Saturday, May 9, 2015

Maggie Movie Review

Maggie Movie Poster
മാഗി (Maggie, 2015, English)
ആര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ നിര്‍മ്മിച്ച്‌ ഹെന്‍ട്രി ഹോബ്സണ്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മാഗി. ആബിഗെയ്ല്‍ ബ്രെസ്ലിന്‍, ആര്‍നോള്‍ഡ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരുപക്ഷേ ആര്‍നോള്‍ഡിന്റെ അഭിനയജീവിതത്തിലെതന്നെ ഏറ്റവും ലോ ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരിക്കാം മാഗി. സ്ഥിരം action വേഷങ്ങള്‍ അഴിച്ചുവെച്ച്‌ തന്റെ മകളുടെ ജീവന്‍ രക്ഷിക്കാനായി ഏതറ്റം വരെയും പോവാന്‍ തയ്യാറായ സാധാരണക്കാരനായ ഒരു അച്ഛന്റെ വേഷമാണ് ആര്‍നോള്‍ഡ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇനിയും പ്രതിവിധി കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു outbreak (സോംബി outbreak ഒക്കെ പോലെ) മൂലം കുറെയേറെ ജനങ്ങള്‍ മരിക്കുകയും കുറേപ്പേര്‍ infected ആവുകയും ചെയ്തിരിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. Infected ആയ ആളുകള്‍ രോഗത്തിന്റെ പല stagesലൂടെ കടന്നുപോയി ഒടുവില്‍ മുഴുവനായി സോംബികള്‍ ആവുന്നതിനുമുന്‍പുതന്നെ അവരെ സെല്ലുകളില്‍ അടയ്ക്കാനും അവിടെക്കിടന്ന് മരിക്കാന്‍ അനുവദിക്കാനുമാണ് ഗവണ്മെന്റ്ന്റെ തീരുമാനം. Teenager ആയ മാഗിയും outbreakല്‍ infected ആയ ആളുകളില്‍ ഒരാളാണ്. എന്നാല്‍ എങ്ങനെയെങ്കിലും തന്റെ മകളെ രക്ഷിക്കാനാവും എന്ന് പ്രതീക്ഷിക്കുന്ന മാഗിയുടെ അച്ഛന്‍ വേയ്ഡ് മാഗിയെ ഹോസ്പിറ്റലിലെ സെല്ലില്‍ പാര്‍പ്പിക്കാന്‍ വിസമ്മതിക്കുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതമാണ് ചിത്രം.
സാധാരണ സോംബി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാനുഷികവികാരങ്ങള്‍ക്കും മറ്റുമാണ് ഈ ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ fast and racy ആയ ഒരു ത്രില്ലര്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് തികച്ചും നിരാശയായിരിക്കും ഫലം. വളരെ മെല്ലെ മുന്നോട്ടുനീങ്ങുന്ന ചിത്രം ഓരോ കഥാപാത്രങ്ങളുടെയും നിസ്സഹായാവസ്ഥയെയും സൂക്ഷ്മവികാരങ്ങളെയും മറ്റും വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ഒരു സോംബി ഹൊറര്‍ ചിത്രം എന്ന് വിളിക്കുന്നതിനേക്കാള്‍ Emotional drama എന്ന് വിളിക്കുന്നതായിരിക്കും ഉചിതം.
താരപരിവേഷങ്ങള്‍ ഒക്കെ അഴിച്ചുവെച്ചുകൊണ്ട് സ്ഥിരം ആക്ഷന്‍ വേഷങ്ങളില്‍ നിന്നുള്ള ആര്‍നോള്‍ഡിന്റെ മാറ്റം അഭിനന്ദനീയമാണ്. തന്റെ മകളെ മെല്ലെമെല്ലെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, ഒന്നും ചെയ്യാനാവില്ല എന്നറിഞ്ഞിട്ടും വിശ്വാസം കൈവിടാത്ത നിസ്സഹായനായ അച്ഛന്റെ വേഷം അദ്ദേഹം മികച്ചതാക്കി. പല രംഗങ്ങളിലും തകര്‍ത്തു എന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ പ്രകടനത്തിനെക്കാളും ഒട്ടും മോശമാക്കിയില്ല ആബിഗെയ്ലും. പഴയപോലെ ജീവിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും മെല്ലെമെല്ലെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന മാഗി അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. അസുഖത്തിന്റെ ഓരോ ഘട്ടങ്ങളിലും ഉള്ള അവരുടെ മാറ്റങ്ങളൊക്കെ വിശ്വസനീയമായിരുന്നു. മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.
സാങ്കേതികപരമായി ചിത്രം അസാമാന്യം എന്നൊന്നും പറയാനില്ല, സാധാരണ നിലവാരം പുലര്‍ത്തി, അത്രതന്നെ. പുതുമുഖസംവിധായകന്‍ മോശമാക്കാതെ ചെയ്തു. തിരക്കഥയും പ്രധാനതാരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങളും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment