Sunday, May 10, 2015

Unfriended Movie Review

Unfriended Movie Poster
അണ്‍ഫ്രണ്ടഡ് (Unfriended, 2015, English)
ഒരുമാതിരി എല്ലാ കാര്യങ്ങളും പറഞ്ഞുപഴകിയവ ആയതിനാല്‍ ഹൊറര്‍ മേഖലയില്‍ എന്തെങ്കിലും പുതുമ കൊണ്ടുവരാന്‍ കഴിയുക എന്നതൊരു നല്ല കാര്യമാണ്.. പറയുന്ന കഥ പഴയതാണെങ്കിലും അത് അവതരിപ്പിക്കുന്ന രീതിയിലുള്ള പുതുമ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കാരണമാകും. ബ്ലെയര്‍ വിച്ച് പ്രൊജക്റ്റ്‌, പാരനോര്‍മല്‍ ആക്ടിവിറ്റി തുടങ്ങിയ ചിത്രങ്ങള്‍ അങ്ങനെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവ ആണ്. ഇത്തരത്തില്‍ വ്യത്യസ്തമായൊരു ആഖ്യാനശൈലിയിലൂടെ ശ്രദ്ധ നേടിയ പുതിയൊരു ചിത്രമാണ് അണ്‍ഫ്രണ്ടഡ്. Levan Gabriadze സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത് Shelley Hennig, Moses Jacob, Renee Olstead, Will Peltz തുടങ്ങിയവരാണ്.
തന്റെ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്ക് ആയതിനെത്തുടര്‍ന്ന് പരിഹാസം സഹിക്കവയ്യാതെ ലോറ എന്ന കൗമാരക്കാരി ആത്മഹത്യ ചെയ്യുന്നു. കുറച്ചുനാളുകള്‍ക്കുശേഷം ലോറയുടെ സുഹൃത്തുക്കള്‍ ചേര്‍ന്നുനടത്തുകയായിരുന്ന ഒരു സ്കൈപ്പ് ഗ്രൂപ്പ് കോളില്‍ അജ്ഞാതനായ ഒരു യൂസര്‍ ജോയിന്‍ ചെയ്യുന്നു. പിന്നീട് വിചിത്രവും ഞെട്ടിപ്പിക്കുന്നവയുമായ പല മെസ്സേജുകളും അവര്‍ക്ക് ലോറയുടെ അക്കൌണ്ടില്‍നിന്ന് ലഭിക്കുകയും മറ്റും ചെയ്യുന്നു. ആരാണിത് ചെയ്യുന്നത്, എന്തിനാണിത് ചെയ്യുന്നത് എന്ന ചോദ്യങ്ങളുമായി പരിഭ്രാന്തരായി ഇരിക്കുന്ന അവര്‍ക്കുമുന്നില്‍ പിന്നീട് അരങ്ങേറിയത് അവിശ്വസനീയമായ സംഭവങ്ങളായിരുന്നു..
ഒന്നര മണിക്കൂറോളമുള്ള ഈ ചിത്രം ഒരു കമ്പ്യൂട്ടര്‍ സ്ക്രീനിലാണ് ആദ്യാവസാനം നടക്കുന്നത്. പ്രത്യേകിച്ച് ഒരു special effectsഓ, പശ്ചാത്തലസംഗീതമോ ഒന്നുമില്ലാതെ ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിച്ചു എന്നതുതന്നെയാണ് ചിത്രത്തിന്‍റെ വിജയം. ചിലയിടത്തൊക്കെ അല്ലറചില്ലറ ലോജിക്കല്‍ പിഴവുകള്‍ ഉണ്ടെങ്കിലും വ്യത്യസ്തമായ ഒരു ശ്രമം എന്ന നിലയില്‍ അതൊക്കെ കണ്ടില്ലെന്നു നടിക്കുക എളുപ്പമാണ്.
സംവിധായകന് പ്രഥമദൃഷ്‌ട്യാ അധികം പണിയൊന്നും ഇല്ലെന്നു തോന്നുമെങ്കിലും ഒന്നാലോചിച്ചാല്‍ സംവിധായകനും, ഒപ്പം തന്നെ എഡിറ്ററും നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാവും. മുഴുവനായി സ്കൈപ്പ്, ഫേസ്ബുക്ക്‌, യുട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 2014ലെ ഫന്റാസിയ festivalല്‍ പ്രദര്‍ശിപ്പിച്ച ചിത്രം Universal Studiosന്റെ ശ്രദ്ധ ആകര്‍ഷിക്കുകയും അവര്‍ റൈറ്റ്സ് വാങ്ങി ഈ ചിത്രം റിലീസ് ചെയ്യുകയും ആയിരുന്നു ചെയ്തത്.
ഏതാണ്ട് പത്തുലക്ഷം ഡോളര്‍ മുടക്കുമുതലില്‍ നിര്‍മിച്ച ഈ ചിത്രം മൂന്നുകോടിയില്‍ അധികം ഡോളര്‍ കളക്ഷന്‍ നേടിക്കൊണ്ട് ഇപ്പോഴും നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ പേര്‍സണല്‍ ചാറ്റുകളും മറ്റും കാണാനുള്ള, സ്വകാര്യതയിലേക്ക് എത്തിനോക്കാനുള്ള മനുഷ്യന്റെ ത്വരതന്നെയായിരിക്കാം ഈ നിറഞ്ഞ സദസ്സിനുള്ള കാരണങ്ങളില്‍ ഒന്നും. ഇത്തരം ചിത്രങ്ങള്‍ സിനിമ സ്വപ്നം കാണുന്നവര്‍ക്ക് ഒരു പ്രചോദനമാണ്, നിങ്ങളുടെ ആശയം എന്തുമായിക്കൊള്ളട്ടെ, പ്രേക്ഷകരെ ആകര്‍ഷിക്കും വിധം അതിനെ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ വിജയം നിങ്ങള്‍ക്കുള്ളതാണ്.. ഇത്തരം പരീക്ഷണചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.
#ShyamNTK

No comments:

Post a Comment