Thursday, May 21, 2015

Selfie Suara Kubur Movie Review

Selfie Suara Kubur Movie Poster
സെല്‍ഫി സുവാര കുബുര്‍ (Selfie Suara Kubur, 2015, Bahasa Malaysia)
എം. സുഭാഷ്‌ അബ്ദുള്ള സംവിധാനം ചെയ്ത ഒരു മലേഷ്യന്‍ ഹൊറര്‍ ചിത്രമാണിത്. Mak Jah എന്ന നടി പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു അമ്മൂമ്മയുടെ വീട്ടില്‍ ഉണ്ടാവുന്ന അല്ലറചില്ലറ പ്രേതാക്രമണങ്ങളെക്കുറിച്ചുള്ള കഥയാണ് പറയുന്നത്.
മാജാ എന്ന അമ്മൂമ്മ നഗരത്തില്‍നിന്നും മാറിയുള്ള തന്റെ വീട്ടില്‍ ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ചൂലുകള്‍ ഉണ്ടാക്കി വില്‍ക്കുന്ന മാജാ അതോടൊപ്പംതന്നെ ചില കൊച്ചുജോലികളും മറ്റും ചെയ്താണ് നിത്യവൃത്തിക്കുള്ള പണം കണ്ടെത്തുന്നത്. അങ്ങനെ സ്വരുക്കൂട്ടുന്ന പണംകൊണ്ട് ചിലപ്പോള്‍ മകന്റെ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാറുണ്ട് മാജാ. ചൂലുകള്‍ വാങ്ങാന്‍ വരുന്ന ചില customers, കളിപ്പാട്ടവില്‍പ്പനക്കാരനായ അമീര്‍ ഖാന്‍ എന്നിവരാണ് മാജയുടെ ഇടയ്ക്കെങ്കിലുമുള്ള സന്ദര്‍ശകര്‍. പ്രായമേറെയായെങ്കിലും നല്ലരീതിയില്‍ പാടുന്നത് മാജയുടെ ശീലമാണ്. അങ്ങനെയിരിക്കെ ഒരുദിവസം വീട്ടില്‍ കുട്ടികളുടെ ശബ്ദം കേള്‍ക്കാനിടയായ മാജ പിന്നീട് തന്റെ പെരക്കുട്ടികള്‍ക്കായി വാങ്ങിവെച്ച കളിപ്പാട്ടങ്ങളും ക്രയോണ്‍സും അലങ്കോലപ്പെട്ടുകിടക്കുന്നത് കാണുന്നു. ആ ക്രയോണുകള്‍ ഉപയോഗിച്ച് ആരോ ഒരു ചിത്രം വരച്ചിരിക്കുന്നത് കണ്ട മാജ പിന്നീട് ഒമ്പതുവയസ്സുകാരിയായ ഒരു പെണ്‍കുട്ടി കാണാതായ വിവരം ഒരു പത്രനോട്ടീസ് വഴി അറിയുന്നു. പിന്നീട് മാജയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.
വളരെ ചെറിയ മുതല്‍മുടക്കില്‍ മിക്കവാറും സ്റ്റില്‍ ഷോട്ടുകള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ച ചിതം ഒരുമണിക്കൂര്‍ ഏഴുമിനിറ്റ് മാത്രമേ ഉള്ളൂ. അത്രയും നേരം വലിയ ബോര്‍ അടിപ്പിക്കാതെ പ്രേക്ഷകനെ ഇരുത്താന്‍ കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് പുതുമയൊന്നും കഥാപരമായി അവകാശപ്പെടാന്‍ ഇല്ലെങ്കിലും പ്രധാനനടിയുടെ മികച്ച അഭിനയം മൂലം കണ്ടിരിക്കാവുന്ന ഒന്നായി ചിത്രം മാറി. വാത്സല്യവും കോപവും നിരാശയും അങ്കലാപ്പും, അങ്ങനെ പല വികാരങ്ങളും ആ മ മുഖത്ത് മിന്നിമായുന്നത് കാണാന്‍ രസമുണ്ടായിരുന്നു. ആദ്യം മുതലേ ഹൊററിന് അധികം പ്രാധാന്യം നല്‍കാതെ മുന്നോട്ടുപോവുന്ന ചിത്രം പ്രേക്ഷകനെ ഞെട്ടിപ്പിക്കാനായി പ്രയോഗിക്കുന്ന സ്ഥിരം വിലകുറഞ്ഞ തന്ത്രങ്ങള്‍ അധികമൊന്നും ഉപയോഗിക്കുന്നില്ല എന്നത് ആശ്വാസമായിരുന്നു. ഒടുവില്‍ തരക്കേടില്ലാത്ത ഒരു മെസ്സെജോടെ ചിത്രം അവസാനിക്കുമ്പോള്‍ നിരാശ തോന്നിയില്ല.
വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഹൊറര്‍ ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണമെങ്കില്‍ കണ്ടുനോക്കാം.

No comments:

Post a Comment