Friday, December 11, 2015

Comet Movie Review

കോമറ്റ് (Comet, 2014, English)
സാം ഇസ്മയില്‍ സംവിധാനം ചെയ്ത് Justin Long, Emmy Rossum എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കോമറ്റ്. ഒരു സാങ്കല്‍പ്പികപശ്ചാത്തലത്തില്‍ രണ്ടുപേരുടെ ജീവിതത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ നടക്കാന്‍ സാധ്യത കുറവായരീതിയിലുള്ള ഒരു സംഭാഷണത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് നായികയും നായകനും കണ്ടുമുട്ടുന്നു, പിന്നീട് നായകന്‍റെ viewpointല്‍ നിന്ന് അവരുടെ കഥ നമ്മള്‍ കാണുകയാണ്. മുന്‍പ് സംഭവിച്ചതായോ, അതോ നായകന്‍ സ്വപ്നം കണ്ടതായോ ഉള്ള പല സംഭവങ്ങളും വീണ്ടും നടക്കുന്നത് നമ്മള്‍ കാണുന്നു, ഒന്ന് ചിന്തിച്ചാല്‍ ഇതൊക്കെ സത്യമാണോ അതോ അയാളുടെ സങ്കല്പം മാത്രമാണോ എന്ന് നമുക്ക് തോന്നിപ്പോകും, അങ്ങനെ അവരുടെ ജീവിതങ്ങളിലൂടെ മുന്നോട്ടുപോകുന്ന ചിത്രത്തില്‍ യാഥാര്‍ത്ഥ്യം ഏത്, സങ്കല്പം ഏത് എന്നറിയാതെ നമ്മള്‍ കുഴങ്ങാല്‍ സാധ്യതയുണ്ട്. ഒടുവില്‍ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു രംഗത്തിലൂടെയാണ്‌ ചിത്രം അവസാനിക്കുന്നത്. കാലിന്റെ പെരുവിരലില്‍നിന്ന് സംഭ്രമത്തിന്റെ ഒരു തരിപ്പ് എന്റെ സിരകളിലേക്ക് ഇരച്ചുകയറി, പ്രഥമദൃഷ്ട്യാ വളരെ സാധാരണമെന്ന് തോന്നിപ്പിക്കുന്ന ആ രംഗത്തിന്റെ പശ്ചാത്തലത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം കണ്ടപ്പോള്‍. ഇതെല്ലാം നായകന്‍റെ സങ്കല്പം മാത്രമായിരുന്നോ അതോ മറ്റൊരു സമാന്തരലോകത്ത് സംഭവിക്കുന്ന കഥയാണോ ഇത് എന്നൊക്കെയുള്ള സംശയത്തിന് ആക്കം കൂട്ടിക്കൊണ്ടുള്ള, ambiguous ആയൊരു അവസാനമായിരുന്നു ചിത്രത്തിന്. മാധവിക്കുട്ടിയുടെ പേരോര്‍മ്മയില്ലാത്ത ഒരു ചെറുകഥയുണ്ട്, പണ്ട് പ്രണയിച്ചിരുന്ന രണ്ടുപേര്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ഒരു സായാഹ്നത്തില്‍ ഒരു പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടുന്നതിനെക്കുറിച്ച്. ആ കഥയുമായി കൂട്ടിവായിക്കാവുന്ന ഒരു ക്ലൈമാക്സ് പോലെ തോന്നി എനിക്ക് ഇത്. ചിത്രത്തിന്റെ പേര് comet എന്നായത്തിന്റെ കാരണവും ഒരുരീതിയില്‍ ഊഹിക്കാം അവസാനരംഗവുമായി ചേര്‍ത്തുവെയ്ക്കുമ്പോള്‍.
വൈകാരികമുഹൂര്‍ത്തങ്ങള്‍ അതിന്റെ warmth നഷ്ടപ്പെടാതെ കൈകാര്യം ചെയ്യുന്നതില്‍ പുതുമുഖസംവിധായകനായ സാം ഇസ്മയില്‍ പരിപൂര്‍ണ്ണമായും വിജയിച്ചു എന്നുതന്നെ പറയാം. പ്രണയത്തിന്റെയും melancholyയുടെയും മറ്റും തീവ്രത പ്രേക്ഷകനെക്കൂടി അനുഭവിപ്പിക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ല.. പ്രധാനനടീനടന്മാരായ Justin Long, Emmy Rossum എന്നിവരില്‍നിന്ന് ഏറ്റവും മികച്ച പ്രകടനങ്ങള്‍ തന്നെ deliver ചെയ്യിക്കാനും അദ്ദേഹത്തിന് സാധിച്ചു. ചിത്രത്തില്‍ 90-95%ഉം ഇവര്‍ രണ്ടുപേരും മാത്രമേ ഉള്ളൂ, എന്നിട്ടും ഒരുനിമിഷംപോലും മടുപ്പിക്കാതെ മികച്ചരീതിയില്‍ അവര്‍ തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഏറെ ഹൃദ്യമായ, അകാരണമായ വേദനയുടെ കാറ്റുവീശുന്ന പശ്ചാത്തലസംഗീതവും ഉയര്‍ന്നനിലവാരമുള്ള ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റുകൂട്ടി.
Emotionally strong ആയ, പ്രണയത്തെക്കുറിച്ചുള്ള മികച്ച ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ miss ചെയ്യരുതാത്ത ഒരു ചിത്രമാണ് കോമറ്റ്. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment