Friday, May 8, 2015

Piku Movie Review

പിക്കു (Piku, 2015, Hindi)
Piku Movie Poster
യഹാം, വിക്കി ഡോണര്‍, മദ്രാസ്‌ കഫേ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പിക്കു. വിക്കി ഡോണറും മദ്രാസ്‌ കഫേറും രചിച്ച ജൂഹി ചതുര്‍വേദിതന്നെയാണ് ഈ ചിത്രവും രചിച്ചിരിക്കുന്നത്. ദീപികാ പദുക്കോണ്‍, അമിതാഭ് ബച്ചന്‍, ഇര്‍ഫാന്‍ ഖാന്‍, മൗഷ്‌മി ചാറ്റര്‍ജി തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഡല്‍ഹിയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന പിക്കു എന്ന യുവതിയുടെയും അവരുടെ അച്ഛനായ ഭാസ്കൊര്‍ ബാനര്‍ജിയുടെയും ജീവിതങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. വാശിക്കാരനും നിര്‍ബന്ധബുദ്ധിക്കാരനുമായ ഭാസ്കൊറിന്റെ സ്വഭാവം കുറച്ചുകൂടെ harsh ആയാല്‍ എങ്ങനെയിരിക്കും, അതാണ്‌ പിക്കു. തുടര്‍ച്ചയായി മലബന്ധം അലട്ടുന്നതിനാല്‍ അസ്വസ്ഥനായ ഭാസ്കൊറിന്റെ ഏറ്റവും വലിയ സ്വപ്നം തടസ്സങ്ങള്‍ ഒന്നുമില്ലാതെ സുഖകരമായ ഒരു വിസര്‍ജനമാണ്. ആ അനുഭൂതിയ്ക്കായി പല പരിശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. അതിനിടെ ബംഗാളില്‍ ഉള്ള തങ്ങളുടെ തറവാടുവീട് സന്ദര്‍ശിക്കാനായി പിക്കുവും ഭാസ്കൊറും ഡല്‍ഹിയില്‍ നിന്ന് ബംഗാളിലേക്ക് ഒരു യാത്ര പോവുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രം.
നല്ല ഭക്ഷണം കഴിക്കുന്നതുപോലെത്തന്നെ ആനന്ദകരമാണ് നല്ലരീതിയിലുള്ള വിസര്‍ജനം ഉണ്ടാവുന്നതും. പൊതുവേ ചര്‍ച്ചചെയ്യാന്‍ ആളുകള്‍ മടിക്കുമെങ്കിലും ഒരുവിധം എല്ലാ മനുഷ്യരിലും സന്തോഷം ഉളവാക്കുന്ന ഒരു കാര്യമാണത്. അങ്ങനെയുള്ള ഒരു വിഷയത്തില്‍ ഒരു മനോഹരമായ ചിത്രം തയ്യാറാക്കിയതില്‍ ഷൂജിത് സര്‍ക്കാറിനെയും ജൂഹി ചതുര്‍വേദിയെയും എത്ര അഭിനന്ദിച്ചാലും കുറയില്ല. പ്രത്യേകിച്ച് ട്വിസ്റ്റുകളോ ഒന്നും ഇല്ലാതെതന്നെ പ്രേക്ഷകന്റെ മനസ്സുനിറയ്ക്കുന്ന വളരെ നല്ലൊരു അനുഭൂതിയാണ് ചിത്രം നല്‍കുന്നത്. പല ഡയലോഗുകളും വളരെ മികച്ചുനിന്നു. ആദ്യപകുതിയില്‍ ചിലയിടത്തെങ്കിലും തകരാന്‍ സാധ്യത ഉണ്ടോ എന്ന ചെറിയ സംശയം ഉണ്ടാക്കാമെങ്കിലും മുന്നോട്ടുപോകുംതോറും കൂടുതല്‍ കൂടുതല്‍ നന്നായ ചിത്രം ഒടുവില്‍ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു ക്ലൈമാക്സും നല്‍കുന്നുണ്ട്. വളരെ നല്ലൊരു feel ആണ് ചിത്രം നല്‍കുന്നത്. മലയാളത്തിലെ ഒരു ചെറുപുഞ്ചിരിയൊക്കെ കണ്ട ഒരു ഫീല്‍.
പ്രധാനനടീനടന്മാരുടെ മനോഹരമായ പ്രകടനങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരു plus point. ദീപികാ പദുക്കോണ്‍ വളരെ നല്ലൊരു വേഷത്തില്‍ തിളങ്ങി. ശരിക്കും മികച്ചൊരു പ്രകടനമായിരുന്നു പിക്കുവായി അവര്‍ കാഴ്ചവെച്ചത്. തുടക്കം മുതല്‍ ഒരുവിധം എല്ലാ ഫ്രെയിമുകളിലും നിറഞ്ഞുനിന്ന പിക്കുവിനെ അവര്‍ വളരെ പക്വമായ രീതിയില്‍ ആണ് അവതരിപ്പിച്ചത്. പിക്കുവിന്റെ അച്ഛനായി അമിതാഭ് ബച്ചനും ഒട്ടും പിറകിലായിരുന്നില്ല. ഈ പ്രായത്തിലും സൂക്ഷ്മാഭിനയത്താല്‍ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. താരതമ്യേന ഇവര്‍ രണ്ടുപേരെക്കാളും ഒരിത്തിരി പ്രാധാന്യം കുറഞ്ഞ വേഷമായിരുന്നു ഇര്‍ഫാന്‍ ഖാന്റെതെങ്കിലും അദ്ദേഹവും തന്റെ വേഷം മികച്ചതാക്കി. മൗഷ്‌മി ചാറ്റര്‍ജിയുടെ ആന്റി വേഷം അവര്‍ രസകരവും സ്വാഭാവികവുമാക്കി. മറ്റുവേഷങ്ങള്‍ ചെയ്ത രഘുബീര്‍ യാദവ്, വേലക്കാരന്റെ വേഷത്തില്‍ എത്തിയ പേരറിയാത്ത നടന്‍ തുടങ്ങി എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു. അനുപം റോയുടെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡിനോട് ഇണങ്ങുന്നതായിരുന്നു. കമല്‍ജിത് നേഗിയുടെ ഛായാഗ്രഹണവും നന്നായി.
കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ലാത്ത ഒരു കൊച്ചുചിത്രമാണിത്. പ്രേക്ഷകന്റെ കണ്ണും മനസ്സും നിറയ്ക്കുന്ന ഒരു മനോഹരമായ ദൃശ്യാനുഭവം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment