Tuesday, December 15, 2015

Dongala Mutha Movie Review

ദൊങ്കല മുഠ (Dongala Mutha, 2011, Telugu)
രാം ഗോപാല്‍ വര്‍മ്മയുടെ പരീക്ഷണചിത്രങ്ങളില്‍ ഒന്ന്. അഞ്ചുദിവസംകൊണ്ട് 7 ക്രൂ മെമ്പര്‍മാരെ മാത്രം വെച്ച് ഷൂട്ട്‌ ചെയ്ത പടം. അഞ്ച് Canon 5D ക്യാമറകള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും handheld ആയാണ് ചിത്രീകരിക്കപ്പെട്ടത്. സംവിധായകന്‍ camera departmentല്‍ കൈകടത്താതെ ക്യാമറ കൈകാര്യം ചെയ്യുന്നവരോട് artificial lighting ഒന്നും ഉപയോഗിക്കാതെ അവര്‍ക്ക് ഇഷ്ടമുള്ള ആംഗിളില്‍ വെച്ച് ഷൂട്ട്‌ ചെയ്യാന്‍ പറഞ്ഞ ചിത്രം. Editing നിര്‍വഹിച്ചതോ, മൂന്നുപുതുമുഖങ്ങള്‍, ഷിഫ്റ്റ്‌ ബേസിസില്‍ പണി എടുത്തിട്ടാണത്രേ. ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍ പറഞ്ഞാല്‍ തീരില്ല. ഇങ്ങനെയൊക്കെ ചെയ്തിട്ടും അത്യാവശ്യം നിലവാരം പുലര്‍ത്തുന്നരീതിയില്‍ത്തന്നെയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയത്. രവി തേജ, ചാര്‍മി കൗര്‍, ലക്ഷ്മി മഞ്ചു, സുനില്‍, പ്രകാശ്‌ രാജ്, ബ്രഹ്മാനന്ദം തുടങ്ങി 9 നടീനടന്മാര്‍ മാത്രമാണ് ചിത്രത്തില്‍ ഉള്ളത്.


















ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ദമ്പതികള്‍ കാര്‍ കേടുവന്നതിനെത്തുടര്‍ന്ന് അടുത്തുള്ള ഒരു റിസോര്‍ട്ടില്‍ ഒരു മെക്കാനിക്കിനെ അന്വേഷിച്ചുചെല്ലുന്നു. മെക്കാനിക്കിനെ കിട്ടാത്തതിനാല്‍ അവര്‍ അവിടെ ഒരു മുറി വാടകയ്ക്കെടുത്ത് അല്‍പനേരം വിശ്രമിക്കാം എന്ന് തീരുമാനിക്കുന്നു, പക്ഷേ റിസോര്‍ട്ടിന്റെ നടത്തിപ്പുകാരുടെ പെരുമാറ്റത്തില്‍ പന്തികേടുതോന്നുന്ന അവര്‍ അവിടെനിന്ന് പോകാന്‍ ശ്രമിക്കുകയും പക്ഷേ ഗേറ്റ് അടച്ചതിനാല്‍ അവിടെ പെട്ടുപോവുകയും ചെയ്യുന്നു. ആ റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ ആരാണ്? അടച്ചിട്ട ഒരു മുറിയില്‍നിന്ന് കേട്ട ശബ്ദങ്ങള്‍ ആരുടേതാണ്? ഇതിനൊക്കെയുള്ള ഉത്തരങ്ങളാണ് ഒന്നരമണിക്കൂറില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
പൂര്‍ണ്ണമായും ഒരു ത്രില്ലര്‍ ആക്കാതെ പലയിടത്തും absurd humour കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട് സംവിധായകന്‍. അതൊക്കെ ഒരുപരിധിവരെ രസകരമായിരുന്നെങ്കിലും ചിലതൊക്കെ വല്ലാത്ത മണ്ടത്തരംപോലെ തോന്നി. കഥ തുടങ്ങുമ്പോള്‍ വേക്കന്‍സി എന്ന ഇംഗ്ലീഷ് ത്രില്ലര്‍ പോലെ ആകുമോ എന്ന് കരുതിയെങ്കിലും തികച്ചും വേറിട്ടൊരു പാതയിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. തിരക്കഥയിലും മറ്റും പല പോരായ്മകള്‍ ഉണ്ടെങ്കിലും ഒരു പരീക്ഷണചിത്രമായതിനാല്‍ അതൊക്കെ ക്ഷമിക്കാവുന്നതേ ഉള്ളൂ. സാമ്പ്രദായികരീതിയില്‍നിന്ന് വിട്ടുമാറിയുള്ള ചിത്രീകരണംമൂലം പലരംഗങ്ങളിലും കഥാപാത്രങ്ങളുടെ ഒപ്പം സഞ്ചരിക്കുന്ന പ്രതീതിയാണ് ഉണ്ടായത്, ചിലയിടങ്ങളില്‍ തലവേദനയും. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും മോശം നിലവാരം പുലര്‍ത്തുന്നതായിരുന്നു അധികസമയവും.
രവി തേജയും ചാര്‍മിയും തന്നെയാണ് കൂടുതല്‍ screen space ലഭിച്ചവര്‍. അവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ലക്ഷ്മി മഞ്ചുവും പ്രകാശ്‌ രാജും നന്നായിരുന്നു. സുനില്‍ എന്ന ഹാസ്യനടന് കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ബ്രഹ്മാനന്ദം വെറുപ്പിച്ചില്ല. റിസോര്‍ട്ട് നടത്തിപ്പുകാരെ അവതരിപ്പിച്ച നടന്മാര്‍ അത്യാവശ്യം നന്നായിത്തന്നെ അവരുടെ വേഷങ്ങള്‍ ചെയ്തു.
സാങ്കേതികമേഖലകളില്‍ എന്നും പുതിയരീതികള്‍ പരീക്ഷിച്ചുനോക്കുന്ന രാംഗോപാല്‍ വര്‍മയുടെ മോശം പറയാനില്ലാത്ത ഒരു ശ്രമം. ഇതില്‍ സിനിമയില്‍ ഒരുമുന്‍പരിചയവും ഇല്ലാത്ത അഞ്ച് പുതുമുഖങ്ങളെക്കൊണ്ട് ക്യാമറ ചെയ്യിപ്പിച്ച സംവിധായകന്‍ തന്റെ പിന്നീടുവന്ന ഹിന്ദി ചിത്രമായ Departmentല്‍ കുറേ രംഗങ്ങളിലൊക്കെ അഭിനയിക്കുന്നവരെക്കൊണ്ടുതന്നെ ക്യാമറ കൈകാര്യം ചെയ്യിപ്പിച്ചിരുന്നു. സഞ്ജയ്‌ ദത്തും മറ്റും ആണ് ആ പരീക്ഷണത്തിന്‌ ഇരയായത്. അത് അത്ര സ്വീകാര്യമാകാതെപോയ ഒരു പരീക്ഷണമായിരുന്നു എന്ന് പറയേണ്ടല്ലോ. എന്തായാലും പരീക്ഷണചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരുവട്ടം കണ്ടുനോക്കാവുന്ന ചിത്രമാണ് ദൊങ്കല മുഠ. കാണാന്‍ ശ്രമിക്കാം.

No comments:

Post a Comment