Friday, May 15, 2015

Project Almanac Movie Review

Project Almanac Movie Poster
പ്രൊജക്റ്റ്‌ അല്‍മനാക് (Project Almanac, 2015, English)
Dean Israelite എന്ന സംവിധായകന്റെ ആദ്യ feature film സംരംഭമാണ് പ്രൊജക്റ്റ്‌ അല്‍മനാക്. Jonny Weston, Sofia Black-D'Elia, Sam Lerner, Allen Evangelista തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ടൈം ട്രാവല്‍ നടത്തുന്ന ഒരുപറ്റം സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.
ഡേവിഡ് എന്ന പതിനേഴുകാരന്‍ ഒരുദിവസം മരിച്ചുപോയ തന്റെ അച്ഛന്റെ പഴയ സാധനങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ യാദൃശ്ചികമായി ഒരു പഴയ വീഡിയോ ക്യാമറ കാണുന്നു. അതില്‍ തന്റെ ഏഴാം പിറന്നാളിന്റെ വീഡിയോ കാണുന്ന ഡേവിഡ് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം കൂടി അതില്‍ കാണുന്നു, ആ വീഡിയോയില്‍ ഒരിടത്ത് പതിനേഴുകാരനായ ഡേവിഡ് അപ്പുറത്തുകൂടെ നടക്കുന്നതും കാണാന്‍ സാധിക്കുന്നുണ്ട്. ഈ സംഭവത്തിന്‌ ഒരു വിശദീകരണവും കണ്ടുപിടിക്കാന്‍ സാധിക്കാതിരുന്ന ഡേവിഡിനും സുഹൃത്തുക്കള്‍ക്കും അച്ഛന്റെ പഴയ സാധനങ്ങള്‍ക്കിടയില്‍നിന്ന് ഒരു ടൈം മെഷീന്റെ മോഡല്‍ കൂടെ കിട്ടുന്നു. അവര്‍ അത് തയ്യാറാക്കുകയും ചെറിയരീതിയില്‍ ടൈം ട്രാവല്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നു. പിന്നീട് ശ്രദ്ധക്കുറവുകൊണ്ടും വ്യക്തമായ പ്ലാനിങ്ങിന്റെ അഭാവം കൊണ്ടും പല പ്രശ്നങ്ങളും ഉണ്ടാവുന്നതും കാര്യങ്ങള്‍ കൂടുതല്‍ കുഴയുന്നതും ഒക്കെയാണ് ചിത്രത്തിന്റെ കഥ.
ടൈം ട്രാവല്‍ ചിത്രങ്ങളില്‍ ഒരു പരിധിയ്ക്കപ്പുറം ലോജിക് തിരയുന്നത് അര്‍ത്ഥമില്ലാത്ത കാര്യമാണെങ്കിലും പലയിടങ്ങളിലും ഒട്ടും ലോജിക് ഇല്ലാതെപോയി എന്നത് ചിത്രത്തിന്റെ പ്രധാനപോരായ്മകളില്‍ ഒന്നായിത്തോന്നി. സംവിധായകന്റെ ആദ്യസംരംഭം ആയതുകൊണ്ട് കുറച്ചൊക്കെ കണ്ണടയ്ക്കാമെങ്കിലും ഇക്കാര്യത്തില്‍ കുറച്ചുകൂടെ ശ്രദ്ധകൊടുത്ത് ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. എന്നിരുന്നാലും emotionally ശക്തമായ ഒരു ചിത്രം തന്നെയാണ് പ്രൊജക്റ്റ്‌ അല്‍മനാക്. മുഴുവനായി സയന്‍സിന് പ്രാധാന്യം കൊടുക്കാതെ പ്രണയത്തിനും സുഹൃത്ത്ബന്ധങ്ങള്‍ക്കും മറ്റും പ്രാധാന്യം കൊടുത്തതിനാല്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാവുന്ന ഒരു ചിത്രമായി പ്രൊജക്റ്റ്‌ അല്‍മനാക് മാറി.
പ്രധാനനടീനടന്മാര്‍ എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. Technical sideല്‍ അത്യാവശ്യം നല്ല നിലവാരം പുലര്‍ത്താന്‍ ചിത്രത്തിന് സാധിച്ചു. ടൈം ട്രാവല്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment