Thursday, December 17, 2015

Pyaar Ka Punchnama 2 Movie Review

പ്യാര്‍ കാ പഞ്ച്നാമ 2 (Pyaar Ka Punchnama 2, 2015, Hindi)
ഹിറ്റ്‌ ആയ ചിത്രങ്ങളുടെ ചുവടുപിടിച്ച് അവയുടെ രണ്ടാംഭാഗം ഇറക്കി നശിപ്പിക്കുക എന്നത് സിനിമാമേഖലയില്‍ പൊതുവേ കണ്ടുവരുന്ന ഒരു പ്രവണതയാണ്. അങ്ങനെ ആദ്യഭാഗത്തിന്റെ പേരുകളയാത്ത തുടര്‍ച്ചകള്‍ ചുരുക്കം ചിലതേ ഉള്ളൂ എന്ന് പറയാം. ആദ്യഭാഗത്തിന്റെ അത്രതന്നെ മികച്ചുനില്‍ക്കുന്ന രണ്ടാംഭാഗങ്ങളോ, അവ അതിലും കുറവാണ് എണ്ണത്തില്‍. അത്തരമൊരു തുടര്‍ച്ചയാണ് ഈ ചിത്രം. 2011ല്‍ ഒരു പ്രതീക്ഷയും ഇല്ലാതെ തീര്‍ത്തും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട്‌ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തതും പുതുമുഖമായിരുന്ന ലവ് രഞ്ജന്‍ ആയിരുന്നു. യുവാക്കള്‍ക്കിടയില്‍ നല്ല അഭിപ്രായം നേടിയ ചിത്രം തീയറ്ററുകളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുകയും ഡിവിഡി ഇറങ്ങിയതിനുശേഷം ഗംഭീര അഭിപ്രായം നേടുകയും ചെയ്തിരുന്നു. എന്റെ ഓഫീസിലെ പലരും മൂന്നും നാലും വട്ടം ഈ ചിത്രം കണ്ടതായി ഓര്‍ക്കുന്നു. അതിനുശേഷം ഇതിലെ പ്രധാനകഥാപാത്രങ്ങളില്‍ രണ്ടുപേരെ അവതരിപ്പിച്ച കാര്‍ത്തിക് ആര്യനെയും നശ്രത് ഭറുച്ചയെയും നായികാനായകന്‍മാരാക്കി ലവ് രഞ്ജന്‍ ആകാശ്-വാണി ഒരുക്കിയെങ്കിലും ആ ചിത്രം വമ്പന്‍ പരാജയമായിരുന്നു. ആ പരാജയത്തില്‍നിന്ന് കരകേറാനായി ലവ് രഞ്ജന്‍ അധികം വൈകാതെതന്നെ പ്യാര്‍ കാ പഞ്ച്നാമയുടെ രണ്ടാംഭാഗം announce ചെയ്യുകയും ഉണ്ടായി. ചിത്രത്തിന്റെ ട്രെയിലറും മറ്റും പുറത്തുവന്നപ്പോള്‍ത്തന്നെ ഏറെ negative vibe ചിത്രത്തെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ആദ്യഭാഗത്തിലെ മൂന്നുനായകന്മാരില്‍ രണ്ടുപേരെയും ഒഴിവാക്കി പുതിയ രണ്ടുപേരെ കൊണ്ടുവന്നതായിരുന്നു ഏറെ വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍ ചിത്രം റിലീസ് ആയശേഷം മികച്ച അഭിപ്രായം നേടുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. ആദ്യചിത്രത്തിന്റെ അതേ പാറ്റേണില്‍ത്തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
മൂന്നുചെറുപ്പക്കാര്‍, അവരുടെ ജീവിതങ്ങളിലേക്ക് മൂന്നുപെണ്‍കുട്ടികള്‍ കടന്നുവരുന്നു, അവര്‍ relationshipല്‍ ആകുന്നു. ബന്ധത്തിന്റെ തുടക്കത്തിലുള്ള ഊഷ്മളതയും മറ്റും കുറച്ചുനാള്‍ കഴിയുമ്പോഴേക്കും ആവിയായി പോവുകയും പ്രശ്നങ്ങള്‍ മുളപൊട്ടുകയും ചെയ്യുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന കാര്യങ്ങളും മറ്റുമാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക. ചില cinematic liberties എടുത്തെന്നൊഴിച്ചാല്‍ ഇന്നത്തെ സമൂഹത്തില്‍ സംഭവിക്കാവുന്നരീതിയില്‍ത്തന്നെയാണ് സംവിധായകന്‍ ചിത്രത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഒരുക്കിയിട്ടുള്ളത്. പ്രത്യേകിച്ച് വീട്ടുകാരെപ്പിരിഞ്ഞ് മറ്റൊരു നഗരത്തിലോ മറ്റോ ജീവിക്കുന്നവര്‍ക്ക് ഏറെ relate ചെയ്യാനാകുന്ന ഒരുപാട് സംഗതികള്‍ ചിത്രത്തിലുണ്ട്. ഒരു ബന്ധം അതിന്റെ മാധുര്യത്തില്‍നിന്ന് കയ്പ്പിലേക്ക് വഴിമാറുന്നതും മറ്റും കഴിവതും സ്വാഭാവികതയോടെത്തന്നെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കുറേ സീന്‍സ് ഒക്കെ നല്ലോണം ചിരിയുണര്‍ത്തി. യുവത്വത്തിന്റെ pulse മനസ്സിലാക്കി സിനിമകള്‍ ചെയ്യുന്ന ലവ് രഞ്ജനില്‍നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാനുള്ള വകയുണ്ട്.
നായകകഥാപാത്രങ്ങളെ അവതരിപ്പിച്ച കാര്‍ത്തിക് ആര്യന്‍, ഓംകാര്‍ കപൂര്‍, സണ്ണി സിംഗ് എന്നീ മൂന്നുപേരും മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യഭാഗത്തില്‍ ദിബ്യേന്ദു ശര്‍മ അവതരിപ്പിച്ച ലിക്വിഡ് എന്ന ഹാസ്യകഥാപാത്രത്തിനുപകരം വെയ്ക്കാന്‍ രണ്ടാം ഭാഗത്തില്‍ ആരായിരിക്കും എന്നതായിരുന്നു ചിത്രം പുറത്തിറങ്ങുന്നതിനുമുന്‍പുള്ള പ്രധാനസംശയം. ആ ജോലി സണ്ണി സിംഗ് ഭംഗിയായിത്തന്നെ നിര്‍വഹിച്ചു. മൂന്നുനായകന്മാര്‍ക്കും തുല്യപ്രാധാന്യംതന്നെ ആയിരുന്നു എന്ന കാര്യവും അഭിനന്ദനീയമായിരുന്നു. കാര്‍ത്തിക് ആര്യന്റെ എഴുമിനിറ്റ് നീണ്ടുനിന്ന സംഭാഷണശകലം മികച്ചുനിന്നു. ആദ്യചിത്രത്തിലെ നായികമാരെ അവതരിപ്പിച്ച നുശ്രത് ഭറുച്ച, സൊനാലി സെഹ്ഗാള്‍, ഇഷിത ശര്‍മ എന്നിവര്‍തന്നെയാണ് ഇതിലും നായികമാരെ അവതരിപ്പിച്ചത്. മൂന്നുപേരും നന്നായിത്തന്നെ തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിച്ചു. ഇവരെക്കൂടാതെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഗാനങ്ങള്‍ ആദ്യചിത്രത്തിലെ അത്ര ആസ്വദനീയമായിരുന്നില്ലെങ്കിലും ചിത്രത്തിന്റെ മൂഡിനോട് യോജിച്ചുനിന്നു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം നല്ല നിലവാരം പുലര്‍ത്തി.
ഒരു relationshipല്‍ ഏറെ സഹനശക്തിയും സഹകരണമനോഭാവവും ക്ഷമയും ഒക്കെ ആവശ്യമാണ്‌, അതിനുസാധിക്കാത്തവര്‍ ഒരു serious relationshipല്‍ ഇടപെടാതിരിക്കുക, അല്ലെങ്കില്‍ ഈ ഗുണങ്ങള്‍ തന്നില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇതാണ് ഈ ചിത്രവും ഇതിന്റെ ആദ്യഭാഗവും കണ്ടപ്പോള്‍ എനിക്ക് ലഭിച്ച സന്ദേശം. ചിലപ്പോള്‍ നിങ്ങള്‍ക്ക് വേറെ എന്തെങ്കിലും സന്ദേശമായിരിക്കും ലഭിക്കുക. എന്തായാലും ഒരുനിമിഷംപോലും ബോര്‍ അടിപ്പിക്കാത്ത വളരെ entertaining ആയ, പലപ്പോഴും നമ്മുടെയോ നമ്മുടെ സുഹൃത്തുക്കളുടെയോ ജീവിതവുമായി relate ചെയ്യാവുന്ന കഥാസന്ദര്‍ഭങ്ങള്‍ ഉള്ള രസമുള്ളൊരു ചിത്രമാണിത്. കാണാന്‍ ശ്രമിക്കാം. ചിത്രം മൊത്തം സ്ത്രീവിരുദ്ധത ആണെന്ന് പറയുന്നവര്‍ ഒന്ന് ചുറ്റും നോക്കിയാല്‍ ചിത്രത്തില്‍ കാണുന്നപോലത്തെ പലരെയും കാണാന്‍ സാധിക്കും. ഇതിനൊക്കെ ഒരു എതിര്‍വശവും ഉണ്ട്, പക്ഷേ എല്ലാംകൂടി ഒരു ചിത്രത്തില്‍ കാണിക്കാന്‍ ഒരുപക്ഷേ ലവ് രഞ്ജന് താല്പര്യം ഇല്ലായിരിക്കാം. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ സ്ത്രീകള്‍ ഏറെ അപമാനിക്കപ്പെടുന്നു എന്ന് പരാതിയുള്ളവര്‍ അദ്ദേഹത്തിന്റെ മികച്ച മറ്റൊരു സൃഷ്ടിയായ ആകാശ്-വാണി കൂടി ഒന്ന് കണ്ടുനോക്കുന്നത് നന്നായിരിക്കും.

No comments:

Post a Comment