Friday, May 22, 2015

Tanu Weds Manu Returns Movie Review

തനു വെഡ്സ് മനു റിട്ടേണ്‍സ് (Tanu Weds Manu Returns, 2015, Hindi)
2011ല്‍ ഒരു സര്‍പ്രൈസ് ഹിറ്റ്‌ ആയിരുന്ന തനു വെഡ്സ് മനുവിന്റെ രണ്ടാം ഭാഗം സംവിധായകന്‍ ആനന്ദ് എല്‍ റായ് ചെയ്യുന്നു എന്നവാര്‍ത്ത പുറത്തുവന്നപ്പോള്‍ പലരുടെയും നെറ്റിചുളിഞ്ഞിരുന്നു. രണ്ടാം ഭാഗം ചെയ്യാന്‍ മാത്രം ഇതിലെന്തുണ്ട്! നായകനും നായികയും കണ്ടുമുട്ടുന്നു, ഒടുവില്‍ പല സംഭവവികാസങ്ങള്‍ക്കുമാവസാനം വിവാഹിതരാവുന്നു. ശുഭം, പിന്നെ അവര്‍ മാതൃകാദമ്പതികളായി  സന്തോഷമായി ജീവിച്ചോളും! ഇങ്ങനെയായിരിക്കുമല്ലോ ശുഭാന്ത്യമുള്ള ഓരോ ചിത്രങ്ങള്‍ക്കും അപ്പുറം സംഭാവിക്കാറുണ്ടാവുക! എന്നാല്‍ എന്തുകൊണ്ടോ സംവിധായകന് തനുവിനെയും മനുവിനെയും അങ്ങനെ വിട്ടുകളയാന്‍ തോന്നിയിട്ടുണ്ടാവില്ല. താന്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങള്‍, അവര്‍ ഒരു രീതിയിലും ഉത്തമദമ്പതികള്‍ അല്ലെന്ന് അങ്ങേര്‍ക്കുതന്നെ ബോധ്യമുള്ളതുകൊണ്ടാവാം അവരുടെ ജീവിതത്തില്‍ പിന്നീടെന്തുസംഭവിക്കാം എന്നതിനെപ്പറ്റി സംവിധായകന്‍ ചിന്തിച്ചത്. വിവാഹത്തിനുശേഷം നായകനെ ഉത്തമപുരുഷന്റെയും നായികയെ സര്‍വംസഹയായ ധര്‍മ്മപത്നിയുടെയും ബിംബങ്ങളില്‍ തളച്ചിടാതെ വിവാഹത്തിനുമുന്‍പ് അവര്‍ എങ്ങനെയായിരുന്നോ അതേ രീതിയില്‍ സംവിധായകന്‍ സങ്കല്‍പ്പിച്ചപ്പോള്‍ ഇന്ത്യന്‍ സിനിമയിലെതന്നെ മികച്ചൊരു രണ്ടാംഭാഗമായിമാറി തനു വെഡ്സ് മനു റിട്ടേണ്‍സ്, പ്രത്യേകിച്ച് ആദ്യഭാഗത്തിന്റെ പേരുകളയുന്ന രണ്ടാം ഭാഗങ്ങള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്.
ടൈറ്റിലുകള്‍ക്കൊപ്പം 2011ലെ തനുവിന്റെയും മനുവിന്റെയും വിവാഹവീഡിയോയുടെ പ്രസക്തഭാഗങ്ങള്‍ കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമയില്‍ അപ്പോള്‍ എല്ലാവരും സന്തോഷവാന്മാരും സന്തോഷവതികളുമാണ്. വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും മുഖങ്ങളില്‍ ചിരിമാത്രം. എന്നാല്‍ ടൈറ്റിലുകള്‍ കഴിയുന്നതോടെ വര്‍ത്തമാനകാലത്തേക്ക് വരുമ്പോള്‍ ലണ്ടനിലുള്ള തനുവും മനുവും സന്തുഷ്ടരല്ല. നാലുവര്‍ഷം നീണ്ട വിവാഹജീവിതത്തില്‍ രണ്ടുപേര്‍ക്കും പരസ്പരം മടുത്തിരിക്കുകയാണ്. അങ്ങനെ അവര്‍ കാണ്‍പൂരിലും ഡെല്‍ഹിയിലുമുള്ള തങ്ങളുടെ വീടുകളിലേക്ക് മടങ്ങിവരുന്നു. ഡെല്‍ഹിയില്‍വെച്ച് മനു കാഴ്ചയില്‍ തനുവിനെപ്പോലുള്ള ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുകയും അവര്‍ തമ്മില്‍ ഒരു ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. അതേസമയം കാണ്‍പൂരില്‍ വിവാഹത്തിനുമുന്‍പുള്ളപോലെ അടിച്ചുപൊളി ജീവിതം നയിക്കുന്ന തനുവും കൂട്ടരും ഒരു ഘട്ടത്തില്‍ ഇക്കാര്യം അറിയുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.
ആദ്യഭാഗത്തില്‍നിന്ന് വ്യത്യസ്തമായി കുറെയേറെ നര്‍മ്മരംഗങ്ങള്‍ സംവിധായകന്‍ ഈ ചിത്രത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. അതൊന്നുംതന്നെ സിനിമയില്‍ മുഴച്ചുനില്‍ക്കുന്നില്ല എന്നത് വലിയൊരു കാര്യമാണ്. ഉടനീളം ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയ ഒരു ചിത്രം എന്നൊക്കെ പറയാം. അവയിലൊന്നുംതന്നെ ബോളിവുഡില്‍ അധികവും കാണുന്ന racist jokes, south indian trolls, gay jokes ഒന്നും അല്ല, നല്ല ശുദ്ധഹാസ്യംതന്നെയാണ് എന്നതും പ്രശംസനീയമാണ്. ഹാസ്യത്തോടൊപ്പംതന്നെ മികച്ചരീതിയില്‍ കഥപറഞ്ഞുപോകുന്നുണ്ട് സംവിധായകന്‍. കുറ്റങ്ങളും കുറവുകളുമുള്ള കഥാപാത്രങ്ങളും അവര്‍ കടന്നുപോകുന്ന ജീവിതസന്ദര്‍ഭങ്ങളും മൂലം പ്രേക്ഷകര്‍ അവസാനനിമിഷം വരെ ആരുടെ പക്ഷത്ത് നില്‍ക്കണം എന്ന ആശയക്കുഴപ്പത്തില്‍ ആയിരിക്കും. ഒടുവില്‍ കാണികളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ചിത്രം അവസാനിക്കുമ്പോള്‍ മികച്ചൊരു ചലച്ചിത്രാനുഭവം ലഭിച്ചതിന്റെ സംതൃപ്തി പ്രേക്ഷകന്റെ മനസ്സില്‍ തങ്ങിനില്‍ക്കും.
ഒരു സംവിധായകന്‍ എന്നനിലയില്‍ ആനന്ദ് എല്‍ റായുടെ മുന്നേറ്റം പ്രശംസനീയമാണ്. തനു വെഡ്സ് മനു, രാന്‍ഝനാ എന്നീ ചിത്രങ്ങളില്‍നിന്നും തനു വെഡ്സ് മനു റിട്ടേണ്‍സില്‍ എത്തിനില്‍ക്കുമ്പോള്‍ പ്രേക്ഷകന്റെ യുക്തിയെയും സാമാന്യബോധത്തെയും ചോദ്യംചെയ്യാതെ entertainers തരുന്ന അപൂര്‍വ്വം സംവിധായകരില്‍ ഒരാള്‍ എന്നനിലയില്‍ ഇദ്ദേഹത്തിലുള്ള പ്രതീക്ഷ ഒരുപടികൂടി ഇദ്ദേഹം ഉയര്‍ത്തുന്നു. മികച്ചുനില്‍ക്കുന്ന പാത്രസൃഷ്ടിയും ആഖ്യാനശൈലിയും തനില്‍ കൈമുതലായുണ്ടെന്ന കാര്യം അദ്ദേഹം വീണ്ടും തെളിയിക്കുന്നു. ഇനിയും നല്ല ചിത്രങ്ങള്‍ ഇദ്ദേഹത്തില്‍നിന്നും പ്രതീക്ഷിക്കാം.
ഒരു ചിത്രത്തിലെ ഓരോ നടീനടന്മാരും അസാമാന്യപ്രകടനങ്ങള്‍ കാഴ്ചവെക്കുക എന്നത് ഇക്കാലത്ത് ചിലപ്പോള്‍മാത്രം സംഭവിക്കുന്ന ഒരുകാര്യമാണ്. ഈ ചിത്രം അത്തരത്തില്‍ ഒന്നാണ്. ഏറ്റവും ചെറിയ വേഷങ്ങളില്‍ വന്ന ആളുകള്‍വരെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു. പ്രധാനനടീനടന്മാരിലേക്ക് വരാം. കങ്കണയുടെ മികച്ചൊരു വേഷമായിരുന്നു ആദ്യഭാഗത്തിലെ തനു. ആ കഥാപാത്രത്തെ അതിന്റെ ജീവാംശം വറ്റിപ്പോകാതെയും ആത്മാവ് ചോര്‍ന്നുപോകാതെയും അതേ ഊര്‍ജസ്വലതയോടെ കങ്കണ അവതരിപ്പിച്ചു. എന്നാല്‍ കങ്കണയുടെ ദത്തോ എന്ന ഹരിയാനക്കാരി പെണ്‍കുട്ടിവേഷം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. തീയറ്ററില്‍ ഇരിക്കുന്ന പലര്‍ക്കും അത് കങ്കണയാണെന്നുതന്നെ മനസ്സിലായത് ചിത്രം കഴിയാറായപ്പോഴാണ്. ഇന്ത്യന്‍ സിനിമയിലെ മികച്ച makeoverകളുടെ ലിസ്റ്റില്‍ ഇനിമുതല്‍ കങ്കണയുടെ ദത്തോ ഉണ്ടാകും എന്നതില്‍ സംശയമില്ല. തനുവിനെക്കാളും പത്തുപന്ത്രണ്ടുവയസ്സ് പ്രായക്കുറവുള്ള ദത്തോയുടെ സംസാരശൈലിയും ശരീരഭാഷയും എല്ലാം perfect ആയിരുന്നു. കഴുത്തില്‍ ഉള്ള ഒരു മറുക് ഇടക്ക് അപ്രത്യക്ഷമാവുകയും വീണ്ടും പ്രത്യക്ഷമാവുകയും ചെയ്യുന്നു എന്നതുമാത്രമാണ് ഒരു കുറവ് കാണാന്‍ കഴിഞ്ഞത്. മനുവിന്റെ കഥാപാത്രം മാധവന്റെ കൈകളില്‍ ഭദ്രമായിരുന്നു. ആദ്യഭാഗത്തിലെ മനുവിന്റെ തുടര്‍ച്ച അത്രയുംതന്നെ നന്നായി അദ്ദേഹം ചെയ്തു. മനുവിന്റെ സുഹൃത്തായ പപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപക് ദോബ്രിയാല്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ആദ്യചിത്രത്തേക്കാള്‍ അദ്ദേഹത്തിന് പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിച്ചത് സന്തോഷം ഉളവാക്കി. ആദ്യചിത്രത്തില്‍ വില്ലന്‍ പരിവേഷമുള്ള രാജാ അവസ്തി എന്ന കഥാപാത്രമായിവന്ന ജിമ്മി ഷെര്‍ഗിലും ഈ ചിത്രത്തില്‍ അതേ വേഷത്തില്‍ ഉണ്ട്. അദ്ദേഹവും മികച്ചുനിന്നു. സ്വരാ ഭാസ്കര്‍, ഇജാസ് ഖാന്‍ തുടങ്ങിയവരും ആദ്യഭാഗത്തിലെ കഥാപാത്രങ്ങളെ നന്നാക്കി. സിനിമയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു രംഗവും ഇവര്‍ക്ക് കിട്ടി എന്നത് സന്തോഷമുളവാക്കി. രാന്‍ഝനായില്‍ ധനുഷിന്റെ കൂട്ടുകാരനായി അഭിനയിച്ച മുഹമ്മദ്‌ സീഷാന്‍ അയൂബ് എന്ന നടന്‍ ഇതിലും അടിപൊളി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. രാജേഷ് ശര്‍മ്മയുടെ കഥാപാത്രവും നന്നായി.
ഗാനങ്ങള്‍ ആദ്യഭാഗത്തിന്റെ അത്ര നന്നായില്ല എന്നത് എന്റെ അഭിപ്രായത്തില്‍ ചെറിയൊരു പോരായ്മയായി തോന്നി. എന്നിരുന്നാലും കഥാഗതിയോട് ചേര്‍ന്നുപോകുന്നവയായിരുന്നു ഒട്ടുമിക്കപാട്ടുകളും പശ്ചാത്തലസംഗീതവും. മറ്റുസാങ്കേതികവശങ്ങളില്‍ എല്ലാം ചിത്രം നിലവാരം പുലര്‍ത്തി.
പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ചോദ്യംചെയ്യാതെ പ്രേക്ഷകനെ genuine ആയി രസിപ്പിക്കുന്ന, ആദ്യഭാഗത്തേക്കാള്‍ മികച്ചുനില്‍ക്കുന്ന നല്ലൊരു ചിത്രമാണ് തനു വെഡ്സ് മനു റിട്ടേണ്‍സ്. ചിത്രം അവസാനിക്കുമ്പോഴും തനുവും മനുവും എല്ലാം തികഞ്ഞവരല്ല. തനുവിന്റെയും മനുവിന്റെയും ജീവിതയാത്രകള്‍ ഇനിയും കൂടുതല്‍ ചിത്രങ്ങളില്‍ പ്രതീക്ഷിക്കാം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment