ ആ ഷോര്‍ട്ട് ഫിലിമിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ നല്ലരീതിയില്‍ത്തന്നെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ Emotionally ഏറെ സ്ട്രോങ്ങ്‌ ആയ ഒരു കലാസൃഷ്ടി ആയിമാറി ഈ ചിത്രം. 19 മിനിറ്റുള്ള ഹ്രസ്വചിത്രം 99 മിനിറ്റ് നീളമുള്ള ചിത്രമായി വികസിപ്പിച്ചപ്പോള്‍ ചേര്‍ക്കേണ്ടിവന്ന ചില ഉപകഥകള്‍ അത്രയ്ക്ക് convincing അല്ലാതെ തോന്നിയേക്കാമെങ്കിലും ആകെമൊത്തം നോക്കിയാല്‍ മികച്ചൊരു അനുഭവംതന്നെയാണ് ബിഫോര്‍ ഐ ഡിസപ്പിയര്‍. ഷോര്‍ട്ട് ഫിലിമിലെ അതേ നടീനടന്മാരെത്തന്നെ സിനിമയിലും ഉപയോഗിച്ചതും ഗുണകരമായി.
രചനയും സംവിധാനവും കൂടാതെ ചിത്രത്തിലെ പ്രധാനകഥാപാത്രമായ റിച്ചിയെ അവതരിപ്പിച്ചതും Shawn Christensen തന്നെയാണ്. മികച്ചൊരു അഭിനേതാവുകൂടിയാണ് അദ്ദേഹം എന്ന് ഈ ചിത്രത്തിലെ നല്ല പ്രകടനത്തിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നു. വളരെ മിതത്വം പാലിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രകടനം പ്രശംസനീയമായിരുന്നു. സോഫിയയെ അവതരിപ്പിച്ച Fátima Ptacek എന്ന കുട്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചു. കാണാനും ഏറെ സുന്ദരിയായിരുന്നു ഈ കൊച്ചുമിടുക്കി. മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.
മികച്ച പ്രകടനങ്ങള്‍കൊണ്ടും ശക്തമായ കഥാസന്ദര്‍ഭങ്ങള്‍കൊണ്ടും പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്നവിധത്തിലുള്ള നല്ലൊരു ചിത്രമാണ് ബിഫോര്‍ ഐ ഡിസപ്പിയര്‍. കാണാന്‍ ശ്രമിക്കുക.
കര്‍ഫ്യൂ എന്ന ഷോര്‍ട്ട്ഫിലിം ഇവിടെ കാണാം:

No comments:

Post a Comment