Sunday, December 27, 2015

Katyar Kaljat Ghusali Movie Review

കത്യാര്‍ കാല്‍ജത് ഘുസലി (Katyar Kaljat Ghusali, 2015, Marathi)
പുരുഷോത്തം ദര്‍വേക്കര്‍ 1967ല്‍ രചിച്ച് മറാത്തി നാടകാസ്വാദകര്‍ക്കിടയില്‍ അത്യന്തം പ്രശസ്തിയാര്‍ജിച്ച ഇതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കി സുബോധ് ഭാവേ സംവിധാനം ചെയ്ത ചിത്രമാണ് കത്യാര്‍ കാല്‍ജത് ഘുസലി. പ്രശസ്ത മറാത്തി സിനിമാനടനായ സുബോധ് ഭാവേയുടെ ആദ്യ സംവിധാനസംരംഭമാണ് ഈ ചിത്രം. സച്ചിന്‍ പില്‍ഗാവോങ്കര്‍, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ക്കൊപ്പം സുബോധ് ഭാവേയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ശങ്കര്‍ മഹാദേവന്റെ അഭിനയരംഗത്തേക്കുള്ള കാല്‍വെപ്പുകൂടിയാണ് ഈ ചിത്രം. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ അവസാനകാലങ്ങളില്‍ എപ്പോഴോ വിശ്രാംപുര്‍ എന്ന നാട്ടുരാജ്യത്തില്‍ രണ്ട് സംഗീതജ്ഞര്‍ തമ്മിലുള്ള ഒരു മത്സരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
വിശ്രാംപുര്‍ മഹാരാജാവിന്റെ സഭയിലെ ഗായകശ്രേഷ്ഠനാണ് പണ്ഡിറ്റ്‌ ഭാനുശങ്കര്‍ ശാസ്ത്രി. ഒരിക്കല്‍ ശാസ്ത്രിയുടെ മുന്നില്‍ മറ്റൊരു സംഗീതജ്ഞനായ ഖാന്‍സാഹിബ്‌ വന്നുചേരുന്നു. മികച്ച ഗായകനാനെങ്കിലും ദരിദ്രനായ ഖാന്‍സാഹിബിന് ശാസ്ത്രികള്‍ താമസവും മറ്റും ഏര്‍പ്പാടുചെയ്തുകൊടുക്കുന്നു. രാജസദസ്സില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സംഗീതമത്സരത്തില്‍ ഖാന്‍സാഹിബ്‌ ശാസ്ത്രികളോട് ഏറ്റുമുട്ടുന്നു. ഈ മത്സരത്തിന്റെ പ്രത്യേകത എന്തെന്നുവെച്ചാല്‍ ഇതിലെ വിജയിയ്ക്ക് മഹാരാജാവ് ഒരു കഠാര സമ്മാനമായി നല്‍കും, ആ കഠാരയാല്‍ ചെയ്യപ്പെടുന്ന ഒരു കൊലയ്ക്ക് ശിക്ഷയൊന്നും നല്‍കുന്നതല്ല. മത്സരത്തില്‍ പരാജയപ്പെട്ട ഖാന്‍സാഹിബിനെ അപകര്‍ഷതയും ദുഃഖവും മാനസികമായി തളര്‍ത്തുകയും ശാസ്ത്രികളോടുള്ള ശത്രുത അദ്ദേഹത്തിന്റെ മനസ്സില്‍ വളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ശാസ്ത്രികള്‍ ഖാന്‍സാഹിബിനെ നല്ലൊരു സുഹൃത്തായിമാത്രമേ കണ്ടിരുന്നുള്ളൂ. പിന്നീട് ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന മത്സരങ്ങളും മറ്റുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇക്കാലത്ത് പഴയതെന്ന തോന്നല്‍ ഉളവാക്കുന്ന കഥയാണെങ്കിലും മറാത്തി കലാലോകത്ത് വളരെ പ്രധാനപ്പെട്ട ഒരു സൃഷ്ടിയായിരുന്നു ഈ നാടകം. 2011ല്‍ സുബോധ് ഭാവേ തന്നെ ഈ നാടകം വേദിയില്‍ പുനരാവിഷ്കരിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. അതാവാം ഇതൊരു ചലച്ചിത്രമാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. എന്തായാലും മികച്ചരീതിയില്‍ത്തന്നെ ചിത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ചിലയിടങ്ങളിലൊക്കെ ഒഴിവാക്കാനാകാത്ത melodrama ഉണ്ടെങ്കില്‍ക്കൂടി അത് സഹിക്കാവുന്നതേ ഉള്ളൂ. കഥ നടക്കുന്ന കാലഘട്ടത്തോട് നീതിപുലര്‍ത്തുന്നവിധത്തിലുള്ള മുന്തിയ കലാസംവിധാനവും മനോഹരമായ പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ മാറ്റുകൂട്ടി.
ശങ്കര്‍ മഹാദേവന്‍ ഒരു തുടക്കക്കാരന്റെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെതന്നെ ഭാനുശങ്കര്‍ ശാസ്ത്രിയുടെ വേഷം ഭംഗിയാക്കി. കുറച്ച് പ്രശ്നം വരുത്താന്‍ സാധ്യതയുള്ള ഷോട്ടുകളൊക്കെ wide ആക്കി സെറ്റ് ചെയ്തുകൊണ്ട് സംവിധായകന്‍ ആ പോരായ്മയ്ക്കും പരിഹാരമുണ്ടാക്കി. ഖാന്‍സാഹിബിനെ അവതരിപ്പിച്ച സച്ചിന്‍ പില്‍ഗാവോങ്കര്‍, ശാസ്ത്രികളുടെ ശിഷ്യനായ സദാശിവ് എന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ച സുബോധ് ഭാവേ, മറ്റുവേഷങ്ങളില്‍ എത്തിയ അമൃത ഖന്‍വില്‍ക്കര്‍, മൃണ്‍മയി ദേശ്പാണ്ഡേ, സാക്ഷി തന്‍വര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.
അത്യന്തം മികച്ച ഒരുപിടി ഗാനങ്ങളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. പൂര്‍ണ്ണമായും classical musicന് പ്രാധാന്യം നല്‍കിക്കൊണ്ട് ശങ്കര്‍-എഹ്സാന്‍-ലോയ് ത്രയം ഒരുക്കിയ ഗാനങ്ങള്‍ അവരുടെ കരിയറിലെതന്നെ മികച്ച ഗാനങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിക്കുന്നവയാണ്. പഴയ നാടകത്തിനുവേണ്ടി ജിതേന്ദ്ര അഭിഷേകി ഈണംപകര്‍ന്ന ചില ഗാനങ്ങളും ചിത്രത്തിനായി പുനരാവിഷ്കരിച്ചിട്ടുണ്ട്. അവയും മികച്ച നിലവാരം പുലര്‍ത്തി. ശങ്കര്‍ മഹാദേവന്റെ ഇളയമകനായ ശിവം മഹാദേവന്‍ ആലപിച്ച ഒരു ഗാനവും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.
ഇക്കാലത്ത് വലിയ പ്രസക്തിയൊന്നും ഇല്ലാത്തൊരു കഥ ആണെങ്കില്‍ക്കൂടി മികച്ച സംവിധാനവും ഗാനങ്ങളും അഭിനേതാക്കളുടെ പ്രകടനങ്ങളുംകൊണ്ട് നല്ലൊരു അനുഭവമായിമാറിയൊരു ചിത്രമാണിത്. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment