Thursday, December 17, 2015

Bengaloored Movie Review

ബെംഗലൂര്‍ഡ് (Bengaloored, 2010, English)
സ്വരൂപ്‌ കാഞ്ചി എന്ന independent സംവിധായകന്‍ ഒരുക്കിയ 2010 ചിത്രമാണ് ബെംഗലൂര്‍ഡ്. ഹരീഷ് രാജ്, മേഘ്ന മുദിയം, ശ്രീനിവാസപ്രഭു തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തിയത്. ഫ്രാന്‍സില്‍നിന്ന് പത്തുവര്‍ഷങ്ങള്‍ക്കുശേഷം ബാംഗ്ലൂരില്‍ തിരിച്ചെത്തുന്ന ബബ്ബു എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ബഭ്രുവാഹന, അഥവാ ബബ്ബു എന്ന ചെറുപ്പക്കാരന്‍ ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന ഒരാളാണ്. തന്റെ ജീവിതത്തിലെ ചില താളപ്പിഴകളില്‍നിന്ന് മാറിനില്‍ക്കാനായി കൌമാരത്തിന്റെ അവസാനദശയില്‍ത്തന്നെ ഫ്രാന്‍സിലേക്ക് പോകുന്ന ബബ്ബു ഒരു എഴുത്തുകാരനായാണ് പത്തുവര്‍ഷങ്ങള്‍ക്കുശേഷം ബാംഗ്ലൂരില്‍ തിരിച്ചെത്തുന്നത്. തനിക്ക് വേണ്ടപ്പെട്ടവരെ കാണാനും മറ്റുമുള്ള പദ്ധതികള്‍ തയ്യാറാക്കുന്ന ബബ്ബു അവ ഓരോന്നായി പൂര്‍ത്തീകരിയ്ക്കുന്നു. അതിനിടെ അപ്രതീക്ഷിതമായ പലതിലൂടെയും ബബ്ബുവിന് കടന്നുപോകേണ്ടിവരുന്നു. ഒടുവില്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ഥം ബബ്ബുവിന് മനസ്സിലാവുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ബബ്ബുവിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന പലരിലൂടെയുമാണ് ചിത്രം മുന്നോട്ടുപോവുന്നത്. ചെറുപ്രായംതൊട്ടേ ബബ്ബുവിന് ഏറെ ഇഷ്ടമുള്ള പെണ്‍കുട്ടി രാധ, ബബ്ബുവിന്റെ കണ്ണില്‍ എന്നും ക്രൂരതയുടെ പര്യായമായിരുന്ന ബബ്ബുവിന്റെ അച്ഛന്‍, ബബ്ബുവിന് എഴുതാന്‍ പ്രേരണയായ അദ്ധ്യാപകന്‍ രമണ, സന്യാസജീവിതത്തിലേക്ക് തിരിഞ്ഞ ബബ്ബുവിന്റെ ഉറ്റചങ്ങാതി സിദ്ധാര്‍ഥ് അങ്ങനെ പല കഥാപാത്രങ്ങളുമായുള്ള ബബ്ബുവിന്റെ ബന്ധവും അവര്‍ തമ്മിലുള്ള രംഗങ്ങളുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്. ശക്തമായൊരു കഥയിലുമുപരി മനുഷ്യബന്ധങ്ങളുടെ തീവ്രത വെളിവാക്കുന്ന പല സന്ദര്‍ഭങ്ങളാണ് ചിത്രത്തിന്റെ നട്ടെല്ല്.
ചിത്രത്തില്‍ ഒരു കഥാപാത്രം പറയുന്നു, 'You can take a man out of Bangalore but you cannot take Bangalore out of a man' എന്ന്. പല നഗരങ്ങളെപ്പറ്റിയും മുന്‍പ് കേട്ടിട്ടുള്ള ഡയലോഗ് ആണെങ്കിലും നാലുവര്‍ഷത്തെ ബാംഗ്ലൂര്‍ ജീവിതം തന്ന അനുഭവങ്ങള്‍മൂലം ആ ഡയലോഗ് ഏറെ സന്തോഷമേകി. ബാംഗ്ലൂര്‍ ഒരു അനുഭൂതിയാണ്, എങ്കിലും ബാംഗ്ലൂര്‍ എന്ന നഗരത്തിന് അത്രയധികം പ്രാധാന്യമൊന്നും ഇല്ല ചിത്രത്തില്‍. പൂനെയിലോ ഹൈദരാബാദിലോ ഇതേ കഥ പറിച്ചുനട്ടാലും പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഉണ്ടാവാന്‍ പോകുന്നില്ല.
പ്രധാനനടീനടന്മാരൊക്കെ തെറ്റില്ലാത്ത പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കെങ്കേമം എന്ന് പറയാന്‍മാത്രമുള്ള പ്രകടനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല ചിത്രത്തില്‍. ചുരുങ്ങിയ ബജറ്റ് പലപ്പോഴും ചിത്രത്തില്‍ മുഴച്ചുനിന്നു, എങ്കിലും ചില തുടക്കക്കാരുടെ ശ്രമം എന്നനിലയില്‍ അതൊക്കെ മറക്കാവുന്നതേ ഉള്ളൂ. മികച്ച ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. അവ മിക്കതും പശ്ചാത്തലതിലേ വന്നുപോകുന്നുള്ളൂവെങ്കില്‍പ്പോലും. രഘു ദീക്ഷിത്തിന്റെ സഹോദരന്‍ വാസു ദീക്ഷിത് ആണ് സംഗീതസംവിധാനം‍. പിന്നെ സിനിമ ഒന്നും ചെയ്തിട്ടില്ല എന്താണാവോ. വെറും ഊളപ്പടങ്ങള്‍ ചെയ്യുന്ന സംവിധായകര്‍ക്കൊക്കെ പിന്നേം പിന്നേം producersനെ കിട്ടുമ്പോള്‍ ഇവരൊക്കെ തഴയപ്പെടുന്നതുകണ്ടിട്ട് സങ്കടം തോന്നുന്നു.
ചിത്രത്തില്‍ അവിടെയും ഇവിടെയുമായി ചിലപ്പോഴൊക്കെ അസ്വാഭാവികതയുടെ കല്ല്‌ കടിക്കുന്നുണ്ടായിരുന്നെങ്കിലും മൊത്തത്തില്‍ ശരാശരിയിലും ഉയര്‍ന്നുനില്‍ക്കുന്ന ഒരു സൃഷ്ടിതന്നെയാണ് ബെംഗലൂര്‍ഡ്. അത്യന്തം മികച്ചത് എന്നൊന്നും പറയാനില്ല, കാണാന്‍ ശ്രമിക്കാം.
ചിത്രം കാണാന്‍:

No comments:

Post a Comment