Sunday, May 17, 2015

Area 51 Movie Review

Area 51 Movie Poster
ഏരിയ 51 (Area 51, 2015, English)
Paranormal Activity എന്ന ഒറ്റ ചിത്രത്തിലൂടെ സ്വന്തം വിധി മാറ്റിയെഴുതുകയും, found footage എന്ന genreന് പുതിയ മാനങ്ങള്‍ നല്‍കുകയും അതുവഴി ഒരുപാട് സിനിമാപ്രേമികള്‍ക്ക് പ്രചോദനമാവുകയും ചെയ്ത Oren Peli എന്ന സംവിധായകന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് ഏരിയ 51. 2009ല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ചിത്രം പല ആവര്‍ത്തി റീഷൂട്ട്‌ ചെയ്യേണ്ടിവന്നതിനാലും, മറ്റേന്തൊക്കെയോ കാരണങ്ങളാലും ഈ മാര്‍ച്ചിലാണ് പൂര്‍ത്തിയായത്. ആദ്യചിത്രത്തിലെപോലെ ഇതിലും താരതമ്യേന പുതുമുഖങ്ങളെയാണ് പ്രധാനവേഷങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ അതേ പേരുകള്‍തന്നെ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്നു. ആദ്യചിത്രം പോലെ found footage ആയിത്തന്നെയാണ് ഈ ചിത്രവും സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്.
അമേരിക്കയില്‍ military സംബന്ധമായ പരീക്ഷണങ്ങളും മറ്റും നടക്കുന്നു എന്ന് ഗവണ്മെന്റ് പറയുന്ന സ്ഥലമാണ് ഏരിയ 51. പൊതുജനത്തിന് ഒരിക്കലും പ്രവേശനം ഇല്ലാത്ത ഈ സ്ഥലത്ത് പക്ഷേ അന്യഗ്രഹജീവികളുടെ സന്ദര്‍ശനവും, മറ്റുപല പരീക്ഷണങ്ങളും നടക്കുന്നുണ്ടെന്നാണ് കിംവദന്തി. ഈ സ്ഥലത്തിന്റെ അടുത്തേയ്ക്കുപോലും സാധാരണജനങ്ങള്‍ക്ക് പോകാന്‍ പറ്റാത്തരീതിയിലുള്ള സെക്യൂരിറ്റി ഉള്ളതിനാല്‍ അവിടെ പുറംലോകം കാണാത്ത പല പരീക്ഷണങ്ങളും നടക്കുന്നുണ്ടെന്ന വാദം പലരും ഉന്നയിക്കുന്നുണ്ട്. ഒരുകൂട്ടം ചെറുപ്പക്കാര്‍ കുറെയേറെ സജ്ജീകരണങ്ങളുമായി ഏതുവിധവും ഇതിനകത്തെക്ക് കയറിപ്പറ്റാനായി നടത്തുന്ന ശ്രമങ്ങളും അവരെ കാത്തിരുന്ന പ്രത്യാഘാതങ്ങളും മറ്റുമാണ് ചിത്രത്തില്‍ പ്രേക്ഷകന് കാണാന്‍ സാധിക്കുക.
തന്റെ രണ്ടാമത്തെ സംവിധാനസംരംഭത്തിലേക്ക് കടന്നപ്പോഴും അധികമൊന്നും സംവിധായകന്‍ എന്ന നിലയില്‍ Oren Peli മുന്നോട്ടുപോയിട്ടില്ല എന്ന് പറയേണ്ടിവരും ചിത്രം കാണുമ്പോള്‍. ഒരുപക്ഷേ ആദ്യചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും മേല്‍ അത്രയേറെ സ്വാധീനം ചെലുത്താന്‍ സാധിച്ച അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍നിന്നും അത്രയ്ക്ക് പ്രതീക്ഷയര്‍പ്പിച്ചതിനാലാവാം ഈ അഭിപ്രായം. കഴിഞ്ഞ അഞ്ചാറുവര്‍ഷത്തില്‍ ഇറങ്ങിയ പല found footage ചിത്രങ്ങളിലും കാണാന്‍ സാധിച്ച way of filmmakingല്‍ നിന്ന് അധികം പുതുമകള്‍ ഒന്നുംതന്നെ ഈ ചിത്രത്തിനും അവകാശപ്പെടാനില്ല. ഇത്തരത്തില്‍ ഉള്ള അധികചിത്രങ്ങളിലും കാണാറുള്ള പ്രേതാത്മാക്കള്‍ക്കുപകരം മറ്റുചില creatures ആണ് ഇതില്‍ ഉള്ളത് എന്നതാണ് ഒരു വ്യത്യാസം. പിന്നെ ഏറെ സുരക്ഷാസംവിധാനങ്ങള്‍ ഉള്ള നിയന്ത്രിതമേഖലകളില്‍ കടന്നുകൂടാന്‍ ഉതകുന്ന സാങ്കേതികതന്ത്രങ്ങളെപ്പറ്റി അത്യാവശ്യം ഗവേഷണം നടത്തിയിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്നത് നല്ലൊരു കാര്യമായി തോന്നി. അടുത്ത ചിത്രത്തിലെങ്കിലും തന്റെ comfort zoneല്‍ നിന്ന് പുറത്തുവന്ന് വ്യത്യസ്തമായൊരു ചിത്രം Oren Peli പ്രേക്ഷകര്‍ക്ക് നല്‍കും എന്ന് പ്രതീക്ഷിക്കാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, അത്യാവശ്യം ത്രില്ലിംഗ് ആയൊരു അനുഭവംതന്നെയാണ് ഏരിയ 51. ചിത്രം അവസാനിക്കുമ്പോള്‍ പലയിടങ്ങളിലും അപൂര്‍ണ്ണത തോന്നുമെങ്കിലും കണ്ടിരിക്കുമ്പോള്‍ പ്രേക്ഷകനില്‍ ടെന്‍ഷന്‍ ജനിപ്പിക്കുവാനും ചിലയിടങ്ങളിലെങ്കിലും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുവാനും ചിത്രത്തിന് സാധിക്കുന്നുണ്ട്. പോസ്റ്ററിലെ വാചകങ്ങള്‍ വായിക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള അമിതപ്രതീക്ഷകള്‍ ഇല്ലാതെ കണ്ടാല്‍ ഇഷ്ടപ്പെടാം.. found footage ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരും ഏരിയ 51നെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിഗൂഢതകളില്‍ താല്‍പ്പര്യം ഉള്ളവരും കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment